CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 51 Minutes 3 Seconds Ago
Breaking Now

ഗാന്ധിഭവന്റെ സ്ഥാപകനും , മനുഷ്യസ്‌നേഹിയുമായ ഡോ : പുനലൂര്‍ സോമരാജന്‍ ഈ വരുന്ന ശനിയാഴ്ച്ച ലണ്ടന്‍ മലയാളികളോട് സംസാരിക്കുന്നു

ഡോ : പുനലൂര്‍ സോമരാജന്‍ തന്റെ സ്വപ്നങ്ങളില്‍  കണ്ട് , തുടക്കം കുറിച്ച , ഇപ്പോഴും തുടര്‍ന്നു പോകുന്ന  തന്റെ പ്രസ്ഥാനത്തെപ്പറ്റി, അതിന്റെ പ്രവര്‍ത്തനത്തെപ്പറ്റി, ജീവകാരുണ്യ യാത്രയിലെ തന്റെ അനുഭവങ്ങളെപ്പറ്റി  സംസാരിക്കുന്നു. 'മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ'യുടെ ആഭിമുഖ്യത്തില്‍ ,'കട്ടന്‍ കാപ്പിയും കവിതയും' കൂട്ടായ്മയുടെ നേതൃത്വത്തില്‍,  ഈ വരുന്ന ജൂലൈ 21 ശനിയാഴ്ച വൈകിട്ട് ആറുമണി മുതല്‍, ഈസ്റ്റ് ലണ്ടനിലുള്ള മനര്‍ പാര്‍ക്കിലെ  കേരളാ ഹൗസി'ലാണ് ഈ മുഖാമുഖം അരങ്ങേറുന്നത് .ചരിത്രത്തില്‍ സ്വര്‍ണ്ണലിപികളാല്‍ ആലേഖനം ചെയ്യപ്പെടേണ്ട ഒരു ഗാന്ധിയന്‍ സ്വപ്നമാണ് ഡോ. പുനലൂര്‍ സോമരാജന്‍ യാഥാര്‍ത്ഥ്യമാക്കിയത്. 

ഗാന്ധിജി സ്വപ്നം കണ്ട ഒരു ചെറിയ ഇന്ത്യയാണ്  കൊല്ലം  ജില്ലയിലെ , പത്തനാപുരത്തുള്ള 'ഗാന്ധി ഭവന്‍' . ജാതിമതവര്‍ണ്ണ ഭേദങ്ങള്‍ക്കതീതമായ ഇന്ത്യയിലെ ഏറ്റവും വലിയ കൂട്ടുകുടുംബം. ഒരു മാസം മുതല്‍ 104 വയസ്സുവരെ പ്രായമുള്ള,  കുട്ടികള്‍ മുതല്‍ വയോധികര്‍ വരെ ഒരു കുടക്കീഴില്‍ ഈ കുടുംബത്തില്‍ ജീവിക്കുന്നു. വിവിധ ഭാഷ സംസാരിക്കുന്നവര്‍, വ്യത്യസ്ഥ ജാതിക്കാര്‍, മതക്കാര്‍ എന്തിന് ആദിവാസികള്‍ മുതല്‍ ആദിബ്രാഹ്മണര്‍ വരെയുള്ള ആയിരത്തി അഞ്ഞൂറോളം  മനുഷ്യ ജീവിതങ്ങള്‍ ഗാന്ധിഭവന്‍ ഇവര്‍ക്കെല്ലാം അഭയം നല്‍കിയിരിക്കുകയാണ്, ആശ്രയമായിരിക്കുകയാണ്. കുറച്ചുകൂടി തുറന്ന് പറഞ്ഞാല്‍ സംരക്ഷണം നല്‍കിയിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കൂട്ടുകുടുംബമാണ് ഗാന്ധിഭവന്‍. ലോകത്ത് ജാതി വര്‍ണ്ണ ഭേദങ്ങള്‍ ഇല്ലാതെ രക്തബന്ധത്തില്‍ പെട്ടവരല്ലാതെ ഒരേ കുടുംബത്തില്‍ ഇത്രയും മനുഷ്യര്‍ ഒന്നിച്ചു വസിക്കുന്ന ഒരിടം, ഒരഭയ കേന്ദ്രം ആഗോള തലത്തില്‍ നോക്കിയാല്‍ വേറെ ഇല്ലെന്ന് തന്നെ പറയാം .മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍, സഹോദരങ്ങള്‍ ഉപേക്ഷിച്ചവര്‍, വികലാംഗര്‍, രോഗികള്‍, കുട്ടികള്‍, 

