നടിയെ അക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന് ദിലീപിനെ അമ്മയിലേക്ക് തിരികെ എടുത്ത നടപടിയില്‍ വിശദീകരണം നല്കിയ പ്രസിഡന്റ് മോഹന്‍ലാലിന്റെ പത്രസമ്മേളനം കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. നടനെ തിരിച്ചെടുത്തത് അമ്മ ജനറല്‍ ബോഡി യോഗത്തിന്റെ അജണ്ടയില്‍ ഉണ്ടായിരുന്നതായി മോഹന്‍ലാല്‍ ആവര്‍ത്തിക്കുമ്പോഴും പരിപാടിയുടെ പ്രിന്റ് ചെയ്ത കോപ്പിയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ലെന്നതാണ് വാസ്തവം.
അമ്മ വിഷയം കൈകാര്യം ചെയ്ത രീതിയില്‍ നിരാശയുണ്ടെന്ന് രമ്യ നമ്പീശന് വ്യക്തമാക്കി. 'രണ്ട് അംഗങ്ങള്‍ക്ക് രണ്ട് തരം നിയമം എങ്ങിനെ ശരിയാകും. തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ കുറ്റാരോപിതനായ ഒരു വ്യക്തിക്കൊപ്പം നടിക്ക് എങ്ങിനെ സംഘടനയില്‍ തുടരാന്‍ കഴിയും. ഇതിന് പറയുന്നതാകട്ടെ സ്വീകരിക്കാന്‍ കഴിയാത്ത ന്യായങ്ങളും', രമ്യ വ്യക്തമാക്കി.
അക്രമിക്കപ്പെട്ട നടിയെ ഒതുക്കാന്‍ ദിലീപ് ശ്രമിക്കുന്നതായുള്ള ആരോപണങ്ങളില്‍ അമ്മയ്ക്ക് പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു മോഹന്‍ലാല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചത്. ഇതേക്കുറിച്ച് നടിയോട് സംസാരിച്ചതായി രമ്യ നമ്പീശന് പറയുന്നു. 'അമ്മ എന്റെ കുടുംബമാണെങ്കില്‍ നേരിട്ട് പറഞ്ഞ പരാതി പോരെ എന്നായിരുന്നു അവള് ചോദിച്ചത്. ആരെങ്കില് പരാതിയുമായി അമ്മയെ സമീപിച്ചാല്‍ ഇതാണോ പ്രതികരണം. പരാതി എഴുതി നല്കിയാലും ഒന്നും സംഭവിക്കില്ലെന്ന് പ്രസിഡന്റിന്റെ പ്രതികരണത്തില്‍ നിന്നും വ്യക്തം', രമ്യ പറഞ്ഞു.