CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 40 Minutes 49 Seconds Ago
Breaking Now

മാമ്മോദീസ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ലൂയിസ് രാജകുമാരന്‍ അമ്മയുടെ കൈകളില്‍ സുഖമായുറങ്ങി; വില്ല്യമിന്റെയും കെയ്റ്റിന്റെ അഞ്ചംഗ കുടുംബം ആദ്യമായി ഒരുമിച്ച് പൊതുവേദിയില്‍; പേരക്കുട്ടിയുടെ വലിയ ദിനത്തില്‍ പങ്കെടുക്കാതെ രാജ്ഞി; പതിവ് തെറ്റിക്കാതെ ഷാര്‍ലെറ്റ് രാജകുമാരി

കുഞ്ഞ് രാജകുമാരന്‍ എപ്പോഴും ഇതുപോലെ ശാന്തമായി ഇരിക്കട്ടെയെന്നായിരുന്നു ആര്‍ച്ച്ബിഷപ്പിന്റെ വക കെയ്റ്റിനുള്ള ആശംസ

കുഞ്ഞുങ്ങള്‍ എപ്പോള്‍ ഉറങ്ങുമെന്നും, എപ്പോള്‍ ബഹളം സൃഷ്ടിക്കുമെന്നും പറയാന്‍ ആര്‍ക്കാണ് കഴിയുക. സത്യം പറഞ്ഞാല്‍ ദൈവം തമ്പുരാന് പോലും അവരുടെ കാര്യം മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയില്ല. പക്ഷെ ഭാഗ്യമെന്ന് പറയട്ടെ ലണ്ടന്‍ സെന്റ് ജെയിംസ് കൊട്ടാരത്തിലെ ചാപ്പല്‍ റോയലില്‍ മാമ്മോദീസ ചടങ്ങുകള്‍ക്കെത്തിയ ലൂയിസ് രാജകുമാരന്‍ സമാധാനപ്രിയനായിരുന്നു. ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം ചാപ്പലില്‍ നിന്നും പുറത്തെത്തുമ്പോള്‍ അമ്മ കെയ്റ്റിന്റെ കൈകളില്‍ സുഖമായി ഉറങ്ങുകയായിരുന്നു ലൂയിസ്. അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാണ് മാമ്മോദീസ ചടങ്ങുകള്‍ക്ക് എത്തിയത്. 

വില്ല്യം രാജകുമാരന്റെ കൈകള്‍ പിടിച്ചാണ് ലൂയിസിന്റെ മൂത്ത സഹോദരങ്ങളായ ജോര്‍ജ്ജ് രാജകുമാരനും, ഷാര്‍ലെറ്റ് രാജകുമാരിയും എത്തിയത്. ഇവര്‍ ഒരു കുടുംബമായി പ്രത്യക്ഷപ്പെടുന്ന ആദ്യ ചടങ്ങായി ഇത് മാറി. ചാപ്പലിലെ ചടങ്ങുകള്‍ക്ക് ശേഷം അതിഥികളെ ചായസല്‍ക്കാരത്തിനായി ക്ലാരന്‍സ് ഹൗസിലേക്ക് കേംബ്രിഡ്ജ് ഡ്യൂക്കും, ഡച്ചസുമാണ് നയിച്ചത്. ഗോഡ്പാരന്റ്‌സിന് പുറമെ ചാള്‍സ് രാജകുമാരനും, കോണ്‍വാള്‍ ഡച്ചസും, മൈക്കിള്‍-കരോള്‍ മിഡില്‍ടണും, ജെയിംസ്, പിപ്പ മാത്യൂസും ചടങ്ങില്‍ പങ്കെടുത്തു. 92-കാരിയായ രാജ്ഞിയുടെയും, 97-കാരനായ എഡിന്‍ബഗ് ഡ്യൂക്കിന്റെയും അഭാവം ചടങ്ങില്‍ മുഴച്ചുനിന്നു. 

തിരക്കേറിയ രാജകീയ പരിപാടികള്‍ കാരണമാണ് ഇവര്‍ക്ക് പേരക്കുട്ടിയുടെ മാമ്മോദീസ ചടങ്ങുകളില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നത്. ഫ്രില്ലും ലേസുകളുമുള്ള ക്രൈസ്റ്റനിംഗ് ഗൗണ്‍ ധരിച്ചാണ് ലൂയിസ് ചടങ്ങിനെത്തിയത്. കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് ചാപ്പലിന് പുറത്തുവെച്ച് രാജകീയ കുടുംബത്തെ സ്വാഗതം ചെയ്തു. ജോര്‍ജ്ജിനോടും, ഷാര്‍ലെറ്റിനോടും ഷേക്ക്ഹാന്‍ഡ് നല്‍കാന്‍ വില്ല്യം പ്രോത്സാഹിപ്പിച്ചെങ്കിലും രാജകുമാരി ഈ ദൗത്യം മടികൂടാതെ പൂര്‍ത്തിയാക്കി. സര്‍വ്വീസ് നടത്താനായി തന്നെ ക്ഷണിച്ചതിലുള്ള സന്തോഷം കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് മോസ്റ്റ് റവ ജസ്റ്റിന്‍ വെല്‍ബി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 

കുഞ്ഞ് രാജകുമാരന്‍ എപ്പോഴും ഇതുപോലെ ശാന്തമായി ഇരിക്കട്ടെയെന്നായിരുന്നു ആര്‍ച്ച്ബിഷപ്പിന്റെ വക കെയ്റ്റിനുള്ള ആശംസ. പാഡിംഗ്ടണിലെ സെന്റ് മേരീസ് ആശുപത്രിയിലെ ലിന്‍ഡോ വിംഗില്‍ ഏപ്രില്‍ 23-നായിരുന്നു ലൂയിസ് ആര്‍തര്‍ ചാള്‍സിന്റെ ജനനം. രാജകുമാരന്റെ ക്രിസ്തീയ വിശ്വാസത്തിലേക്കുള്ള ആദ്യ ചുവടുവെയ്പ്പാണ് ഇന്നലെ പൂര്‍ത്തിയായത്. 




കൂടുതല്‍വാര്‍ത്തകള്‍.