Breaking Now

ക്ലാസ്‌മേറ്റ്‌സിനെയും, അധ്യാപകരെയും കൂട്ടക്കൊല ചെയ്യാന്‍ പദ്ധതിയിട്ട യോര്‍ക്ക്ഷയറിലെ ആ പതിനഞ്ചുകാര്‍ ഇവരാണ്; കൊളംബിയന്‍ മോഡല്‍ അക്രമണം പദ്ധതിയിട്ട ആണ്‍കുട്ടികള്‍ക്ക് 22 വര്‍ഷത്തെ ജയില്‍ശിക്ഷ; പൊളിച്ചത് കാമുകി

മകന്റെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ പ്രശ്‌നം തോന്നിയ മാതാപിതാക്കള്‍ ഇതേക്കുറിച്ച് വിവരം നല്‍കിയെങ്കിലും പോലീസ് കാര്യമായി എടുത്തില്ല

ബ്രിട്ടന് സുപരിചിതമല്ല ഇത്തരം അക്രമണങ്ങള്‍. പക്ഷെ തോക്ക് ആര്‍ക്കും കൈവശം വെയ്ക്കാവുന്ന അമേരിക്കയില്‍ ഇത്തരം അക്രമണങ്ങള്‍ സ്ഥിരം സംഭവമാണ്. സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അധ്യാപകരോടും, ഏതെങ്കിലും സഹവിദ്യാര്‍ത്ഥികളോടുമുള്ള രോഷം തീര്‍ക്കാന്‍ സ്‌കൂളില്‍ ആയുധങ്ങളുമായി എത്തി കൂട്ടക്കൊല നടത്തുന്ന സംഭവങ്ങള്‍ അമേരിക്കയില്‍ നിന്നുമാണ് അധികമായും നമ്മള്‍ കേട്ടിരിക്കുന്നത്. എന്നാല്‍ ഇത്തരമൊരു കൂട്ടക്കൊല ബ്രിട്ടീഷ് മണ്ണില്‍ നടപ്പാക്കാന്‍ പദ്ധതിയിട്ടത് 15 വയസ്സ് മാത്രം പ്രായമുള്ള രണ്ട് പേരാണ്. യോര്‍ക്ക്ഷയറില്‍ സ്‌കൂള്‍ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട ആ രണ്ട് മഹത് വ്യക്തികള്‍ക്ക് ആകെ 22 വര്‍ഷത്തെ ശിക്ഷയാണ് കോടതി വിധിച്ചത്. 

ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും അതിക്രമമായി മാറിയേക്കാമായിരുന്ന കൂട്ടക്കൊല നടത്താനാണ് തോമസ് വൈലി, അലക്‌സ് ബോളണ്ട് എന്നിവര്‍ തയ്യാറെടുത്തത്, അതും കേവലം 14 വയസ്സ് പ്രായമുള്ളപ്പോള്‍. തോക്കുകളും, നാടന്‍ ബോംബുകളും ഉപയോഗിക്കാനായിരുന്നു ഉദ്ദേശം. ക്ലാസ്‌മേറ്റ്‌സിനെയും, അധ്യാപകരെയും കൊന്നുവീഴ്ത്തി ഹീറോസായി മാറുകയായിരുന്നത്രേ ഈ സുഹൃത്തുക്കളുടെ മോഹം. 1999-ല്‍ കൊളറാഡോയില്‍ എറിക് ഹാരിസ്, ഡൈലാന്‍ ക്ലിബോള്‍ഡ് എന്നിവര്‍ ചേര്‍ന്ന് 13 പേരെ കൊന്നൊടുക്കിയ സംഭവത്തിന്റെ ചുവട് പിടിച്ചായിരുന്നു ഇവരുടെ ആഗ്രഹം. 

യുഎസ് ഷൂട്ടിംഗുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇവര്‍ ഓണ്‍ലൈനില്‍ തിരഞ്ഞിരുന്നു. ഒപ്പം കൊളംബിയന്‍ കൂട്ടക്കൊലയുടെ സിസിടിവി ദൃശ്യങ്ങള്‍ കണ്ട ഇവര്‍ തങ്ങളുടെ കുപ്രശസ്ത ഹീറോസിനെ പോലെ വസ്ത്രവും ധരിച്ചിരുന്നതായി കോടതിയില്‍ വിശദീകരിക്കപ്പെട്ടു. നോര്‍ത്ത്അലേര്‍ട്ടണിലെ തങ്ങളുടെ സ്‌കൂളിലാണ് രാജ്യത്തെ ഞെട്ടിപ്പിക്കുന്ന കൂട്ടക്കൊല നടത്താന്‍ ഇരുവരും മോഹിച്ചത്. ഇത് കൂടാതെ തങ്ങള്‍ക്ക് കൊല്ലേണ്ടവരുടെ ഹിറ്റ് ലിസ്റ്റും ഇവര്‍ തയ്യാറാക്കി. തങ്ങളെ പരിഹസിച്ച വിദ്യാര്‍ത്ഥികളും, അധ്യാപകരും ഉള്‍പ്പെടുന്നതായിരുന്നു പട്ടിക. 

എന്നാല്‍ കൂട്ടത്തിലൊരാള്‍ സ്‌നാപ്ചാറ്റില്‍ വനിതാ സുഹൃത്തിനോട് പദ്ധതിയെക്കുറിച്ച് കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയതോടെയാണ് കൂട്ടക്കൊല ഒഴിവായത്. പോലീസ് നടത്തിയ തെരച്ചിലില്‍ ബോംബും മറ്റ് ആയുധങ്ങളും ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. താന്‍ ദൈവമായി മാറിക്കൊണ്ട് ആര് ജീവിക്കണം ആര് മരിക്കണം എന്ന് തീരുമാനിക്കുമെന്ന് കുറിപ്പെഴുതിയ തോമസ് വൈലിയ്ക്ക് 12 വര്‍ഷമാണ് ജയിലറയില്‍ കിടക്കേണ്ടത്. മകന്റെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ പ്രശ്‌നം തോന്നിയ മാതാപിതാക്കള്‍ ഇതേക്കുറിച്ച് വിവരം നല്‍കിയെങ്കിലും പോലീസ് കാര്യമായി എടുത്തില്ല. സഹവിദ്യാര്‍ത്ഥികളും, അധ്യാപകരും നല്‍കിയ പരാതിയും ഇതുപോലെ അവസാനിച്ചു. ബോളണ്ടിന് പത്ത് വര്‍ഷത്തെ ജയിലാണ് വിധിച്ചത്. 
കൂടുതല്‍വാര്‍ത്തകള്‍.