CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 10 Seconds Ago
Breaking Now

ഭാര്യയുടെ മൃതദേഹത്തിനരികെ നിസഹായനായി ഭര്‍ത്താവ് അഞ്ചു ദിവസങ്ങള്‍ കഴിച്ചു കൂട്ടി ; ഒടുവില്‍ മരണമടഞ്ഞു

ഹൃദയാഘാതമാണ് ഭാര്യയുടെ മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഭക്ഷണവും വെള്ളവും മരുന്നും ലഭിക്കാതെ അനന്തും അതീവ ഗുരുതരാവസ്ഥയിലായിരുന്നു

കാര്‍വാര്‍ ; ഭാര്യയുടെ മൃതദേഹത്തിനരികെ ഒന്നും ചെയ്യാനാകാതെ ഭര്‍ത്താവ് കഴിച്ചു കൂട്ടിയത് അഞ്ച് ദിവസങ്ങളോളം. ശരീരം തളര്‍ന്ന് കിടപ്പിലായ ഭര്‍ത്താവ് ഭാര്യയുടെ മരണത്തോടെ വെള്ളംപോലും കിട്ടാതെ അവസാനം മരണത്തിന് കീഴടങ്ങി. കര്‍ണാടകയിലെ കാര്‍വാര്‍ ടൗണ്‍ കെഎച്ച്ബി കോളനിയിലാണ് സംഭവം. അനന്ത് കോല്‍ക്കര്‍(60), ഭാര്യ ഗിരിജ(55) എന്നിവരാണ് മരിച്ചത്. അനന്തിനെയും ഭാര്യയേയും കുറിച്ച് ദിവസങ്ങളായി വിവരമില്ലാത്തതിനെ തുടര്‍ന്ന് ഗിരിജയുടെ സഹോദരന്‍ അന്വേഷിച്ചെത്തിയതോടെയാണ് വിവരം പുറം ലോകം അറിയുന്നത്.

അനന്ത് കോല്‍ക്കറിനു 2016ല്‍ ശുചിമുറിയില്‍ വീണ് രണ്ടു കാലുകള്‍ക്കും സാരമായി പരുക്കേറ്റിരുന്നു. അതിനു ശേഷം നടക്കാനാവാതെ തളര്‍ന്നുകിടപ്പാണ്. അതിനിടെ പക്ഷാഘാതവും ബാധിച്ചതോടെ എഴുന്നേറ്റിരിക്കാനോ സംസാരിക്കാനോ പോലും സാധിക്കാതെയായി. ഭാര്യ ഗിരിജ സമീപത്തെ വീടുകളില്‍ അടുക്കളപ്പണിക്ക് പോയി ലഭിക്കുന്ന വരുമാനം കൊണ്ടാണ് അവര്‍ ജീവിച്ചതും മരുന്നു വാങ്ങിയതുമെല്ലാം. ഇവര്‍ക്ക് മക്കളില്ല.

ഹൊന്നാവര്‍ നഗരയില്‍ താമസിക്കുന്ന സഹോദരന്‍ സുബ്രഹ്മണ്യയെ ഗിരിജ സാധാരണ ബന്ധപ്പെടാറുണ്ടായിരുന്നു.കഴിഞ്ഞ ഒരാഴ്ചയായി ബന്ധപ്പെട്ടിട്ടില്ല. തുടര്‍ന്നു സുബ്രഹ്മണ്യ നേരിട്ട് എത്തിയപ്പോള്‍ വീട് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. വീടിന്റെ മേല്‍ക്കുര പൊളിച്ച് നോക്കിയപ്പോള്‍ അനന്ത് കട്ടിലിലും ഗിരിജ സമീപത്തു കസേരയിലും ചാരി ഇരിക്കുന്ന നിലയില്‍ കണ്ടു.വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. സംശയം തോന്നിയ സുബ്രഹ്മണ്യ ഉടന്‍ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു. പൊലീസ് എത്തി വാതില്‍ തകര്‍ത്ത് അകത്തു കടന്നപ്പോഴാണു ഗിരിജ മരിച്ചതായി കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഭക്ഷണവും വെള്ളവും മരുന്നും ലഭിക്കാതെ അനന്തും അതീവ ഗുരുതരാവസ്ഥയിലായിരുന്നു.പൊലീസും നാട്ടുകാരും ചേര്‍ന്ന് കാര്‍വാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരണത്തിന് കീഴടങ്ങി.

 




കൂടുതല്‍വാര്‍ത്തകള്‍.