ഡെര്‍ബി ; ഭാരത ക്രിസ്ത്യാനികളുടെ വിശ്വാസ പിതാവും ക്രിസ്തു ശിഷ്യനുമായ വി. തോമാശ്ലീഹായുടേയും സഹന പുത്രി വി അല്‍ഫോന്‍സാമ്മയുടേയും തിരുന്നാള്‍ ഈ ഞായറാഴ്ച ഡെര്‍ബി സെന്റ് തോമസ് കാത്തലിക് കമ്യൂണിറ്റിയില്‍ ഭക്തിപൂര്‍വ്വം ആചരിക്കുന്നു. ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് ഡെര്‍ബി സെന്റ് ജോസഫ്സ് പള്ളി വികാരി റവ ഫാ ജോണ്‍ ഗ്രെന്ചാര്ഡ് കൊടി ഉയര്‍ത്തുന്നതോടെ തിരു കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും.
നൊവേന പ്രാര്‍ത്ഥനയ്ക്ക് ശേഷം നടക്കുന്ന ആഘോഷമായ വി കുര്‍ബ്ബാനയ്ക്ക് റവ ഫാ ജസ്റ്റിന് കാരക്കാട്ട് എസ്ഡിവി മുഖ്യ കാര്മ്മികനാവുന്നതും വചന സന്ദേശം നല്കുന്നതുമാണ്. വി കുര്‍ബ്ബാനയെ തുടര്‍ന്ന് ആഘോഷമായ തിരുന്നാള്‍ പ്രദക്ഷിണം വിശുദ്ധരുടെ തിരു സ്വരൂപങ്ങളും സംവഹിച്ച് നടത്തപ്പെടും. ലദീഞ്ഞ്, സമാപന പ്രാര്‍ത്ഥനകള്‍ എന്നിവയോടെ തിരുകര്‍മ്മങ്ങള്‍ സമാപിക്കും. തുടര്‍ന്ന് സ്നേഹ വിരുന്ന് നടക്കും.
തിരുന്നാളിനോടനുബന്ധിച്ച് അടിമവയ്ക്കുന്നതിനും കഴുന്ന് എഴുന്നള്ളിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. തിരുന്നാളിന്റെ അവസാന ഘട്ട ഒരുക്കങ്ങള്‍ പ്രീസ്റ്റ് ഇന്‍ചാര്‍ജ്ജ് ഫാ ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാര്, തിരുന്നാള്‍ കമ്മറ്റി അംഗങ്ങള്‍, വാര്‍ഡ് ലീഡേഴ്സ്, മതാധ്യാപകര്‍, വിമെന്‍സ് ഫോറം അംഗങ്ങള്‍, ഗായക സംഘം , വോളണ്ടിയേഴ്സ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. തിരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുചേരുവാനും വിശുദ്ധരുടെ മധ്യസ്ഥം വഴി അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഏവരേയും ഏറെ സ്നേഹത്തോടെ ക്ഷണിക്കുന്നു.
തിരുന്നാള്‍ തിയതി ; ജൂലൈ 8 ഞായര്‍
സമയം ; 2; 00 മണി
അഡ്രസ് ; ബര്ടന് റോഡ്, ഡെര്‍ബി , DE11 TQ
ഫാ ബിജു കുന്നയ്ക്കാട്ട്