കാണാതെ പോയ രണ്ട് വയസ്സുള്ള മകനെ തേടിയ രക്ഷിതാക്കള്‍ക്കും പോലീസിനും സഹായിച്ചത് വീട്ടിലെ വളര്‍ത്തുനായ. മിഷിഗണിലെ രക്ഷിതാക്കളാണ് കുഞ്ഞിനെ കണ്ടെത്താന്‍ കാല്‍പ്പാടുകള്‍ ബാക്കിവെച്ച നായയോട് നന്ദി പറയുന്നത്.
വീട്ടില്‍ നിന്നും അബദ്ധത്തില്‍ പുറത്തിറങ്ങിയ കുഞ്ഞ് പ്രിന്‍സ്റ്റണ്‍ പീക്കിനെ പോലീസ് രക്ഷതാക്കള്‍ക്ക് തിരികെ എത്തിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ ഉറക്കം ഉണരുമ്പോഴാണ് അമ്മ മിഹിയ പെരെസ് കുഞ്ഞിനെ കാണാനില്ലെന്ന് കണ്ടെത്തുന്നത്.
മുന്‍വശത്തെ വാതില്‍ തുറന്ന് കിടക്കുന്ന അവസ്ഥയിലായിരുന്നു. ഇതോടെയാണ് പിതാവ് ഡൊമിനിക് പീക്കും ഭാര്യയും ആശങ്കയിലായത്. അടുത്തുള്ള ഇടത്തൊക്കെ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കുഞ്ഞിനെ ഒരിക്കലും തിരികെ കിട്ടില്ലെന്ന് ആശങ്കപ്പെട്ട് ഇരിക്കവെയാണ് കുടുംബത്തിലെ വളര്‍ത്തുനായ അപ്പോളോ ബാക്കിവെച്ച സൂചന പോലീസിന്റെ കണ്ണില്‍ പെടുന്നത്.
വീടുവിട്ട് കറങ്ങാന്‍ ഇറങ്ങിയ കുഞ്ഞിനൊപ്പം അപ്പോളോ തുടര്‍ന്നു. നായയുടെ കാല്‍പ്പാടുകള്‍ പിന്തുടര്ന്നാണ് പോലീസ് കുഞ്ഞിനെ കണ്ടെത്തിയത്. മരങ്ങള്‍ക്കിടയില്‍ പ്രാണികള്‍ കടിച്ച നിലയിലായിരുന്നു പ്രിന്‍സ്ടണ്‍.
മകനെ രക്ഷപ്പെടുത്തിയതിന് അപ്പോളോയ്ക്ക് നന്ദി പറയുകയാണ് ഈ കുടുംബം. നായ കുഞ്ഞിനൊപ്പം പോയില്ലായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമെന്ന് അത്ഭുതപ്പെടുകയാണ് ഈ കുടുംബം.