വിധവകള്‍, ക്യാന്‍സര്‍ രോഗികള്‍, എച്ച്.ഐ.വി ബാധിച്ചവര്‍, തുടങ്ങി ഈ കുടുംബാംഗങ്ങളുടെ പട്ടിക നീളുന്നു. ബുദ്ധി ഇല്ലാത്തവരും, കാഴ്ചയും കേള്‍വിയും നഷ്ടപ്പെട്ടവരും, ശരീരം തളര്‍ച്ച ബാധിച്ചവരും, മനോബലം നഷ്ടമായവരും, മനോരോഗം തകര്‍ത്തവരും തെരുവില്‍ നിന്നെത്തിയവരും പീഢനങ്ങള്‍ ഏറ്റുവാങ്ങിയവരും ഈ ശരണാലയത്തിലുണ്ട്.ആരോരുമില്ലാത്തവര്‍ക്ക് എല്ലാവരും ഉണ്ടെന്ന് തെളിയിക്കുകയാണ് ഗാന്ധിഭവനില്‍. ആരുമില്ലാത്തവര്‍ക്ക് ഞാനുണ്ടെന്നാണ് ഗാന്ധിഭവന്റെ ജീവാത്മാവും പരമാത്മാവുമായ ഡോ. പുനലൂര്‍ സോമരാജന്‍ പറയുന്നത്. കൊച്ചുകുട്ടികള്‍ക്കു മുതല്‍ വയോവൃദ്ധര്‍ക്കുവരെ പുനലൂര്‍ സോമരാജന്‍ എന്ന മനുഷ്യസ്‌നേഹി അച്ഛാച്ഛനാണ് . അവരുടെ കാണപ്പെട്ട ദൈവം.ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിലെ ഒരുമയും പെരുമയും നേരില്‍ കാണാനും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ മനുഷ്യ ഹൃദയങ്ങള്‍ക്ക് സ്വാന്തനമേകാനുമെത്തുന്നവര്‍ നല്‍കുന്ന സ്‌നേഹ സമ്മാനങ്ങള്‍ മാത്രമാണ് ഇന്ന് ഗാന്ധിഭവനെ പിടിച്ചു നിര്‍ത്തുന്നത്. വിദേശ ഫണ്ടുകളോ ,  കാര്യമായ കേന്ദ്ര സംസ്ഥാന സഹായനിധികളൊ  ഒന്നും കൊണ്ടല്ല ഗാന്ധിഭവന്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടു കാലത്തെ  ചരിത്രവുമായി, സന്നദ്ധ സേവന പ്രവര്‍ത്തന ചരിത്രത്തിന്റെ ഏടുകളില്‍ ആലേഖനം ചെയ്യപ്പെടുന്നത്. സന്ദര്‍ശകരെ നമസ്‌തേ പറഞ്ഞു വരവേല്‍ക്കാനും കുടുംബാംഗങ്ങളുടെ ജീവിത പശ്ചാത്തലം പറഞ്ഞു മനസ്സിലാക്കി നല്‍കാനും നിയുക്തരായ അനേകം സന്നദ്ധ പ്രവര്‍ത്തകര്‍ കൂടി സേവനം ചെയ്യുന്ന ഇടം കൂടിയാണ് ഗാന്ധിഭവന്‍ 1500 ല്‍ പരം അന്തേവാസികള്‍, മതനിരപേക്ഷത മുഖമുദ്രയായ പ്രവര്‍ത്തനോര്‍ജ്ജം, കുടുംബാന്തരീക്ഷം പോലെ കാത്തു സൂക്ഷിക്കുന്ന പാരസ്പര്യം, ആഹാരവും, 

പാര്‍പ്പിടവും, ചികിത്സയും, ഉറപ്പുവരുത്തുന്ന സംരക്ഷണം, പുറം തള്ളപ്പെട്ടവരെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്ന കാരുണ്യം   'ഗാന്ധിഭവന്‍' എന്ന ശരണാലയത്തിന്റെ പ്രത്യേകതകളാണിത്.

ഭിന്നശേഷിയുള്ളവര്‍, വൃദ്ധര്‍, രോഗികള്‍, അബലകളായിപ്പോയവര്‍, ശാരീരികവും മാനസികവുമായ വൈകല്യം അനുഭവിക്കുന്നവര്‍, ഡേ കെയര്‍ മുതല്‍ പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ വരെയുള്ള പുതിയ തലമുറയിലെ അന്തേവാസികള്‍, ഇവരൊക്കെ ചേര്‍ന്നതാണ് ഡോ :പുനലൂര്‍ സോമരാജന്‍ ആരംഭിച്ച ഈ സ്‌നേഹ രാജ്യത്തിലെ' കുടുംബാംഗങ്ങള്‍.  ഇന്നിത് ഏഷ്യയിലെ ഏറ്റവും വലിയ മതനിരപേക്ഷ കൂട്ടുകുടുംബമായി അറിയപ്പെടുന്നു.ഡാ :പുനലൂര്‍ സോമരാജനെ നേരിട്ട് കാണുവാനും , അദ്ദേഹത്തിന്റെ ജീവകാരുണ്യ യാത്രയിലെ ത അനുഭവങ്ങളെപ്പറ്റി ശ്രവിക്കുവാനും  വരുന്ന ജൂലൈ 21 ശനിയാഴ്ച വൈകിട്ട് കേരളാ ഹൗസിലേക്കു  മലയാളി അസോസിയേഷന്‍ ഓഫ് ദി യു.കെ നിങ്ങളെ സ്വാഗതം ചെയ്യുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.