CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 23 Minutes 57 Seconds Ago
Breaking Now

പൊട്ടിത്തകര്‍ന്നു ഇംഗ്ലീഷ് സ്വപ്‌നങ്ങള്‍; ഗാരെത്ത് സൗത്ത്‌ഗേറ്റിന്റെ ഇംഗ്ലീഷ് പടയുടെ തേരോട്ടം അവസാനിപ്പിച്ച് ക്രൊയേഷ്യ; നെഞ്ചകം തകര്‍ക്കുന്ന ഫലമെന്ന് സമ്മതിച്ച് ക്യാപ്റ്റന്‍ ഹാരി കെയിന്റെ വാക്കുകള്‍

ഇനി ഇംഗ്ലീഷ് പോരാട്ടം ലോകകപ്പില്‍ മൂന്നാം സ്ഥാനത്തിനായാണ്

ഇംഗ്ലണ്ടിന്റെ സ്വപ്‌നതുല്യമായ മുന്നേറ്റം ലോകകപ്പിന്റെ സെമി ഫൈനലില്‍ കലാശിച്ചു. ക്രൊയേഷ്യയുടെ രണ്ടിനെതിരെ ഒരു ഗോളിനാണ് ഗാരെത്ത് സൗത്ത്‌ഗേറ്റിന്റെ ത്രീ ലയണ്‍സ് തേരോട്ടം അവസാനിപ്പിച്ചത്. ത്രസിപ്പിക്കുന്ന മത്സരത്തിനൊടുവിലാണ് ഇംഗ്ലണ്ടിന്റെ നെഞ്ചകം പിളര്‍ക്കുന്ന മത്സരഫലത്തിലേക്ക് കാര്യങ്ങള്‍ അവസാനിച്ചത്. ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് ശേഷമുള്ള ക്യാപ്റ്റന്‍ ഹാരി കെയിന്റെ വാക്കുകള്‍ ഒരു രാജ്യത്തിന്റെ മുഴുവന്‍ വികാരവും ഉള്‍ക്കൊള്ളുന്നതായിരുന്നു- 'ഇത് വേദനയാണ്. ഏറെ വേദനിപ്പിക്കുന്നതാണ്'.

സെമിയില്‍ തോറ്റെങ്കിലും തല ഉയര്‍ത്തിയാണ് ഇംഗ്ലണ്ടിന്റെ മടക്കം. ആളുകള്‍ ചിന്തിച്ചതിലും ഏറെ മുന്നേറിയതിനാല്‍ തല ഉയര്‍ത്തി തന്നെയാണ് മടങ്ങുന്നതെന്ന് ഹാരി കെയിന്‍ വ്യക്തമാക്കി. ഈ സ്റ്റേജ് വരെയെങ്കിലും എത്താന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. ഞങ്ങള്‍ എല്ലാവര്‍ക്കും അഭിമാനം നല്‍കിയെന്ന് തിരിച്ചറിയുന്നു. പക്ഷെ വിജയം ആവശ്യമായിരുന്നു. ആരാധകര്‍ക്കായി ഒരു ഫൈനല്‍ നല്‍കാതെ പോയതില്‍ നിരാശയുണ്ട്, കെയിന്‍ കൂട്ടിച്ചേര്‍ത്തു.

ചെറിയ സമയത്തിനുള്ളില്‍ ഏറെ ദൂരം സഞ്ചരിച്ചതായി കോച്ച് ഗാരെത്ത് അഭിപ്രായപ്പെട്ടു. പ്രതീക്ഷിച്ചതിലും ഏറെ മുന്നോട്ട് പോയി. ഈ രാത്രിയില്‍ അവസരത്തിനൊത്ത് ഉയര്‍ന്നില്ല. പക്ഷെ ടീം ഇത് നേരിടാന്‍ ശക്തരാണ്, കോച്ച് വ്യക്തമാക്കി. ഇത്രയും ചെറുപ്പക്കാരെ ഒരുമിച്ച് കൊണ്ടുവന്ന് സെമി ഫൈനല്‍ വരെയെത്തിയത് തന്നെ ഇംഗ്ലണ്ടിന് വലിയ നേട്ടമാണ്. ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷമാണ് ത്രീ ലയണ്‍സിന്റെ കീഴടങ്ങല്‍.

ഇവാന്‍ പെറിസിക്കിന്റെ സമനില ഗോളും, മാരിയോ മാന്‍ഡ്‌സുകിക്‌സിന്റെ ഗോളും ഒത്തുചേര്‍ന്നതോടെയാണ് മോസ്‌കോയില്‍ വെച്ച് ഇംഗ്ലണ്ടിന്റെ കൈയില്‍ നിന്നും ക്രൊയേഷ്യ വിജയം കൊത്തിയെടുത്തത്. ആദ്യ പകുതിയില്‍ നേടിയ ഗോളിന്റെ ബലത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഇംഗ്ലണ്ടായിരുന്നില്ല രണ്ടാം പകുതിയില്‍. ഇത് ക്രൊയേഷ്യ മുതലാക്കുകയും ചെയ്തു. 109-ാം മിനിറ്റിലായിരുന്നു മാരിയോയുടെ വിജയഗോള്‍.

ഇനി ഇംഗ്ലീഷ് പോരാട്ടം ലോകകപ്പില്‍ മൂന്നാം സ്ഥാനത്തിനായാണ്. ശനിയാഴ്ച ബെല്‍ജിയത്തിന് എതിരെയാണ് മത്സരം.




കൂടുതല്‍വാര്‍ത്തകള്‍.