CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 25 Minutes 48 Seconds Ago
Breaking Now

എന്‍എച്ച്എസ് നഴ്‌സിന്റെ ഡബിള്‍ ജീവിതം; ആഡംബര ജീവിതത്തിനായി കൂടോത്രം പ്രയോഗിച്ച് പാവപ്പെട്ട പെണ്‍കുട്ടികളെ പീഡനത്തിനും മനുഷ്യക്കടത്തിനും ഇരകളാക്കി യൂറോപ്പില്‍ വേശ്യാവൃത്തിക്ക് വിറ്റു; ഈ ക്രൂരതയില്‍ നഴ്‌സ് കുറ്റക്കാരിയെന്ന് ബര്‍മിംഗ്ഹാം കോടതി

എന്‍എച്ച്എസ് കാപ്പിറ്റോള്‍ സ്റ്റാഫിംഗ് സര്‍വ്വീസസിനായി ഏജന്‍സി നഴ്‌സായാണ് ഇയാമു പ്രവര്‍ത്തിച്ചിരുന്നത്

കൂടോത്രം എന്ന് കേള്‍ക്കുമ്പോള്‍ അഭ്യസ്തവിദ്യരായ ആളുകള്‍ക്ക് ചിലപ്പോള്‍ പുച്ഛം തോന്നും. അതൊക്കെ വിദ്യാഭ്യാസമില്ലാത്ത പാവങ്ങളെ പറ്റിക്കുന്ന പണിയല്ലേയെന്ന് ചോദിക്കും. പക്ഷെ നമ്മുടെ നാട്ടിലെ ചാത്തന്‍ സേവയ്ക്കായി എത്തുന്ന വമ്പന്‍ ജ്വല്ലറിക്കാരും, സൂപ്പര്‍താരങ്ങളും, രാഷ്ട്രീയക്കാരുമൊക്കെയാണെന്ന സത്യം മറക്കരുത്. ബ്രിട്ടീഷ് ഹോസ്പിറ്റല്‍ നഴ്‌സാണ് ഈ വിദ്യ ഉപയോഗിച്ച് നൈജീരയയില്‍ നിന്നും പെണ്‍കുട്ടികളെ കടത്തി യൂറോപ്പില്‍ വേശ്യകളായി വിറ്റത്. യുകെയിലെ ഇത്തരത്തിലെ ആദ്യ കേസില്‍ എന്‍എച്ച്എസ് നഴ്‌സ് ജോസഫൈന്‍ ഇയാമു കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. 

ഒരു മന്ത്രവാദിയുടെ സേവനമാണ് നഴ്‌സ് ഇതിനായി വിനിയോഗിച്ചത്. തന്റെ ഇരകളെ വിശ്വസിപ്പിക്കാനും, നിയന്ത്രിക്കാനും, ചൂഷണം ചെയ്യാനും ഇയാമു കൂടോത്രത്തെ ഉപയോഗിക്കുകയായിരുന്നു. ആഡംബര ജീവിതത്തിനുള്ള പണം കണ്ടെത്താനായിരുന്നു ഇവരുടെ മനുഷ്യചൂഷണം. അന്താരാഷ്ട്ര തലത്തിലുള്ള മനുഷ്യക്കടത്ത് ക്രിമിനല്‍ ശൃംഖലയുടെ പ്രധാന നേതാവായിരുന്നു ഈ 53-കാരി. നൈജീരിയയില്‍ വമ്പന്‍ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഓരോ ഇരയെയും യൂറോപ്പിലേക്ക് കടത്തുമ്പോള്‍ 30,000 മുതല്‍ 38,000 യൂറോ വരെ ലാഭവും നേടിയിരുന്നു. 

ആഫ്രിക്കയിലെ ചില ദുരാചാരങ്ങളാണ് ഇയാമു ഇതിനായി ഉപയോഗപ്പെടുത്തിയത്. പെണ്‍കുട്ടികളെ ബാധ കയറിയെന്ന് ബോധ്യപ്പെടുത്തി ലിബിയന്‍ തീരത്ത് എത്തിക്കും. ഇവിടെ വെച്ച് കൂട്ട ബലാത്സംഗത്തിന് ഇരകളാക്കി ഇവരുടെ മനസ്സ് തകര്‍ത്ത ശേഷം ഊതിവീര്‍പ്പിച്ച ബോട്ടുകളില്‍ ഇറ്റലിയിലേക്ക് ഇവരെ എത്തിക്കും. പിന്നീട് ജര്‍മ്മനിയിലേക്ക് എത്തിച്ച് വേശ്യകളാക്കുകയായിരുന്നു പതിവ്. കഴിഞ്ഞ ജനുവരിയില്‍ ഒരു വേശ്യാലയ ഉടമ ഒരു ജീവനക്കാരിയുടെ പേപ്പര്‍ വര്‍ക്കുകളില്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് ജര്‍മ്മന്‍ പോലീസ് ഇയാമുവിന്റെ കള്ളക്കളി പുറത്തുകൊണ്ടുവന്നത്. 

നൈജീരിയയില്‍ നിന്നും ബ്രിട്ടനിലേക്ക് യാത്ര ചെയ്യവെയാണ് ഇയാമുവിനെയും, ഭര്‍ത്താവ് എഫെ അലി ഇമാഗദോറിനെയും ഹീത്രൂ വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയത്. ഏഴ് മൊബൈലും, 30 സിം കാര്‍ഡുകളുമാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. എന്‍എച്ച്എസ് കാപ്പിറ്റോള്‍ സ്റ്റാഫിംഗ് സര്‍വ്വീസസിനായി ഏജന്‍സി നഴ്‌സായാണ് ഇയാമു പ്രവര്‍ത്തിച്ചിരുന്നത്. ഇവരുടെ ശിക്ഷ ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതി ജൂലൈ 4ന് പ്രഖ്യാപിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.