CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 48 Minutes 1 Seconds Ago
Breaking Now

തന്റെ ഷിഫ്റ്റില്‍ രോഗികള്‍ മരിക്കാതിരിക്കാന്‍ നഴ്‌സിന്റെ കുബുദ്ധി; ഡ്യൂട്ടിയില്ലാത്ത സമയത്ത് വിഷം നല്‍കി കൊന്നത് 20 പേരെ; നഴ്‌സിനെ കുടുക്കിയത് ഐവി ഡ്രിപ്പ് ബാഗിലെ കുമിളകള്‍

രോഗികള്‍ മരിക്കുമ്പോള്‍ ഈ വാര്‍ത്ത ബന്ധുക്കളെ അറിയിക്കുന്നത് ഒഗുച്ചി ആശുപത്രിയിലെ നഴ്‌സുമാരുടെ ഡ്യൂട്ടിയാണ്

20 രോഗികളെ വിഷം നല്‍കി കൊന്നെന്ന സംശയത്തില്‍ നഴ്‌സ് അറസ്റ്റില്‍. തന്റെ ഷിഫ്റ്റ് വരുന്ന സമയത്ത് രോഗി മരിക്കുന്നത് ഒഴിവാക്കാനാണ് നഴ്‌സ് അയുമി കുബോക്കി ഈ കടുംകൈ പ്രവര്‍ത്തിച്ചത്. പ്രായമായ രോഗികളിലാണ് ഐവി ഡ്രിപ്പില്‍ ആന്റിസെപ്റ്റിക് സൊലൂഷനും ചേര്‍ത്ത് കുത്തിവെച്ച് ഈ 31-കാരി മരണം സമ്മാനിച്ചത്. ജപ്പാനിലെ ടോക്യോയ്ക്ക് സമീപമുള്ള ഒഗുച്ചി ആശുപത്രിയിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്.

രോഗികള്‍ തന്റെ ഷിഫ്റ്റില്‍ മരിക്കുന്നത് പകരം മറ്റൊരു നഴ്‌സിന്റെ ജോലി സമയത്ത് മരിക്കുന്നതിന് വേണ്ടിയായിരുന്നു ഇതെന്നാണ് കുബോകി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇതുമൂലം രോഗികളുടെ ബന്ധുക്കളോട് മരണവാര്‍ത്ത വ്യക്തമാക്കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്നും രക്ഷപ്പെടാമെന്നും ഇവര്‍ കണക്കുകൂട്ടി.

രോഗികള്‍ മരിക്കുമ്പോള്‍ ഈ വാര്‍ത്ത ബന്ധുക്കളെ അറിയിക്കുന്നത് ഒഗുച്ചി ആശുപത്രിയിലെ നഴ്‌സുമാരുടെ ഡ്യൂട്ടിയാണ്. ഈ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കുബോക്കിക്ക് താല്‍പര്യമില്ലായിരുന്നു. 2016 സെപ്റ്റംബറില്‍ മരിച്ച 88 വയസ്സുള്ള രോഗിയുടെ ഐവി ഡ്രിപ്പ് ബാഗില്‍ കുമിള കണ്ടതോടെയാണ് മറ്റൊരു നഴ്‌സ് സംശയം പ്രകടിപ്പിച്ചത്. ഇതേത്തുടര്‍ന്നാണ് പോലീസ് അന്വേഷണം പ്രഖ്യാപിച്ചത്.

മരിച്ച രോഗിയുടെ രക്തത്തില്‍ ആന്‍സെപ്റ്റിക് സൊലൂഷന്‍ ഡോക്ടര്‍മാര്‍ കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് സംഗതി കൊലപാതകമാണെന്ന് ഉറപ്പിച്ചത്. മറ്റൊരു രോഗിയുടെയും പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഈ പദാര്‍ത്ഥം കണ്ടെത്തി. പോലീസ് നടത്തിയ അന്വേഷണത്തില്‍ കുബോക്കിയുടെ യൂണിഫോമില്‍ ആന്റിസെപ്റ്റിക്കിന്റെ അംശവും സ്ഥിരീകരിച്ചു.

ഇതോടെ അറസ്റ്റിലായ നഴ്‌സാണ് 20 രോഗികളെ സമാനമായ തരത്തില്‍ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തിയത്.




കൂടുതല്‍വാര്‍ത്തകള്‍.