CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 48 Seconds Ago
Breaking Now

ക്രൊയേഷ്യ കളിച്ചു, ഫ്രാന്‍സ് ജയിച്ചു; സ്വന്തം ഗോള്‍, അബദ്ധ ഗോള്‍, ഞെട്ടിക്കുന്ന ഗോള്‍, 3 കിടിലന്‍ ഗോള്‍; ഫൈനല്‍ വിധിയെഴുത്ത് ഇങ്ങനെ; സിദാന്റെ പിന്‍മുറക്കാര്‍ കപ്പുമായി പാരീസിലേക്ക്

മത്സരം എന്ത് കൊണ്ടും തങ്ങള്‍ക്ക് അനുകൂലമായിട്ടും അബദ്ധങ്ങളും, ഗോളടിക്കാന്‍ മറന്നതുമാണ് ക്രൊയേഷ്യന്‍ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയായത്.

32 ടീമുകള്‍ കച്ചകെട്ടിയിറങ്ങിയത് ആ ഭൂഗോളം ഉരുക്കിച്ചേര്‍ത്ത സ്വര്‍ണ്ണ കപ്പിന് വേണ്ടിയാണ്. ഒരു മാസക്കാലം നീണ്ട പടയോട്ടത്തില്‍ പൊരുതി വീഴുകയും തല താഴ്ത്തി മടങ്ങുകയും ചെയ്ത പേരും പെരുമയും കേട്ടവര്‍ നിരവധിയാണ്. അവകാശവാദങ്ങളില്ലാതെ യുദ്ധത്തിന്റെ കെടുതികളില്‍ നിന്നും മടങ്ങിവന്ന ഒരു കൂട്ടരും, കുടിയേറ്റക്കാര്‍ ഉള്‍പ്പെടെയുള്ള വൈവിധ്യങ്ങളുമായി വന്ന മറ്റൊരു വിഭാഗവുമാണ് ആ കപ്പിനായുള്ള സുവര്‍ണ്ണപോരാട്ടത്തിന് അവസാനം കുറിയ്ക്കാന്‍ കളത്തിലിറങ്ങിയത്. 90 മിനിറ്റ് മത്സരത്തില്‍ പന്ത് നല്ലൊരു സമയവും കാലുകളില്‍ പെരുമാറിയിട്ടും ഗോളടിക്കാന്‍ മറന്നതോടെ യുദ്ധം കണ്ട ക്രൊയേഷ്യ പടയോട്ടം അവസാനിപ്പിച്ചു. മോസ്‌കോയില്‍ ഫ്രഞ്ച് വിപ്ലവത്തിന്റെ പതാക ഉയര്‍ന്നു, 4-2ന് സിനദിന്‍ സിദാന്റെ പിന്‍മുറക്കാര്‍ കപ്പുയര്‍ത്തി. 

ലൂസ്‌നികി സ്റ്റേഡിയത്തില്‍ നീല നിറത്തിലുള്ള കുപ്പായം ധരിച്ചെത്തിയ ആരാധകര്‍ ആഘോഷത്തില്‍ മുങ്ങിയതോടെ ചുവപ്പും വെളുപ്പും കലര്‍ന്ന ജഴ്‌സി അണിഞ്ഞെത്തിയവര്‍ ദുഃഖത്തില്‍ ആണ്ടു. സിദാന്‍ ലോകകപ്പ് സമ്മാനിച്ച് ഇരുപത് വര്‍ഷങ്ങള്‍ക്ക് ഇപ്പുറമാണ് രണ്ടാം കപ്പ് റഷ്യന്‍ മണ്ണില്‍ വെച്ച് അവര്‍ പിടിച്ചെടുത്തത്. മത്സരം എന്ത് കൊണ്ടും തങ്ങള്‍ക്ക് അനുകൂലമായിട്ടും അബദ്ധങ്ങളും, ഗോളടിക്കാന്‍ മറന്നതുമാണ് ക്രൊയേഷ്യന്‍ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയായത്. 

