ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാന്‍ ടിക്കറ്റ് കിട്ടിയില്ലെന്ന് പറഞ്ഞാല്‍ സമാധാനമുണ്ട്. സംഗതി തികച്ചും സ്വാഭാവികം. എന്നാല്‍ ഫുട്ബോള്‍ കാണാനെത്തിയ ജനങ്ങള്‍ക്ക് കുടിക്കാന്‍ ബിയര്‍ ലഭ്യമല്ലെന്ന് കേട്ടാലോ! സംഗതി കുറച്ച് വെറൈറ്റി തന്നെ!
റഷ്യയില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പ് വേദിയിലാണ് ബാറുകളും, റെസ്റ്റൊറന്റുകളും ബിയര്‍ ക്ഷാമം നേരിടുന്നത്. വന്‍തോതില്‍ ആവശ്യക്കാര്‍ എത്തിയതോടെയാണ് ബിയര്‍ നല്കാന് കഴിയാതെ ഇവര്‍ വിയര്‍ക്കുന്നത്. പുതിയ സപ്ലൈ എത്തിക്കാന്‍ ഏറെ കാത്തിരിക്കേണ്ട അവസ്ഥയുണ്ട്.
ലോകകപ്പ് എത്തിയതോടെ മോസ്കോയിലെ തെരുവുകള്‍ ആട്ടവും പാട്ടും ബിയര്‍ അടിയും കൊണ്ട് ആകെ ആഘോഷത്തിലാണ്. ക്രെംലിന്, റെഡ് സ്ക്വയര്‍ എന്നിവിടങ്ങളിലെ ബാറുകളും, റെസ്റ്റൊറന്റുകളും തിങ്ങിനിറയുന്നതാണ് അവസ്ഥ. എല്ലാവരും കുടിച്ച് കൂത്താടുമ്പോള്‍ സപ്ലൈ കൃത്യമാക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണെന്ന് മേഖലയിലെ ജോലിക്കാര്‍ പറഞ്ഞു.
ലോകകപ്പ് പ്രമാണിച്ച് ആവശ്യക്കാര്‍ ഉയര്‍ന്നതായി കാള്‍സ്ബെര്‍ഗിന്റെ റഷ്യന്‍ വിഭാഗം വ്യക്തമാക്കി. ഹെയിന്കെയിനും സമാനമായ അവസ്ഥയിലാണ്. ബിയറടിക്കാന്‍ ആളുകള്‍ ബാര്‍ തിരക്കി നടപ്പാണെന്നാണ് കേള്‍വി.