CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 37 Minutes 4 Seconds Ago
Breaking Now

റഷ്യയെ കെട്ടുകെട്ടിച്ച് ക്രൊയേഷ്യ; ഇംഗ്ലണ്ടുമായി സെമി ഉറപ്പിക്കാന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നു; ഇംഗ്ലീഷ് സ്വപ്‌നം മോഡ്രിച്ചിന്റെ പിള്ളേര്‍ മുക്കുമോ?

എഴുപതാം റാങ്കില്‍ കിടക്കുന്ന റഷ്യ സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ ഞെട്ടിപ്പിക്കുന്ന പ്രകടനാണ് കാഴ്ചവെച്ചത്

ഇംഗ്ലണ്ട് നടക്കരുതെന്ന് പ്രാര്‍ത്ഥിച്ച ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായി. ആതിഥേയരായ റഷ്യയും, ക്രൊയേഷ്യയും തമ്മില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗ്രൗണ്ട് സപ്പോര്‍ട്ടിന്റെ പിന്‍ബലത്തില്‍ റഷ്യയെങ്ങാന്‍ വിജയിച്ചാല്‍ തങ്ങള്‍ക്ക് സെമിയില്‍ കാര്യങ്ങള്‍ കുറച്ച് കൂടി എളുപ്പമാകുമെന്നായിരുന്നു ഇംഗ്ലണ്ടിന്റെ അതിമോഹം. പക്ഷെ ലൂകാ മോഡ്രിച്ചിന്റെ ക്രൊയേഷ്യ അന്ത്യനിമിഷം വരെ വിജയത്തിനായി പോരാടിയപ്പോള്‍ ആര്‍ത്തുവിളിച്ച സ്‌റ്റേഡിയത്തെ നിശബ്ദതയിലേക്ക് തള്ളിവിട്ട് ക്രൊയേഷ്യ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3'ന്റെ വിജയം കരസ്ഥമാക്കി സെമിയിലേക്ക് കുതിച്ചു. അത്യന്തം നാടകീയമായ മത്സരത്തില്‍ അധികസമയത്തും 2-2'ന് സമനില പാലിച്ച ശേഷമായിരുന്നു ക്രൊയേഷ്യന്‍ വിജയഗാഥ. 

എഴുപതാം റാങ്കില്‍ കിടക്കുന്ന റഷ്യ സ്വന്തം നാട്ടില്‍ നടക്കുന്ന  ലോകകപ്പില്‍ ഞെട്ടിപ്പിക്കുന്ന പ്രകടനാണ് കാഴ്ചവെച്ചത്. ക്വാര്‍ട്ടര്‍ വരെയെത്തിയ അവര്‍ പല വമ്പന്‍മാരെയും വെട്ടിവീഴ്ത്തിയിരുന്നു. ക്രൊയേഷ്യയെ തകര്‍ക്കുമെന്ന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് സോച്ചിയില്‍ കാര്യങ്ങള്‍ ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഇവാന്‍ റാകിടികിന്റെ വിജയഗോള്‍ റഷ്യന്‍ വല കുലുക്കിയപ്പോള്‍ റഷ്യ നിശബ്ദതയിലേക്ക് വീണു, ക്രൊയേഷ്യ വിജയത്തിന്റെ ആഹ്ലാദത്തിലേക്കും മുങ്ങി. 

റഷ്യയുടെ ആദ്യ പെനാല്‍റ്റി ഗോളി ഡാനിയേല്‍ സബേസിക് തടഞ്ഞെങ്കിലും, റഷ്യന്‍ ഗോളി ഇഗോള്‍ അകിന്‍ഫീവ് ക്രൊയേഷ്യയുടെ മാറ്റെയോ കൊവാസികിന്റെ ഷോട്ട് തടഞ്ഞതോടെ റഷ്യ പ്രതീക്ഷയിലായിരുന്നു. പക്ഷെ മാരിയോ ഫെര്‍ണാണ്ടസ് തൊടുത്ത കിക്ക് പറന്നുപുറത്തേക്ക് പോയതോടെ ആതിഥേയരുടെ പ്രതീക്ഷ അസ്തമിച്ചു. 120 മിനിറ്റിലേക്ക് നീണ്ട കളിയില്‍ 31-ാം മിനിറ്റില്‍ ഡെനിസ് ചെറിഷേവ് ആദ്യ ഗോള്‍ നേടിയപ്പോള്‍ സ്‌റ്റേഡിയം ആഘോഷത്തിലായിരുന്നു. പകുതി സമയം തീരാന്‍ ആറ് മിനിറ്റ് ബാക്കിയുള്ളപ്പോളാണ് ആന്ത്രെജ് ക്രാമറിക്കിലൂടെ ക്രൊയേഷ്യ മറുപടി നല്‍കിയത്. 

എക്‌സ്ട്രാ ടൈമിലെ ഏഴാം മിനിറ്റില്‍ ഒരു ഗോള്‍ നേടിയതോടെ ക്രൊയേഷ്യ വിജയം മണത്തെങ്കിലും ബ്രസീലില്‍ ജനിച്ച് റഷ്യന്‍ ടീമില്‍ കളിക്കുന്ന ഫെര്‍ണാണ്ടസ് കളി തീരാന്‍ അഞ്ച് മിനിറ്റ് ബാക്കിനില്‍ക്കവെ ആതിഥേയര്‍ക്കായി സമനില നേടി മത്സരം ഷൂട്ടൗട്ടില്‍ എത്തിച്ചു. ടൂര്‍ണമെന്റില്‍ ഇത് രണ്ടാം തവണയാണ് ക്രൊയേഷ്യ ഷൂട്ടൗട്ട് നേരിടുന്നത്. ഇനി സെമിയില്‍ ഇംഗ്ലണ്ടുമായാണ് അവരുടെ പോരാട്ടം. ഫൈനലില്‍ നിന്നും ഒരൊറ്റ മത്സരം അകലെയാണ് ഇരുടീമുകളും. 




കൂടുതല്‍വാര്‍ത്തകള്‍.