18-ാം മിനിറ്റില്‍ ഒരു സെല്‍ഫ് ഗോളോടെയാണ് ക്രൊയേഷ്യ സ്വന്തം അന്ത്യത്തിന്റെ തുടക്കം കുറിച്ചത്. ഉയര്‍ന്നുവന്ന പന്ത് തട്ടിയകറ്റാനുള്ള ശ്രമത്തില്‍ മാരിയോ മാണ്ടൂസിക് ഹെഡ് ചെയ്ത പന്ത് വിശ്രമിച്ചത് സ്വന്തം ടീമിന്റെ വലയില്‍. ലോകകപ്പ് ഫൈനലില്‍ സെല്‍ഫ് ഗോള്‍ അടിക്കുന്ന ആദ്യത്തെ താരമെന്ന ഖ്യാതിയാണ് ഇതോടെ മാരിയോ സ്വന്തമാക്കിയത്. 

സമനില ഗോളിനായി ക്രൊയേഷ്യ കിണഞ്ഞ് പരിശ്രമിച്ചതോടെ 28-ാം മിനിറ്റില്‍ മറുപടി. ബോക്‌സിന്റെ തുമ്പത്ത് നിന്നും ഇവാന്‍ പെറിസികിന്റെ കിടിലന്‍ ഷോട്ട്, സ്‌കോര്‍ 1-1. എന്നാല്‍ പത്ത് മിനിറ്റിന് ഇപ്പുറം വീണ്ടുമൊരു അബദ്ധം. പെറിസിക് തന്നെയാണ് കഥയിലെ വില്ലന്‍. ഒരു ഹെഡറിനായുള്ള ശ്രമം പാളിയപ്പോള്‍ പന്ത് കൊണ്ടത് കൈയില്‍. വിഎആര്‍ സംവിധാനം ഉപയോഗിച്ച് റഫറി പെനാല്‍റ്റി വിളിച്ചപ്പോള്‍ അത് അല്‍പ്പം ക്രൂരമായെന്ന് പലര്‍ക്കും തോന്നി. പക്ഷെ കിട്ടിയ അവസരം ആന്റണ്‍ ഗ്രീസ്മാന്‍ കൃത്യമായി വലയിലെത്തിച്ചു. ലോകകപ്പ് ഫൈനലില്‍ ഗോളടിക്കുകയും, പെനാല്‍റ്റി വഴങ്ങുകയും ചെയ്ത രണ്ടാമത്തെ താരമാണ് പെറിസിക്. 2006ല്‍ മാര്‍കോ മാറ്റെരാസിയാണ് ഒന്നാമന്‍. 

രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ മാറിഞ്ഞു. തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ക്ക് ആഘാതമേല്‍പ്പിച്ച് പോള്‍ പോഗ്ബയുടെ ഗോള്‍. സ്‌കോര്‍ 3-1. പിന്നീട് 65-ാം മിനിറ്റില്‍ ഈ ലോകകപ്പിന്റെ സംഭാവനയായ കൈലാന്‍ എംബാപ്പെയുടെ 25 വാര അകലെ നിന്നുമുള്ള ഷോട്ട് വലയിലെത്തുന്നതും ക്രൊയേഷ്യ കാണേണ്ടി വന്നു. 1958ല്‍ ഇതിഹാസ താരം പെലെയ്ക്ക് ശേഷം ലോകകപ്പില്‍ ഗോള്‍ നേടുന്ന കൗമാര താരമാണ് എംബാപ്പെ. ഇതിന്റെ നാലാം മിനിറ്റില്‍ മാണ്ടൂസിക് ഫ്രഞ്ച് ഗോള്‍കീപ്പറുടെ പിഴവ് മുതലെടുത്ത് ക്രൊയേഷ്യക്ക് ഒരു ആശ്വാസ ഗോള്‍ കൂടി നല്‍കി. 

പക്ഷെ ഇതുകൊണ്ടൊന്നും ഫ്രഞ്ച് ഗോളുകള്‍ക്ക് ഒപ്പമെത്താന്‍ ക്രൊയേഷ്യക്ക് സാധിച്ചില്ല. സ്വന്തം രാജ്യങ്ങളുടെ പ്രസിഡന്റുമാരെ സാക്ഷിയാക്കി ഫ്രഞ്ച് ടീം ആഘോഷിക്കുമ്പോള്‍ മൂകസാക്ഷിയായി എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ കഴിയാതെ ലൂകാ മോഡ്രിച്ചും സംഘവും ഗ്രൗണ്ടില്‍ ഏകാകരായി. അവരുടെ ദുഃഖം കണ്ടറിഞ്ഞാകണം, മഴ ഒടുവില്‍ തോരാതെ പെയ്തിറങ്ങിയത്. 




കൂടുതല്‍വാര്‍ത്തകള്‍.