ഡോക്ടര്‍മാരുടെ പ്രവര്‍ത്തി വൈദഗ്ധ്യമാണ് അവരുടെ മികവിനെ നിശ്ചയിക്കുന്നത്. അതുകൊണ്ടാണ് ഡോക്ടര്‍മാര്‍ക്ക് മറ്റുള്ള എല്ലാ കാര്യങ്ങളേക്കാലും കൂടുതല്‍ പ്രാധാന്യം അവരുടെ പ്രാക്ടീസിന് നല്‍കുന്നത്. എന്നാല്‍ ഇങ്ങനെയൊരു പ്രാക്ടീസ് എഴുതിച്ചേര്‍ക്കുന്നതിന് സാമാന്യബുദ്ധി കൂടി പ്രയോഗിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ ഡോക്ടറുടെ കഥ. 46 വര്‍ഷത്തെ മെഡിക്കല്‍ എക്സ്പീരിയന്‍സ് ഒരു വലിയ കാര്യമായി തോന്നാമെങ്കിലും 41-ാം വയസ്സിലാണ് ഇത് തന്റെ കരിക്കുലംവൈറ്റെയില് ഡോ. കാഷിഫ് സാമിന് എഴുതിച്ചേര്‍ത്തത്.
കുടുങ്ങാന്‍ ഇതിലും വലിയ കാര്യങ്ങള്‍ ഒന്നും ആവശ്യമില്ലാത്തത് കൊണ്ട് ഡോക്ടറുടെ സേവനം പൂര്‍ണ്ണമായും നിര്ത്തിക്കൊള്ളാനാണ് ഉത്തരവ് ലഭിച്ചത്. പ്രവൃത്തിപരിചയം, യൂണിവേഴ്സിറ്റി ഡിഗ്രി, സൊസൈറ്റികളുമായുള്ള ബന്ധം എന്നിവ വ്യാജമായി ഉണ്ടാക്കിയത് മുന്‍നിര്‍ത്തിയാണ് ഡോ. കാഷിഫ് സാമിനെ ആജീവനാന്തം പ്രാക്ടീസില്‍ നിന്നും വിലക്കിയത്. ഡോ. കാഷിഫ് പടച്ചുവിട്ട നുണകളെക്കുറിച്ച് ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് സര്‍വ്വീസ് വിചാരണയില്‍ വിശദീകരിക്കപ്പെട്ടു.
നോര്‍ത്ത് വെയില്‍സ് ഗ്ലാന്‍ ക്ലൈഡ് ഹോസ്പിറ്റലില്‍ ജോലിക്കായി അപേക്ഷിച്ചപ്പോള്‍ തനിക്ക് എമര്‍ജന്‍സി മെഡിസിനില്‍ മാസ്റ്റേഴ്സ് ഡിഗ്രി ഉണ്ടെന്നായിരുന്നു സാമിന് അവകാശപ്പെട്ടത്. എന്നാല്‍ ഇയാള്‍ കോഴ്സ് പൂര്‍ത്തിയാക്കാതെ നിര്‍ത്തിയിരുന്നു. 41 വയസ്സുള്ളപ്പോഴാണ് 46 വര്‍ഷത്തെ അനുഭവസമ്പത്ത് ഉള്ളതായി രേഖപ്പെടുത്തിയ സിവി ഓണ്‍ലൈനില്‍ പോസ്റ്റിയത്. കൂടാതെ താന്‍ ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ പഠിച്ചതായും ജിപി സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പ്രഖ്യാപിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ ഇവിടുത്തെ ലൈബ്രറി മാത്രം സന്ദര്ശിച്ചിട്ടുള്ളുവെന്ന് സാമിന് പിന്നീട് സമ്മതിച്ചു.
ജേണല്‍ ഓഫ് ഗ്യാസ്ട്രോഎന്ററോളജിയില്‍ ലേഖനം പ്രസിദ്ധീകരിച്ചെന്ന് അവകാശപ്പെട്ടെങ്കിലും ഇതുവരെ ഇതിന്റെ തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. അമേരിക്കന്‍ അസോസിയേഷന് ഓഫ് എയിസ്തെറ്റിക് സര്‍ജന്‍സില്‍ അംഗമാണെന്ന് പറഞ്ഞതായിരുന്നു മറ്റൊരു കളവ്. ഇങ്ങനെയൊരു അസോസിയേഷന് തന്നെ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. മാഞ്ചസ്റ്ററില്‍ നടന്ന വിചാരണയ്ക്ക് ശേഷം നോര്‍ത്ത് വെയില്‍സില്‍ നിന്നുമുള്ള സാമിനെ മെഡിക്കല്‍ രജിസ്റ്ററില്‍ നിന്നും പുറത്താക്കാന്‍ ട്രിബ്യൂണല്‍ തീരുമാനിച്ചു. രോഗികളുടെ വിശ്വാസം തകര്‍ക്കുകയും, മെഡിക്കല്‍ പ്രൊഫഷന് നാണക്കേട് സമ്മാനിക്കുകയും ചെയ്ത പ്രവര്‍ത്തനങ്ങളാണ് സാമിന് നടത്തിയതെന്ന് എംപിടിഎസ് പാനല്‍ ചെയര്മാന് ഡാമിയന്‍ കൂപ്പര്‍ പറഞ്ഞു.
പാകിസ്ഥാനിലെ പെഷവാര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും സാമിന് ഡോക്ടറാകാന്‍ യോഗ്യത നേടിയത്. വീട് വില്‍പ്പന രേഖയില്‍ ഭാര്യയുടെ കൈയൊപ്പ് വ്യാജമായി പതിച്ചതിന് 12 മാസത്തെ കമ്മ്യൂണിറ്റി ഓര്‍ഡറാണ് ശിക്ഷയായി ലഭിച്ചത്.