ബ്രക്സിറ്റ് ഇപ്പോഴത്തെ രീതിയില്‍ മുന്നോട്ട് പോയാല്‍ ബ്രിട്ടന്റെ കാര്യം പോക്കാണെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഈ വാക്ക് തിരുത്തിയാണ് സംയുക്ത പത്രസമ്മേളനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് പ്രസ്താവന നടത്തിയത്. തെരേസ മേയുമായി വളരെ ശക്തമായ ബന്ധമാണെന്ന് പ്രസിഡന്റ് വ്യക്തമാക്കി.
മൃദു ബ്രക്സിറ്റ് നടപ്പാക്കിയാല്‍ യുഎസുമായുള്ള വ്യാപാര കരാറിനെ കൊല്ലുമെന്നായിരുന്നു പ്രസിഡന്റ് നേരത്തെ പറഞ്ഞിരുന്നത്. സാന്ഡ്ഹഴ്സ് ആര്‍മി ബേസില്‍ യുഎസ്, യുകെ സൈനിക പ്രകടനം കണ്ടതിന് ശേഷം ഔദ്യോഗിക ഹെലികോപ്ടറിലാണ് മേയുടെ വസതിയിലേക്ക് ട്രംപ് യാത്ര തിരിച്ചത്.
പ്രസിഡന്റിന് ഒപ്പമുള്ള ഫസ്റ്റ് ലേഡി മെലാനിയ ട്രംപ് റോയല്‍ ഹോസ്പിറ്റല്‍ ചെല്‍സി സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയുടെ ഭര്‍ത്താവ് ഫിലിപ്പ് മേയ് ഒപ്പമുണ്ടായിരുന്നു. വിന്‍ഡ്സര്‍ കാസിലില്‍ എത്തുന്ന ട്രംപിനും ഭാര്യക്കും ബ്രിട്ടീഷ് സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. ഇതിന് ശേഷം രാജ്ഞിയ്ക്കൊപ്പം ചായ സല്‍ക്കാരത്തിലും പങ്കെടുക്കും.
പിന്നീട് സ്കോട്ട്ലണ്ടില്‍ രണ്ട് ദിവസത്തെ സ്വകാര്യ സന്ദര്‍ശനത്തിനായി ട്രംപ് യാത്ര തിരിക്കും. യുകെയില്‍ ട്രംപ് എത്തിയതില്‍ പ്രതിഷേധിച്ച് ആയിരങ്ങള്‍ തെരുവില്‍ പ്രതിഷേധങ്ങളുമായി ഇറങ്ങുന്നുണ്ട്.