CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 35 Minutes 44 Seconds Ago
Breaking Now

ബന്ദി നാടകം പാഴായി ! മുദ്രപേപ്പറില്‍ ഒപ്പിട്ടെങ്കിലും യുവാവിനെ വിവാഹം കഴിക്കില്ല ; ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ചതെന്ന് മോഡല്‍

തങ്ങള്‍ പ്രണയത്തിലാണെന്നും വീട്ടുകാര്‍ എതിര്‍ത്തതിനാലാണ് ഈ വഴി സ്വീകരിച്ചതെന്നുമാണ് രോഹിത് പോലീസിനോട് പറഞ്ഞത്.

വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് യുവാവ് മോഡലിനെ ബന്ധിയാക്കിയ സംഭവത്തില്‍ വിശദീകരണം നല്‍കി മോഡല്‍. തന്നെ മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് വിവാഹത്തിന് സമ്മതിച്ചതെന്നും വിവാഹത്തിന് താല്‍പര്യമില്ലെന്നും അവര്‍ പോലീസിനോട് പറഞ്ഞു.രാവിലെ ആറുമണിയ്ക്ക് ഫ്‌ളാറ്റില്‍ അതിക്രമിച്ച് കയറുകയും തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയതോടെ മറ്റ് വഴികളില്ലാതെ വിവാഹത്തിന് സമ്മതമെന്ന് അറിയിക്കുകയും മുദ്രപത്രത്തില്‍ അയാള്‍ പറഞ്ഞത് പോലെ എഴുതി നല്‍കുകയുമായിരുന്നുവെന്ന് മോഡല്‍ മജിസ്‌ട്രേറ്റിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ഭോപ്പാലിലെ മിസ്‌റോഡ് മേഖലയിലെ ഫ്‌ളാറ്റിലാണ് സംഭവം. രോഹിത് എന്ന യുവാവാണ് വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് മോഡലിനെ ബന്ദിയാക്കിയത്. തങ്ങള്‍ പ്രണയത്തിലാണെന്നും വീട്ടുകാര്‍ എതിര്‍ത്തതിനാലാണ് ഈ വഴി സ്വീകരിച്ചതെന്നുമാണ് രോഹിത് പോലീസിനോട് പറഞ്ഞത്.

അയല്‍വാസികള്‍ വിവരമറിയിച്ചതോടെ പോലീസെത്തി. ബലംപ്രയോഗിച്ച് രക്ഷപ്പെടുത്താന്‍ നോക്കിയെങ്കിലും രോഹിത്തിന്റെ പക്കല്‍ തോക്കുള്ളതിനാല്‍ അത് ഒഴിവാക്കി. തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഭീഷണി.

പിന്നീട് അനുനയ നീക്കം നടന്നു. ഭക്ഷണവും മൊബൈല്‍ ചാര്‍ജറും മുദ്രപത്രവും ഇയാള്‍ പറഞ്ഞ പ്രകാരം റൂമിലെത്തിച്ചു. ഒടുവില്‍ രണ്ടുപോലീസുകാരേയും ഒരു മജിസ്‌ട്രേറ്റിനേയും അകത്തു കയറ്റാന്‍ രോഹിത് അനുവദിച്ചു. തുടര്‍ന്ന് പോലീസ് ഇവരെ പുറത്തെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഹിതിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.




കൂടുതല്‍വാര്‍ത്തകള്‍.