കര്‍ണാടക ; കര്‍ണാടക സൈനീക് സ്കൂളിലെ ശുചിമുറിയില്‍ 14 കാരന്റെ മൃതദേഹം കണ്ടെത്തി. ഒമ്പതാം ക്ലാസുകാരനായ എന്‍ പി ചിങ്കപ്പയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൊടക് ജില്ലയിലെ സൈനീക് സ്കൂളില്‍ ശനിയാഴ്ചയാണ് സംഭവം. മകന്റെ മരണം കൊലപാതകമാണെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.
ഹോക്കി കോച്ചായയ സാഗാന്ദ ടി പുവൈദിന്റെ മകനാണ് മരിച്ച വിദ്യാര്‍ത്ഥി. സ്കൂള്‍ അധികൃതര്‍ ലോക്കല്‍ പോലീസിനെ വിവരം അറിയിക്കാതെ കുട്ടിയുടെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയെന്ന് കുടുംബം ആരോപിച്ചു.
എന്നാല്‍ അബോധാവസ്ഥയില്‍ ശുചിമുറിയില്‍ കിടന്ന വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിച്ചെന്നും അവിടെ വച്ചാണ് മരണം സംഭവിച്ചതെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു. നേരത്തെ അച്ചടക്ക ലംഘനം നടത്തിയതിനെ തുടര്‍ന്ന് ചിങ്കപ്പയെ അധ്യാപകര്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയിരുന്നു. വൈകീട്ട് അബോധാവസ്ഥയില്‍ കണ്ട കുട്ടിയെ ആശുപത്രിയിലെത്തിച്ചെന്നും ലോക്കല്‍ പോലീസുമായി സഹകരിച്ച് കാര്യങ്ങള്‍ ചെയ്തതെന്നും സ്കൂള്‍ പറയുന്നു.
എന്നാല്‍ രക്ഷിതാക്കളുടെ പരാതിയില്‍ വൈസ് പ്രിന്‍സിപ്പലിനെതിരേയും മറ്റ് മൂന്നു ജീവനക്കാര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.