2030 ആകുമ്പോഴേക്കും ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും ഇന്ത്യയുടെ മൊത്ത ആഭ്യന്ത ഉത്പാദനം പത്തുലക്ഷം കോടി ഡോളറെന്ന നിലയിലേക്ക് ഉയരുമെന്നും കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്രഗാര്‍ഗ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുതിച്ചുചാട്ടത്തിനൊരുങ്ങുന്നു അദ്ദേഹം പറഞ്ഞു.
നല്ല ദിനങ്ങള്‍ അടുത്തെത്തി, നിരവധി നല്ല കാര്യങ്ങള്‍ രാജ്യത്ത് സംഭവിക്കുന്നു. രാജ്യം സാമ്പത്തിക കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ്. ഇന്ത്യക്കാര്‍ക്ക് അഭിമാനത്തോടെ ഇക്കാര്യത്തില്‍ തല ഉയര്ത്തിപിടിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര ലബ്ധിയ്ക്ക് ശേഷം ഇന്ത്യ 3.5 ശതമാനം വളര്‍ച്ചാ നിരക്കിലെത്താന്‍ ഏറെ കഷ്ടപ്പെടേണ്ടിവന്നു. എന്നാല്‍ ഇന്ന് രാജ്യം 7-8 വളര്‍ച്ചാ നിരക്കിലാണ്. എട്ടുശതമാനം വളര്‍ച്ച എന്നത് വളരെ വലിയ ലക്ഷ്യമാണെന്നും 2030 ആകുമ്പോഴേക്കും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പത്തുലക്ഷം കോടി ഡോളര്‍ എന്ന ശക്തിയിലേക്കെത്തും. ഇതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും. ഒരേ സമയം വെല്ലുവിളിയും അവസരവുമാണിതെന്നും അദ്ദേഹം പറഞ്ഞു.
ലോക ബാങ്കിന്റെ 2017 ലെ റിപ്പോര്‍ട്ട് പ്രകാരം ജിഡിപി അടിസ്ഥാനത്തില്‍ ഇന്ത്യ ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയാണ്. 2.59 ലക്ഷം കോടി ഡോളറാണ് ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം.