താന്‍ കരഞ്ഞതിന് കാരണം കോണ്‍ഗ്രസ് അല്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. കോണ്‍ഗ്രസ് സഖ്യവുമായി യാതൊരു വിധ പ്രശ്നവുമില്ല. തന്റെ വാക്കുകള്‍ ചിലര്‍ വളച്ചൊടിച്ചതാണ്. സമൂഹത്തിലെ ചിലരും ചില മാധ്യമങ്ങളും തന്നെ യാതൊരു കാരണവുമില്ലാതെ വിമര്‍ശിക്കുന്നതാണ് വിഷമത്തിനു കാരണം. അതുകൊണ്ടാണു കഴിഞ്ഞ ദിവസം പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ കരഞ്ഞതെന്നും കുമാരസ്വാമി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് കുമാരസ്വാമി ഇക്കാര്യം പറഞ്ഞത്.
'കോണ്‍ഗ്രസ് സുഹൃത്തുക്കളെല്ലാം സമ്പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. എന്തും ചെയ്യാനുള്ള സമ്മതമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നല്‍കിയിരിക്കുന്നത്' കുമാരസ്വാമി പറഞ്ഞു.സഖ്യത്തിലുണ്ടായ പ്രശ്നങ്ങളല്ല എന്റെ വേദനയ്ക്കു കാരണം. അക്കാര്യത്തില്‍ ഉറപ്പു നല്‍കാം. ഞാന്‍ വളരെ 'സെന്‍സിറ്റീവ്' ആയ വ്യക്തിയാണ്. എന്തെങ്കിലും ചെയ്യാനാകുമെന്ന വിശ്വാസത്തിലാണ് ഞാനീ പദവി ഏറ്റെടുത്തത്. പക്ഷേ സമൂഹത്തിലെ ചില വിഭാഗക്കാര്‍ എന്തിനാണ് എന്നെ വിമര്‍ശിക്കുന്നതെന്നറിയില്ല. എന്തു തെറ്റാണു ഞാന്‍ ചെയ്തത്', കുമാരസ്വാമി ചോദിച്ചു.
പ്രസംഗത്തില്‍ താന്‍ കോണ്‍ഗ്രസിനോ അതിന്റെ ഏതെങ്കിലും ഒരു നേതാവിനോ എതിരെ ഒന്നും തന്നെ പറഞ്ഞിരുന്നില്ല. അത് ജെഡിഎസിന്റെ പാര്‍ട്ടി പരിപാടിയായിരുന്നു. അതിനിടയ്ക്കാണു താന്‍ വികാരാധീനനായത്. മാധ്യമങ്ങള്‍ അതിനെ തെറ്റായി വിലയിരുത്തുകയായിരുന്നെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.
'നിങ്ങളെല്ലാവരും സന്തോഷവാന്മാരാണ്. എന്നാല്‍ എന്റെ കാര്യം അങ്ങനെയല്ല. കൂട്ടുകക്ഷി ഭരണത്തിന്റെ വേദന എനിക്കിപ്പോള്‍ നന്നായറിയാം. ഈ സഖ്യസര്‍ക്കാര്‍ സമ്മാനിച്ച വിഷം വിഴുങ്ങിയ അവസ്ഥയിലാണു ഞാന്‍' എന്നായിരുന്നു കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ ചേര്‍ന്ന ജെഡിഎസ് യോഗത്തില്‍ കുമാരസ്വാമിയുടെ പരാമര്‍ശം. സഖ്യസര്‍ക്കാര്‍ രൂപീകരിച്ചു രണ്ടു മാസം തികയുന്ന അവസരത്തിലായിരുന്നു പ്രസ്താവന. ലോകത്തെ രക്ഷിക്കാന്‍ വിഷം കുടിച്ച പരമശിവന്റെ അവസ്ഥയാണു തനിക്കെന്നും അണികളോട് അദ്ദേഹം വ്യക്തമാക്കി.