Breaking Now

ഞെട്ടി, വിറച്ചു, കീഴടക്കി; ലോകകപ്പില്‍ ഏഷ്യന്‍ ഫുട്‌ബോളിന്റെ മഹത്വം കുറിച്ച് ജപ്പാന്‍ മടങ്ങി; കൈവിട്ട വിജയം പിടിച്ചെടുത്ത് ബെല്‍ജിയം ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ എതിരാളികള്‍

തോറ്റെങ്കിലും ആരുടെയും കനിവ് മാത്രമല്ല തങ്ങളെ പ്രീ ക്വാര്‍ട്ടര്‍ കടത്തിയതെന്ന് വിളംബരം ചെയ്ത് കൊണ്ടാണ് ജപ്പാന്റെ മടക്കം

ചാകാന്‍ കിടക്കുമ്പോള്‍ ഒരിറ്റ് വെള്ളം നല്‍കുന്നതിന്റെ ആശ്വാസം അത് കുടിക്കുന്നവന് മാത്രമല്ല കൊടുക്കുന്നവനും കാണും. ലോകകപ്പില്‍ ജപ്പാനെ അന്ത്യനിമിഷങ്ങളില്‍ വീഴ്ത്തിയ ബെല്‍ജിയത്തിന് പകരക്കാരനായി വന്ന നാസെര്‍ ചാഡ്‌ലിയോട് പറയാനുള്ളത് അത്തരമൊരു നന്ദിയാണ്. രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമാണ് ബെല്‍ജിയം ഏഷ്യന്‍ ടീമില്‍ നിന്നും ജയം പിടിച്ചുവാങ്ങിയത്, സ്‌കോര്‍ 3-2. ഇതോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അഞ്ച് വട്ടം ചാമ്പ്യന്‍മാരായ ബ്രസീലിനെ നേരിടാനുള്ള യോഗ്യതയും ബെല്‍ജിയം കരസ്ഥമാക്കി. 

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം ജപ്പാനാണ് ഗോള്‍ വരള്‍ച്ചയ്ക്ക് അവസാനം കുറിച്ചത്. ഗെന്‍കി ഹരാഗുച്ചി ഗോള്‍വല കുലുക്കിയപ്പോള്‍ ബെല്‍ജിയന്‍ പട ഒരു നിമിഷം സ്തംബ്ധരായി പോയി. തൊട്ടുപിന്നാലെ തകാഷി ഇനുയി സ്‌കോര്‍ 2-0ലേക്ക് കടത്തിയതോടെ ബെല്‍ജിയത്തിന് അപകടമണി മുഴങ്ങി. എന്നാല്‍ അന്ത്യയാമങ്ങളില്‍ വിധി തിരുത്തിക്കുറിക്കാനുള്ള കരുത്ത് ടീമിന് ചോര്‍ന്ന് പോയിരുന്നില്ല. ജാന്‍ വെര്‍ടോഗെന്‍, പകരക്കാരന്‍ മൗറീന്‍ ഫെലാനി എന്നിവര്‍ ജപ്പാന്റെ സ്വപ്‌നത്തിലെ കരടുകളായ ആ ഗോളുകള്‍ സൃഷ്ടിച്ച് ടീമിനെ ഒപ്പത്തിനൊപ്പം എത്തിച്ചു. 

റോസ്‌തോവ് അരീനയില്‍ കളി അധികമസമയത്തേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ച് ഇരിക്കവെ ഇഞ്ചുറി ടൈമില്‍ പകരക്കാരന്‍ ചാഡ്‌ലി സമര്‍ത്ഥമായി നിറയൊഴിച്ചു. തോമസ് നല്‍കിയ ക്രോസ് ലുലാകു കാല്‍തൊടാതെ പിന്നില്‍ ഫ്രീയായി നില്‍ക്കുന്ന ചാഡ്‌ലിയിലേക്ക് പന്തെത്തിച്ചപ്പോള്‍ ഗോള്‍ 3. തിരിച്ചടിക്കാന്‍ സമയം നല്‍കാതെ വീണ ആ ഗോളിന്റെ പിന്‍ബലത്തിലാണ് ജപ്പാനെ വീഴ്ത്തി ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കുതിച്ചത്. മെക്‌സിക്കോയെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് എത്തുന്ന ബ്രസീലാണ് ബെല്‍ജിയത്തിന്റെ എതിരാളികള്‍. 

തോറ്റെങ്കിലും ആരുടെയും കനിവ് മാത്രമല്ല തങ്ങളെ പ്രീ ക്വാര്‍ട്ടര്‍ കടത്തിയതെന്ന് വിളംബരം ചെയ്ത് കൊണ്ടാണ് ജപ്പാന്റെ മടക്കം. ഈ ലോകകപ്പില്‍ നിന്നും ഏഷ്യന്‍ ടീമുകളുടെ അംഗത്വം ഇല്ലാതാക്കിക്കൊണ്ട് ജപ്പാന്‍ യാത്ര ആരംഭിക്കുമ്പോഴും ഫുട്‌ബോള്‍ പ്രേമികള്‍ക്ക് മറക്കാന്‍ കഴിയാത്ത, ബെല്‍ജിയത്തിന്റെ നെഞ്ചിലൊരു മുറിവ് ചേര്‍ത്താണ് അവര്‍ തിരികെയെത്തുന്നത്. 
കൂടുതല്‍വാര്‍ത്തകള്‍.