CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 24 Minutes 36 Seconds Ago
Breaking Now

യുകെ മലയാളികളുടെ വഴികാട്ടിയായ അബ്രഹാം ജോര്‍ജ്ജിന് നാളെ അന്ത്യയാത്രയേകും; ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നത് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ യുകെയുടെ ഡൊണേഷന്‍ ബോക്‌സ് വഴി മതി; പൊതുദര്‍ശനം ഷെഫീല്‍ഡ് സെന്റ് പാട്രിക്‌സ് ചര്‍ച്ചില്‍

പൊതുദര്‍ശനത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള സുഹൃത്തുക്കള്‍ എത്തിച്ചേരും

യുകെ മലയാളി സമൂഹത്തിന് അളവറ്റ സംഭാവനകള്‍ നല്‍കിയ അബ്രഹാം ജോര്‍ജ്ജിന് നാളെ യാത്രാമൊഴി. ഷെഫീല്‍ഡ് സെന്റ് പാട്രിക്‌സ് കാത്തലിക് ദേവാലയത്തില്‍ രാവിലെ ഒന്‍പത് മുതല്‍ 11.30 വരെ പൊതുദര്‍ശനത്തിന് വെയ്ക്കും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിടികൂടിയ പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനോട് പടപൊരുതിയാണ് അബ്രഹാം ജോര്‍ജ്ജ് ഇതുവരെ ജീവിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഷെഫീല്‍ഡ് ഹോസ്പിറ്ററില്‍ ഈ പോരാട്ടം അവസാനിപ്പിച്ചത്.

പൊതുദര്‍ശനത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള സുഹൃത്തുക്കള്‍ എത്തിച്ചേരും. ആദരാജ്ഞലികള്‍ അര്‍പ്പിക്കാനെത്തുന്നവര്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ യുകെയുടെ ഡൊണേഷന്‍ ബോക്‌സിലേക്ക് സംഭാവന നല്‍കി റീത്തിനും മറ്റുമുള്ള ചെലവുകള്‍ ഒഴിവാക്കണമെന്ന് കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു. അന്ത്യയാത്രയുടെ ദൃശ്യങ്ങള്‍ തത്സമയം സംപ്രേക്ഷണം നടത്തും.

ക്യാന്‍സര്‍ രോഗത്തോട് പൊരുതി വിടവാങ്ങിയവരുടെ കൂട്ടത്തിലേക്കാണ് യുകെയിലേക്ക് കുടിയേറിയ രണ്ടാം തലമുറയില്‍ പെടുന്ന മലയാളി സമൂഹത്തിന്റെ അമരക്കാരനായ അബ്രഹാം ജോര്‍ജ്ജ് എത്തിച്ചേരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശരീരത്തില്‍ ക്ഷണിക്കപ്പെടാതെ കടന്നെത്തിയ പ്രോസ്റ്റേറ്റ് ക്യാന്‍സറാണ് 64-ാം വയസ്സില്‍ അബ്രഹാമിനെ കീഴടങ്ങിയത്.

മലയാളി സമൂഹത്തിന് ബ്രിട്ടീഷ് മണ്ണില്‍ ഒരു വഴികാട്ടിയുടെ റോള്‍ ഏറ്റെടുത്ത വ്യക്തിത്വം കൂടിയാണ് അബ്രഹാം ജോര്‍ജ്ജ്. അസുഖം ശരീരത്തില്‍ കടന്നുകൂടിയിട്ടും തന്റേതായ പ്രവര്‍ത്തനങ്ങളില്‍ നിന്നും അകന്നുനില്‍ക്കാതെ വിധിയെ കുറച്ച് കാലത്തേക്കെങ്കിലും തടഞ്ഞുനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു.

കോഴഞ്ചേരി തെക്കേമലയിലെ വരാമണ്ണില്‍ കുടുംബാംഗമായ അബ്രഹാം ജോര്‍ജ്ജ് സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവകാംഗമാണ്. ഭാര്യ സൂസന്‍ ജോര്‍ജ്ജ്. ജിപിയായി സേവനം അനുഷ്ടിക്കുന്ന ഡോ. സുജിത്ത് അബ്രഹാം, സിബിന്‍ അബ്രഹാം എന്നിവര്‍ മക്കളും, ഷെറിന്‍, അനു എന്നിവര്‍ മരുമക്കളുമാണ്.

2005ല്‍ ഷെഫീല്‍ഡ് മലയാളി അസോസിയേഷന്റെ അടിസ്ഥാനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് ഇവിടുത്തെ മലയാളി സമൂഹത്തെ ഏകോപിപ്പിച്ച് ഒരു കുടുംബം പോലെ ആക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് അബ്രഹാം ജോര്‍ജ്ജ്. അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ് പദവി ഏറ്റെടുത്ത് വളര്‍ച്ചയിലേക്ക് നയിച്ച ഇദ്ദേഹം യുക്മയുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമാണ്. രോഗം കഠിനമാകുന്നത് വരെ ഷെഫീല്‍ഡ് അസോസിയേഷന്റെ കമ്മിറ്റിയില്‍ സജീവ സാന്നിധ്യമായിരുന്നു.

കേരളത്തിലെ റോട്ടറി ക്ലബിലാണ് അബ്രഹാം ജോര്‍ജ്ജ് തന്റെ പ്രവര്‍ത്തന മേഖല വിപുലമാക്കുന്നത്. അവിടെ നിന്നും നേടിയെടുത്ത അനുഭവസമ്പത്ത് ബ്രിട്ടനിലെ മലയാളി സമൂഹത്തിന് ഗുണകരമായ നേട്ടങ്ങള്‍ സമ്മാനിക്കാന്‍ അദ്ദേഹം പ്രയോജനപ്പെടുത്തി. ഇദ്ദേഹത്തിന്റെ വിടവാങ്ങല്‍ മലയാളി സമൂഹത്തിന്റെ നേതൃത്വത്തില്‍ വലിയ വിടവ് സൃഷ്ടിക്കുന്നതും അതുകൊണ്ട് തന്നെയാണ്. കാലം മായ്ക്കാത്ത സംഭാവനകളാണ് അബ്രഹാം ജോര്‍ജ്ജ് യുകെ മലയാളി സമൂഹത്തിന് സമ്മാനിച്ചത്. അദ്ദേഹത്തിന്റെ സ്മരണകള്‍ യുകെ മലയാളി സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നും സ്വാധീനിച്ച് കൊണ്ടേയിരിക്കും.




കൂടുതല്‍വാര്‍ത്തകള്‍.