നിറപ്പകിട്ടാര്‍ന്ന ഫുട്ബോള്‍ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങ്. ഗായകന് റോബി വില്ല്യംസ് കളത്തിന് നടുവില്‍ പാട്ടും ആട്ടവുമായി ആഘോഷമാക്കുന്നു. എന്നാല്‍ ഇതിനിടയില്‍ അരികിലേക്ക് എത്തിയ ടിവി ക്യാമറ നോക്കി ഗായകന് മധ്യവിരല്‍ ഉയര്‍ത്തിക്കാണിച്ചപ്പോള്‍ പ്രേക്ഷകര്‍ ഞെട്ടി. കോടിക്കണക്കിന് പ്രേക്ഷകര്‍ ഉദ്ഘാടന ചടങ്ങ് ടിവിയില്‍ കാണവെയാണ് റോബി വില്ല്യംസിന്റെ അശ്ലീല ആംഗ്യം.
എന്നാല്‍ പൊതു ചടങ്ങുകളില്‍ മോശം ഭാഷ ഉപയോഗിക്കുന്നത് നിരോധിച്ച് കൊണ്ടുള്ള നിയമം നിലനില്‍ക്കുന്ന റഷ്യന്‍ മണ്ണിലെ ഈ പ്രകടനം മൂലം ഇദ്ദേഹത്തില്‍ നിന്നും പിഴ ഈടാക്കാന്‍ വഴിയൊരുങ്ങിക്കഴിഞ്ഞു. 2500 റൂബിള്‍ ഏകദേശം 42 പൗണ്ടാണ് വ്യക്തികള്‍ക്ക് നല്കുന്ന പിഴ. ബിസിനസ്സുകളില്‍ നിന്നും 50,000 റൂബിളും ഈടാക്കും.
സിനിമകളില്‍ ഇത്തരം വാക്പ്രയോഗങ്ങളും അശ്ലീല ആംഗങ്ങളും ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി വരികയാണ്. ലുസ്നികി സ്റ്റേഡിയത്തില്‍ വെച്ചാണ് ഗായകന്റെ പ്രകടനം നടന്നത്. സംഗതി കണ്ടതോടെ ട്വിറ്ററില്‍ ആളുകള്‍ ഞെട്ടല്‍ രേഖപ്പെടുത്താനുള്ള തിരക്കിലായി. ജനങ്ങളെ ഉദ്ദേശിച്ചാണോ ഗായകന്റെ ഈ ആംഗ്യമെന്നാണ് ആളുകളുടെ ചോദ്യം.
ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യ 5 ഗോളുകള്‍ക്ക് സൗദി അറേബ്യയെ പരാജയപ്പെടുത്തി.