CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 12 Minutes 26 Seconds Ago
Breaking Now

ബ്രക്‌സിറ്റില്‍ പാര്‍ലമെന്റിന് വോട്ടവകാശം വേണം; തെരേസ മേയ്ക്ക് പുതിയ പരാജയം സമ്മാനിച്ച് പിയേഴ്‌സ്; ടോറി വിമതര്‍ക്കൊപ്പം ചേര്‍ന്ന് അട്ടിമറിക്കാന്‍ ശ്രമം; കോമണ്‍സില്‍ പ്രധാനമന്ത്രിക്ക് അഗ്നിപരീക്ഷ

തെരഞ്ഞെടുക്കപ്പെടാത്ത അംഗങ്ങള്‍ ഇത്രയും സുപ്രധാനമായ കാര്യത്തില്‍ ഭേദഗതികള്‍ അടിച്ചേല്‍പ്പിക്കുന്നതാണ് സര്‍ക്കാരിന് കനത്ത ക്ഷീണമാകുന്നത്

തെരേസ മേയുടെ ബ്രക്‌സിറ്റ് ബില്ലില്‍ വമ്പന്‍ തോല്‍വി സമ്മാനിച്ച് ഹൗസ് ഓഫ് ലോര്‍ഡ്‌സ്. യൂറോപ്യന്‍ യൂണിയനുമായി കരാര്‍ ഏര്‍പ്പെടാത്ത സാഹചര്യം നേരിട്ടാല്‍ പാര്‍ലമെന്റിന് ഇക്കാര്യത്തില്‍ വോട്ട് രേഖപ്പെടുത്താനുള്ള അവകാശം നല്‍കണമെന്നാണ് ലോര്‍ഡ്‌സ് തീരുമാനിച്ചത്. പ്രധാനമന്ത്രിയുടെ ബ്രക്‌സിറ്റ് ബില്ലിന് ഏല്‍ക്കുന്ന വമ്പന്‍ തിരിച്ചടിയാണിത്. ബ്രിട്ടീഷ് ജനതയോട് വിശ്വാസ്യത പുലര്‍ത്തണമെന്നും, ഇയു വിത്‌ഡ്രോവല്‍ ബില്‍ കൃത്യമായി നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് സഹായം നല്‍കണമെന്നുമുള്ള പ്രധാനമന്ത്രിയുടെ ആവശ്യം ഹൗസ് ഓഫ് ലോര്‍ഡ്‌സ് തള്ളി. 

ബ്രക്‌സിറ്റ് ഒരു ദേശീയ ദുരന്തമാണെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് വിസ്‌കൗണ്ട് ഹെയില്‍ഷാം തീപാറുന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ജനുവരി അവസാനത്തോടെ കരാര്‍ എത്തിയില്ലെങ്കില്‍ പാര്‍ലമെന്റിന് അഭിപ്രായം രേഖപ്പെടുത്താന്‍ അവസരം നല്‍കുമെന്ന മന്ത്രിമാരുടെ വാഗ്ദാനം പാലിക്കപ്പെട്ടില്ല. ഇതോടെയാണ് നടപടിയെടുക്കാന്‍ നിര്‍ബന്ധിതമായതെന്ന് വിസ്‌കൗണ്ട് വ്യക്തമാക്കി. ഇദ്ദേഹം മുന്നോട്ട് വെച്ച ഭേദഗതിയെ ലോര്‍ഡ്‌സ് അംഗങ്ങള്‍ പിന്തുണച്ചു. ഇതോടെ ബുധനാഴ്ച പാര്‍ലമെന്റില്‍ തെരേസ മേയും, ടോറി വിമതരും തമ്മിലുള്ള പോരാട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചുകഴിഞ്ഞു. 

എന്നാല്‍ ബ്രക്‌സിറ്റിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഭേദഗതിയിലൂടെ നടത്തുന്നതെന്നാണ് വിമര്‍ശനം. വിവാദ ഭേദഗതി 235നെതിരെ 354 വോട്ടുകള്‍ക്കാണ് ഹൗസ് ഓഫ് ലോര്‍ഡ്‌സ് പാസാക്കിയത്. ഇനിയുള്ള മണിക്കൂറുകളില്‍ ടോറി ബാക്ക്‌ബെഞ്ചേഴ്‌സില്‍ നിന്നും ഉയരാന്‍ ഇടയുള്ള വിമത നീക്കത്തെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കാണ് തെരേസ മേയ് നിര്‍ബന്ധിതയായത്. 13 പേരുടെ മാത്രം ഭൂരിപക്ഷത്തിലാണ് നിലവില്‍ മേയ് നിലനില്‍ക്കുന്നത്. കുറച്ച് എംപിമാര്‍ മറുകണ്ടം ചാടിയാല്‍ നാണംകെട്ട തോല്‍വിയാകും ഫലം. പാര്‍ലമെന്റിന്റെ അഭിപ്രായം തേടി കരാര്‍ ഉറപ്പാക്കാന്‍ ശ്രമിക്കുന്നത് ചര്‍ച്ചകളെ ബാധിക്കുമെന്നതാണ് അവസ്ഥ. 

തെരഞ്ഞെടുക്കപ്പെടാത്ത അംഗങ്ങള്‍ ഇത്രയും സുപ്രധാനമായ കാര്യത്തില്‍ ഭേദഗതികള്‍ അടിച്ചേല്‍പ്പിക്കുന്നതാണ് സര്‍ക്കാരിന് കനത്ത ക്ഷീണമാകുന്നത്. സ്വന്തം പാര്‍ട്ടിയിലെ വിമതരെ ഒതുക്കിയില്ലെങ്കില്‍ തെരേസ മേയ് കുരുക്കിലാകുമെന്ന് ഉറപ്പ്. 




കൂടുതല്‍വാര്‍ത്തകള്‍.