Breaking Now

നിപ്പ വൈറസിനെ കീഴടക്കിയ പ്രവര്‍ത്തനങ്ങള്‍ക്ക് പിണറായി വിജയന് അമേരിക്കയില്‍ ആദരം

എച്ച്‌ഐവി രോഗം കണ്ടുപിടിച്ച ശാസ്ത്രജ്ഞരില്‍ ഒരാളും, എലിസ ടെസ്റ്റ് കിറ്റ് വികസിപ്പിക്കുകയും ചെയ്ത ഇന്‍സ്റ്റിറ്റ്യൂട്ട് സഹ സ്ഥാപകന്‍ ഡോ. റോബര്‍ട്ട് സി ഗാലോ മുഖ്യമന്ത്രി പിണറായി വിജയനെ ചടങ്ങില്‍ ആദരിച്ചു.

കേരളത്തില്‍ ആശങ്ക സൃഷ്ടിച്ച നിപ്പാ വൈറസിനെ ഫലപ്രദമായ രീതിയില്‍ തടുത്ത പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരവ് അര്‍പ്പിച്ച് അമേരിക്കയിലെ ബാള്‍ട്ടിമോറിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി. എച്ച്‌ഐവി രോഗം കണ്ടുപിടിച്ച ശാസ്ത്രജ്ഞരില്‍ ഒരാളും, എലിസ ടെസ്റ്റ് കിറ്റ് വികസിപ്പിക്കുകയും ചെയ്ത ഇന്‍സ്റ്റിറ്റ്യൂട്ട് സഹ സ്ഥാപകന്‍ ഡോ. റോബര്‍ട്ട് സി ഗാലോ മുഖ്യമന്ത്രി പിണറായി വിജയനെ ചടങ്ങില്‍ ആദരിച്ചു. ഐഎച്ച്‌വി ക്യാംപസിലായിരുന്നു ചടങ്ങുകള്‍.

മെയ് ജൂണ്‍ മാസങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട നിപ്പാ വൈറസ് കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 18 പേരുടെ ജീവനെടുത്തു. നിലവില്‍ അമേരിക്കന്‍ ടൂറിലാണ് പിണറായി വിജയന്‍. കേരളത്തില്‍ ലോകോത്തര നിലവാരമുള്ള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനാണ് ഈ സന്ദര്‍ശനം.

ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറും സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായി. ഡോ. ഗാലോ, സീനിയര്‍ ഗവേഷകര്‍, ശാസ്ത്രജ്ഞര്‍ എന്നിവരുമായി പിണറായി വിജയന്‍ ചര്‍ച്ചകള്‍ നടത്തി. കേരളത്തിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ഡോ. ഗാലോ അറിയിച്ചു. ഐഎച്ച്‌വിയിലെ ഡോ. എംവി പിള്ള, ഡോ. ശാര്‍ങ്ധരന്‍, ഡോ. ശ്യാംസുന്ദര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഒരു ഇന്ത്യന്‍ മുഖ്യമന്ത്രിയെ ആദരിക്കുന്നത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചരിത്രത്തില്‍ ആദ്യമാണ്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.