ചെറുപ്പക്കാര്‍ നിറഞ്ഞ ഒരു ടീം ലോകകപ്പില്‍ പോയി എന്ത് ചെയ്യാനാണ്? ഇതാണ് ഇംഗ്ലീഷ് ഫുട്ബോള്‍ ടീമിനെ തെരഞ്ഞെടുത്തപ്പോള്‍ ഉയര്‍ന്നുകേട്ട പഴി. എന്നാല്‍ സന്നാഹമത്സരത്തില്‍ പ്രകടിപ്പിച്ച് വിളംബരം ചെയ്ത മികവ് റഷ്യന്‍ മണ്ണിലെ ആദ്യ പോരാട്ടത്തിലും ആവര്‍ത്തിച്ചപ്പോള്‍ ടുണീഷ്യക്കെതിരെ 2-1ന് വിജയിച്ച് ഇംഗ്ലണ്ട് വിജയം ആഘോഷിച്ചു. ക്യാപ്റ്റന്‍ ഹാരി കെയിന്‍ തന്നെയാണ് ഈ മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ രക്ഷകനായി മാറിയത്. മത്സരം സമനിലയിലേക്ക് നീങ്ങവെ ഇഞ്ചുറി ടൈമിലാണ് കെയിന്റെ കിടിലന്‍ ഹെഡര്‍ വിജയത്തിലേക്ക് വഴിയൊരുക്കിയത്.
കോച്ച് ഗാരെത് സൗത്ത്ഗേറ്റിന്റെ ചുണക്കുട്ടികള്‍ തുടക്കം ഒട്ടും മോശമാക്കിയില്ലെന്ന് വേണം പറയാന്‍. പ്രത്യേകിച്ച് ആദ്യ മണിക്കൂറില്‍ ഇംഗ്ലണ്ട് പതിവില്ലാത്ത വിധത്തില്‍ അക്രമിച്ച് കളിക്കുകയും ചെയ്തു. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വിജയിക്കുന്ന പതിവില്ലാത്ത ഇംഗ്ലണ്ട് ഇക്കുറി അത് തിരുത്തി എഴുതി. 2006 ലോകകപ്പില്‍ പരാഗ്വേയ്ക്ക് എതിരെയാണ് ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ഇതിന് മുന്‍പുള്ള വിജയം. ആദ്യ പകുതിയില്‍ തന്നെ ടുണീഷ്യന്‍ ഗോള്‍കീപ്പര്‍ മൗവെസ് ഹസന് പരുക്കേറ്റ് മടങ്ങുകയും ചെയ്തു. കോര്‍ണര്‍ കിക്കില്‍ നിന്നുമുള്ള ഹെഡര്‍ ഗോളി ഹസന് വമ്പന്‍ സേവിലൂടെ തടഞ്ഞെങ്കിലും പന്ത് ചെന്നുകയറിയത് ഹാരി കെയിന്റെ കാലുകളിലേക്കാണ്. ഗോളിയെ നിശബ്ദനാക്കിക്കൊണ്ട് കെയിന്‍ വലയിലേക്ക് ചെത്തിയിട്ടപ്പോള്‍ ഇംഗ്ലണ്ട് ഒരു ഗോളിന് മുന്നില്‍. ഇതിന് പിന്നാലെയായിരുന്നു ഹസന്റെ മടക്കം.
പക്ഷെ രണ്ടാം പകുതി അവസാനിക്കും മുന്‍പ് തന്നെ യുവത്വത്തിന്റെ ചോരത്തിളപ്പ് കാണിച്ചതിന് ഇംഗ്ലണ്ട് പണി വാങ്ങി. 33-ാം മിനിറ്റില്‍ കൈലി വാക്കര്‍ പെനാല്‍റ്റി ബോക്സിനുള്ളില്‍ വെച്ച് ടുണീഷ്യയുടെ ഫാക്രെദിന് ബെന്‍ യൂസഫിനെ എല്‍ബോ ചെയ്തതിന് ശിക്ഷ ഏറ്റുവാങ്ങി. പെനാല്‍റ്റി കിക്ക് കൃത്യമായി വലയിലെത്തിച്ച് ഫെര്‍ജാനി സാസി സ്കോര്‍ 1-1ലേക്ക് എത്തിച്ചു. രണ്ടാം പകുതിയില്‍ ടുണീഷ്യ ഉണര്‍ന്നുകളിച്ചു. പക്ഷെ വിധിയെഴുതുന്ന ഗോള്‍ പിറക്കാന്‍ ഇഞ്ചുറി ടൈം വരെ കാത്തിരിക്കേണ്ടി വന്നു.
സമനിലയില്‍ കളി തീരുമെന്ന് ഭയന്ന് ഇരിക്കവെ കിട്ടിയ കോര്‍ണറില്‍ തലവെച്ച ഹാരി മാഗ്വിറിന്റെ ഹെഡര്‍ നേരെ ഹാരി കെയിന്റെ തലയിലേക്ക്. അത് കൃത്യമായി ടുണീഷ്യന്‍ വലയിലേക്ക് വഴിതിരിച്ച് വിട്ടതോടെ 2-1ന് ഇംഗ്ലണ്ട് വിജയം ആഘോഷിച്ചു. ഞായറാഴ്ച ഗ്രൂപ്പ് ജി'യിലെ അടുത്ത മത്സരത്തില്‍ പനാമയ്ക്ക് എതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം.