വീടിന് തീപിടിച്ച് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 34 വയസ്സുള്ള അമ്മയും, 4 വയസ്സുള്ള ഇവരുടെ മകനുമാണ് വീട്ടില്‍ വെന്തുമരിച്ചത്. ഈസ്റ്റ് സസെക്സിലെ ഈസ്റ്റ്ബോണില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.
തിങ്കളാഴ്ച രാത്രിയിലും ഡിറ്റക്ടീവ്സിന് വീടിനകത്ത് കടക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. വീടിന് ആരോ തീകൊടുത്തതാണെന്നാണ് ആരോപണം. തീകെടുത്തിയ ശേഷം വീടുള്ളില്‍ കടന്നപ്പോള്‍ രണ്ട് മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്ന് സസെക്സ് പോലീസ് വ്യക്തമാക്കി.
ഞെട്ടിപ്പിക്കുന്ന സംഭവമാണ് അരങ്ങേറിയതെന്ന് ഡിറ്റക്ടീവ് ചീഫ് ഇന്‍സ്പെക്ടര്‍ മൈക്ക് ആഷ്ക്രോഫ്റ്റ് പറഞ്ഞു. സംഭവത്തില്‍ എന്തെങ്കിലും വിവരം നല്കാന് കഴിയുന്നവര്‍ മുന്നോട്ട് വരണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. ഭര്‍ത്താവിനൊപ്പമാണ് സ്ത്രീയും കുട്ടിയും കഴിഞ്ഞിരുന്നതെന്ന് അയല്‍ക്കാര്‍ പറയുന്നു.
20-കളില്‍ പ്രായമുള്ള ഒരാള്‍ ജനലിലൂടെ പുറത്തിറങ്ങി രക്ഷപ്പെട്ടിട്ടുണ്ട്. ഇയാള്‍ക്ക് കടുത്ത പൊള്ളലേറ്റിട്ടുണ്ട്. വീടിന്റെ മുന്‍വശത്തെ വാതിലിന് പുറത്ത് പെട്രോള്‍ ക്യാന്‍ വെച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. നിമിഷനേരം കൊണ്ടാണ് തീപടര്ന്നുപിടിച്ചതെന്ന് അയല്‍ക്കാര്‍ വ്യക്തമാക്കി. രക്ഷപ്പെട്ട ആള് ഭര്‍ത്താവാണെന്നാണ് കരുതുന്നത്.