CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 37 Seconds Ago
Breaking Now

മോഷണം നടത്തിയ സ്വര്‍ണാഭരണങ്ങള്‍ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വീട്ടില്‍ കൊണ്ടുവച്ച് കള്ളന്റെ മാപ്പപേക്ഷ ; മുതല്‍ തിരിച്ചുനല്‍കി പോലീസ് നടപടി അവസാനിപ്പിക്കാന്‍ അപേക്ഷയും

വ്യാഴാഴ്ച രാവിലെയാണ് പ്ലാസ്റ്റിക് കൂടിലാക്കി വീടിന്റെ ഗേറ്റില്‍ തൂക്കിയിട്ട നിലയില്‍ ആഭരണങ്ങള്‍ ലഭിച്ചത്.

അമ്പലപ്പുഴ ; മോഷണം നടത്തിയ സ്വര്‍ണാഭരണങ്ങള്‍ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വീടിന് മുന്നില്‍ കൊണ്ടുവച്ച് കള്ളന്റെ മാപ്പിരക്കല്‍.

അമ്പലപ്പുഴ കരുമാടി സരസുധയില്‍ മധുകുമാറിന്റെ വീട്ടിലാണ് സംഭവം. സഹോദരന്റെ പുത്രന്റെ വിവാഹവുമായി ബന്ധപ്പെട്ട് കുടുംബം തിങ്കളാഴ്ച ചെറുതനയിലേക്ക് പോയിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മടങ്ങി വന്നത്. മുന്‍വശത്തെ വാതില്‍ അകത്തു നിന്ന് പുട്ടുന്നതിനാല്‍ അടുക്കള വാതില്‍ വഴിയാണ് കള്ളന്‍ അകത്തുകയറുന്നത്. അടുക്കള വാതില്‍ കുത്തിതുറന്ന നിലയിലായിരുന്നു.

വീടിനുള്ളിലെ രണ്ട് അലമാരകളിലേയും സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടിരുന്നു. അലമാരിയില്‍ ഉണ്ടായിരുന്ന ആറ് ജോഡി കമ്മലുകളും രണ്ട് മോതിരങ്ങളുമായി ഒന്നര പവനാണ് നഷ്ടമായത്. കുഞ്ഞുങ്ങളുടേതാണ് ആഭരണങ്ങള്‍.

രാത്രി തന്നെ ഇവര്‍ അമ്പലപ്പുഴ പോലീസില്‍ അറിയിച്ചു. പോലീസെത്തി വീട്ടില്‍ പരിശോധിച്ചു. പരാതി നല്‍കിയ ശേഷമാണ് ഇവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ചെറുതനയിലേക്ക് പോയത്. പോലീസ് വിരലടയാള വിദഗ്ധര്‍ വീട്ടിലെത്തി തെളിവെടുത്തു. ബുധനാഴ്ച വൈകീട്ട് വീട്ടുകാര്‍ മടങ്ങിയെത്തി. വ്യാഴാഴ്ച രാവിലെയാണ് പ്ലാസ്റ്റിക് കൂടിലാക്കി വീടിന്റെ ഗേറ്റില്‍ തൂക്കിയിട്ട നിലയില്‍ ആഭരണങ്ങള്‍ ലഭിച്ചത്. ഒപ്പം ഒരു തുണ്ടുകടലാസില്‍ മാപ്പപേക്ഷയും ഉണ്ടായിരുന്നു. അക്ഷര തെറ്റുകള്‍ നിറഞ്ഞ മാപ്പ് അപേക്ഷയില്‍ എഴുതിയതിങ്ങനെ '' എന്നോട് മാപ്പു നല്‍കുക. എന്റെ നിവൃത്തി കേട്  കൊണ്ട് സംഭവിച്ചതാണ്, മാപ്പ്, ഇനി ഞാന്‍ ഇങ്ങനെ ഒരു കാര്യവും ചെയ്യില്ല. മാപ്പ്, മാപ്പ് മാപ്പ് എന്നെ പോലീസില്‍ പിടിപ്പിക്കരുത്. മാപ്പ് മാപ്പ്, മാപ്പ്. ഞാന്‍ എടുത്ത എല്ലാ സാധനങ്ങളും ഇവിടെ വച്ചു.

ആഭരണം തിരിച്ചുകിട്ടിയ വിവരം വീട്ടുകാര്‍ പോലീസില്‍ അറിയിച്ച് മാപ്പപേക്ഷയും പോലീസിന് കൈമാറി. നഷ്ടമായ ആഭരണം എല്ലാം തിരിച്ചുകിട്ടിയതായി മധുകുമാര്‍ അറിയിച്ചു. വിദേശത്ത് ജോലി ചെയ്യുന്ന ഇദ്ദേഹം വിവാഹചടങ്ങില്‍ പങ്കെടുക്കുന്നതിനായി അവധിയ്ക്ക് നാട്ടിലെത്തിയതാണ്. പരാതിയില്‍ അന്വേഷണം തുടരുകയാണെന്ന് സിഐ അറിയിച്ചു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.