തെരേസ മേയുടെ ബ്രക്സിറ്റ് പദ്ധതി കൈവിട്ട് പോകുന്ന ലക്ഷണമാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. പദ്ധതി പിടിച്ചുനിര്‍ത്താന്‍ പ്രധാനമന്ത്രി കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ വിജയകരമാകുമെന്ന ശുഭാപ്തി വിശ്വാസം ആര്‍ക്കും തന്നെയില്ല. ബ്രക്സിറ്റ് പദ്ധതിയില്‍ പ്രതിഷേധം രേഖപ്പെടുത്തി ഒന്‍പതാമത്തെ മന്ത്രിയും രാജിവെച്ചത് പ്രധാനമന്ത്രിക്ക് വന്‍ തിരിച്ചടിയായി.
പ്രധാനമന്ത്രിയുടെ ധവളപത്രത്തിന്റെ വെളിച്ചത്തില്‍ സ്കോട്ട് മാനാണ് രാജിവെച്ചത്. ട്രഷറി പാര്‍ലമെന്ററി പ്രൈവറ്റ് സെക്രട്ടറി പദത്തില്‍ നിന്നുമാണ് നോര്‍ത്ത് കോണ്‍വാളില്‍ നിന്നുമുള്ള എംപി രാജിവെച്ചത്. ഏറെ ദുഃഖത്തോടെയാണ് താന്‍ സ്ഥാനം ഒഴിയുന്നതെന്ന് സ്കോട്ട് വ്യക്തമാക്കി. മറ്റൊരു പിപിഎസ് റോബര്‍ട്ട് കോര്‍ട്സിന്റെ രാജിക്ക് പിന്നാലെയാണ് സ്കോട്ടും പുറത്തിറങ്ങിയത്.
പ്രധാനമന്ത്രിയുടെ പദ്ധതിയെ എതിര്‍ത്തില്ലെങ്കില്‍ തനിക്ക് കണ്ണാടിയില്‍ നോക്കാന്‍ കഴിയില്ലെന്നാണ് റോബര്‍ട്ട് കോര്‍ട്സ് പ്രതികരിച്ചത്. ബ്രക്സിറ്റില്‍ വെള്ളം ചേര്‍ത്ത് തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ ആഗ്രഹത്തെ തിരസ്കരിക്കാന്‍ കഴിയില്ലെന്നാണ് സ്കോട്ട് വ്യക്തമാക്കിയത്.
യൂറോപ്യന്‍ യൂണിയന് ഉപേക്ഷിക്കാനുള്ള ബ്ലൂപ്രിന്റില്‍ സമഗ്രമായ മാറ്റം വേണമെന്ന ആവശ്യമാണ് ഇതോടെ പ്രധാനമന്ത്രിക്ക് മേല്‍ സമ്മര്‍ദമാകുന്നത്. ഇതിനിടെ രണ്ടാമതൊരു ഹിതപരിശോധന വേണമെന്നാണ് യൂറോപ്പ് അനുകൂലികളുടെ ആവശ്യം.