കുടുംബത്തിന്റെ പരിപാടിയ്ക്കായി ഒരുക്കിയ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത 28 വയസ്സുള്ള വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് അഞ്ച് പേര്‍ മരിച്ചിരുന്നു. നിറം കറുത്ത് പോയതിന്റെ പേരിലും, പാചകത്തിലെ പോരായ്മകളും മൂലം കുടുംബാംഗങ്ങളും, ബന്ധുക്കളും ജ്യോതി സുരേഷ് സുര്‍വാസിനെ ഭയാനകമായ രീതിയില്‍ കളിയാക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു.
ഈ പരിഹാസങ്ങളില്‍ മനംനൊന്താണ് വീട്ടമ്മ ഈ കടുംകൈ ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. ബന്ധുവായ സുഭാഷ് മാനെയുടെ പുതിയ വീടിന്റെ താമസത്തിന്റെ ഭാഗമായി ഒരുക്കിയ ഭക്ഷണത്തിലാണ് യുവതി കീടനാശിനി കലര്‍ത്തിയത്. ജൂണ്‍ 18ന് മഹാരാഷ്ട്രയിലെ ഖലാസ്പൂരിലുള്ള മഹദ് ഗ്രാമത്തിലായിരുന്നു ചടങ്ങുകള്‍.
വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് മരിച്ചത്. 7 വയസ്സ് മുതല്‍ 13 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ മരിച്ചു. 53 വയസ്സുള്ള മറ്റൊരാളും വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് മരണത്തിന് കീഴടങ്ങി. രണ്ട് ബന്ധുക്കളാണ് മരിച്ചവരുടെ കൂട്ടത്തിലുള്ളത്.
രണ്ട് വര്‍ഷം മുന്‍പാണ് ജ്യോതിയുടെ വിവാഹം നടന്നത്. എന്നാല്‍ കുടുംബാംഗങ്ങള്‍ യുവതിയുടെ കറുത്ത നിറത്തെ പരിഹസിക്കുന്നത് പതിവായിരുന്നു. ഭക്ഷണം ഉണ്ടാക്കുന്നതിന് രുചി പോരെന്ന് പറഞ്ഞും ബുദ്ധിമുട്ടിച്ചിരുന്നു. ഇതിലെ രോഷം മൂലമാണ് കുടുംബത്തിലെ എല്ലാവരെയും കൊല്ലാന്‍ യുവതി പദ്ധതിയിട്ടത്.
ഇതിനായാണ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയത്. പോലീസ് ശേഖരിച്ച ഭക്ഷണത്തിന്റെ സാമ്പിളുകളില്‍ കീടനാശിനി അടങ്ങിയതായി സ്ഥിരീകരിച്ചു. ജ്യോതിയ്‌ക്കെതിരെ കൊലപാത കുറ്റം ചുമത്തിയിട്ടുണ്ട്.