CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 7 Minutes 27 Seconds Ago
Breaking Now

ബ്രക്‌സിറ്റിന് എതിരെയുള്ള രോഷം തീര്‍ത്തത് ഇന്ത്യന്‍ വംശജയായ ലേബര്‍ എംപിയുടെ വായടച്ച് കെട്ടിയ പോസ്റ്ററിലൂടെ; സെക്‌സിസ്റ്റ് പ്രചരണത്തില്‍ മാപ്പ് പറഞ്ഞ് ബ്രക്‌സിറ്റ് വിരുദ്ധ പ്രചാരകര്‍; ഇത് പ്രതിഷേധമോ ഭീഷണിയോ?

കഴിഞ്ഞ മാസം ബ്രക്‌സിറ്റ് ഡീലില്‍ ഹിതപരിശോധന വേണമെന്ന് ആവശ്യപ്പെട്ട വ്യക്തിയാണ് പ്രീത് ഗില്‍

ബ്രക്‌സിറ്റ് അനുകൂലികളും, ബ്രക്‌സിറ്റ് വിരുദ്ധരും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോള്‍ ബ്രിട്ടനില്‍ അരങ്ങേറുന്നത്. മറ്റ് ജനകീയ പ്രശ്‌നങ്ങളെല്ലാം മാറ്റിവെച്ചാണ് കക്ഷിരാഷ്ട്രീയ ഭേദമെന്യെ ഈ പോരാട്ടം അരങ്ങ് തകര്‍ക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ വിധിയെഴുതിയ ചരിത്രപരമായ ബ്രക്‌സിറ്റ് നടപ്പാക്കാതെ കുളംതോണ്ടാന്‍ മറുവിഭാഗം ഇപ്പോഴും ശ്രമിക്കുന്നതാണ് ആശങ്കകള്‍ക്ക് ഇടയാക്കുന്നത്. ഇതിനിടെയാണ് ബ്രക്‌സിറ്റ് കരാറില്‍ അന്തിമതീരുമാനം നല്‍കാന്‍ പാര്‍ലെമന്റിന് അധികാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബ്രക്‌സിറ്റ് വിരുദ്ധര്‍ പ്രചരണം നടത്തുന്നത്. ഇതിന് അവര്‍ ഉപയോഗിച്ചതോ ഇന്ത്യന്‍ വംശയായ ലേബര്‍ എംപിയുടെ ചിത്രവും. 

ലേബര്‍ ഫ്രണ്ട്‌ബെഞ്ചര്‍ പ്രീത് കൗര്‍ ഗില്ലിന്റെ ചിത്രമാണ് ബ്രക്‌സിറ്റ് വിരുദ്ധ പ്രചാരകര്‍ മോശമായ രീതിയില്‍ ഉപയോഗിച്ചത്. സംഭവം വിവാദമായതോടെ മോശമായ, സെക്‌സിസ്റ്റ് പ്രചരണങ്ങള്‍ക്ക് ഇവര്‍ മാപ്പ് പറഞ്ഞു. ലേബര്‍ എംപി പ്രീത് കൗര്‍ ഗില്ലിന്റെ മുഖത്ത് മാസ്‌കിംഗ് ടേപ്പ് ഒട്ടിച്ച് നിശബ്ദമാക്കിയെന്ന മട്ടിലാണ് ബില്‍ബോര്‍ഡ് സ്ഥാപിച്ചത്. ലേബര്‍ വനിതാ എംപിമാര്‍ക്ക് എതിരെയായിരുന്നു പ്രചരണം. എന്നാല്‍ ഇത് തെറ്റായിപ്പോയെന്ന് അവര്‍ ഫ്യൂച്ചര്‍, അവര്‍ ചോയ്‌സ് ഗ്രൂപ്പ് പ്രസ്താവിച്ചു. 

'ആരാണ് പ്രീത് ഗില്‍ എംപിയെ നിശബ്ദയാക്കിയത്? ചെറുപ്പക്കാരെ പിന്തുണയ്ക്കൂ, അന്തിമ ബ്രക്‌സിറ്റ് ഡീലില്‍ ജനങ്ങളുടെ വോട്ടിനെ പിന്തുണയ്ക്കൂ' എന്നാണ് പ്രചരണങ്ങള്‍ക്കായി ഉപയോഗിച്ചത്. ബ്രക്‌സിറ്റ് കരാറിലും ഒരു ഹിതപരിശോധന വേണമെന്നാണ് ഇവരുടെ ആവശ്യം. ലേബര്‍ പാര്‍ട്ടി മേധാവികളുടെ നിര്‍ദ്ദേശം മാനിച്ച് ഷാഡോ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് മിനിസ്റ്റര്‍ നിശബ്ദയായി എന്നായിരുന്നു ആരോപണം. കഴിഞ്ഞ മാസം ബ്രക്‌സിറ്റ് ഡീലില്‍ ഹിതപരിശോധന വേണമെന്ന് ആവശ്യപ്പെട്ട വ്യക്തിയാണ് പ്രീത് ഗില്‍. ജെറമി കോര്‍ബിന്റെ ഉത്തരവ് ലംഘിച്ചായിരുന്നു ഈ നിലപാട്. 

പിന്നീട് കരാറില്‍ പാര്‍ലമെന്റിന് വോട്ട് ചെയ്യാനുള്ള അവകാശം വേണമെന്ന നിലയിലേക്ക് ഇവര്‍ നിലപാട് മാറ്റി. ഇതോടെയാണ് പ്രീത് ഗില്‍ എംപിയെ ആരൊക്കെയോ ചേര്‍ന്ന് നിശബ്ദയാക്കിയതാണെന്ന് ആരോപണം വന്നത്. ഒരു വനിതാ രാഷ്ട്രീയ നേതാവിന്റെ മുഖത്ത് ടേപ്പ് ചുറ്റിയുള്ള പ്രചരണം അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിവിധ നേതാക്കള്‍ വ്യക്തമാക്കി. കൂടാതെ ഇതൊരു ഭീഷണിയാണെന്ന് ഗില്‍ തന്നെ അഭിപ്രായപ്പെട്ടു. ഇതോടെയാണ് സംഘടന മാപ്പ് പറഞ്ഞത്. ഇതിന് പിന്നാലെ ബോര്‍ഡുകള്‍ നീക്കം ചെയ്തു. 




കൂടുതല്‍വാര്‍ത്തകള്‍.