റിയോ ഡി ജനീറോ: തങ്ങളുടെ പ്രിയപ്പെട്ട ടീമുകള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാനായി തെരുവുകള്‍ക്കും, വീടുകള്‍ക്കും നിറങ്ങള്‍ പകരുന്നത് ലോകകപ്പ് എത്തുമ്പോഴും സ്ഥിരം കാഴ്ചയാണ്. എന്നാല്‍ ഇതിന് നേര്‍വിപരീതവും വ്യത്യസ്തവുമായ കാഴ്ചയാണ് ബ്രസീലില്‍ നിന്നും പുറത്തുവരുന്നത്.
ഫുട്ബോളിന്റെ വന്യതയെ നെഞ്ചേറ്റുന്ന സൗത്ത് അമേരിക്കന്‍ രാജ്യമായ ബ്രസീലിലാണ് ഒരു തെരുവിന് അര്‍ജന്റീനയുടെ നിറങ്ങള്‍ നല്‍കിയത്. പിയാവു സ്റ്റേറ്റിലെ ടെറെസിന സിറ്റിയിലാണ് ബ്രസീല്‍ ആരാധകരുടെ ഈ അര്‍ജന്റൈന്‍ പ്രേമം. ബ്രസീല്‍ ദേശീയ ടീമിനും, രാജ്യത്തെ രാഷ്ട്രീയ അവസ്ഥയ്ക്കും എതിരെ പ്രതിഷേധിക്കാനാണ് ഇവിടുത്തെ ആളുകള്‍ ചിരവൈരികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്.
2014ല്‍ ജര്‍മ്മനിയോട് 7-ന് തോറ്റതിന് ശേഷമാണ് ഒരാളുടെ തലയില്‍ ഈ ബുദ്ധി ഉദിച്ചത്. പിന്നീട് രാഷ്ട്രീയ പ്രശ്നങ്ങള്‍ ശക്തിയാര്‍ജ്ജിച്ചതോടെ പ്രദേശത്തെ ആളുകള്‍ ഇതിനെ പിന്തുണച്ചു. ഇതോടെയാണ് രാജ്യത്തെ അഴിമതിക്കെതിരെ ഈ തരത്തില്‍ പ്രതിഷേധം അറിയിക്കാന്‍ ഇവര്‍ തീരുമാനിച്ചത്. ഒരാള്‍ സ്വന്തം നിലയില്‍ ആരംഭിച്ച പ്രതിഷേധം അയല്‍ക്കാര്‍ ഏറ്റെടുത്തതോടെ ബ്രസീലിലെ ഈ തെരുവ് അര്‍ജന്റീനയുടെ നിറത്തില്‍ മുങ്ങി.