മുംബൈ: രാജ്യത്ത് ഏറ്റവും അധികം വിറ്റുപോകുന്ന യാത്രാ വാഹനങ്ങളില്‍ ആള്‍ട്ടോയെ പിന്തള്ളി മാരുതി സുസുക്കിയുടെ തന്നെ കോംപാക്ട് സെഡാന് ഡിസയര്‍ ഒന്നാമത്. ജൂണിലെ കണക്കുകളിലാണ് ആദ്യ പത്തില്‍ ആള്‍ട്ടോ മൂന്നാം സ്ഥാനത്തേക്ക് പോയത്.
മാരുതിയുടെ വിറ്റാര ബ്രെസയെ ഹ്യുണ്ടായുടെ എസ്യുവി ക്രേറ്റ മറികടന്നതിനും ജൂണ്‍ സാക്ഷിയായി. ഹോണ്ടയുടെ പുതിയ അമേസ് ടോപ്പ് പത്തില്‍ ഇടംപിടിച്ചപ്പോള്‍ സെലേറിയോ പട്ടികയില്‍ നിന്നും പുറത്തായി.
സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് ലിസ്റ്റ് പ്രകാരം മാരുതിയുടെ ആറ് മോഡലുകളും, ഹ്യുണ്ടായുടെ മൂന്നും, ഹോണ്ടയുടെ ഒരു വാഹനവുമാണ് ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ആദ്യ പത്ത് വാഹനങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
18,758 യൂണിറ്റ് ഡിസയറുകളാണ് മാരുതി ജൂണില്‍ വിറ്റഴിച്ചത്. സ്വിഫ്റ്റാണ് രണ്ടാം സ്ഥാനത്ത്, 18,171 യൂണിറ്റുകള്‍. നാലാം സ്ഥാനത്ത് മാരുതിയുടെ തന്നെ ബലേനോയാണ്. 17,850 യൂണിറ്റുകളാണ് വിറ്റത്. വാഗണ്‍ ആര് അഞ്ചാമത് എത്തി.
എതിരാളികളായ ഹ്യുണ്ടായ് ആറാം സ്ഥാനം മുതലാണ് ഇടംപിടിച്ചത്. എലൈറ്റ് ഐ20യാണ് ഈ സ്ഥാനത്ത്. എസ്യുവി ക്രേറ്റ ഏഴാം സ്ഥാനം നേടി. എട്ടാം സ്ഥാനത്താണ് വിറ്റാര ബ്രെസ. ഗ്രാന്‍ഡ് ഐ10 ഒന്പതാമതും, ഹോണ്ടയുടെ അമേസ് പത്താമതും ഇടംനേടി.