CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 55 Minutes 19 Seconds Ago
Breaking Now

ഒരൊറ്റ ചുംബനം അകലെയുണ്ട് മരണം; പ്രതിരോധ ശേഷിയില്ലാത്ത നാല് മാസം പ്രായമുള്ള കുഞ്ഞ് ജീവിക്കുന്നത് സീല്‍ ചെയ്ത ആശുപത്രി മുറിയില്‍; മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് അനുയോജ്യമായ ദാതാവിന്റെ കരുണ തേടി നഴ്‌സിന്റെ മകള്‍

18-ാം വയസ്സില്‍ ബോണ്‍ മാരോ ഡോണറായ കാസിഡി കൂടുതല്‍ പേരോട് ഇതിന് സന്നദ്ധരാകാന്‍ ആഹ്വാനം ചെയ്യുന്നു

സ്‌നേഹപൂര്‍വ്വമായ ഒരു ചുംബനം, അതിന് ഒരു ജീവനെടുക്കാന്‍ കഴിയുമെന്ന് ചിന്തിക്കാന്‍ കഴിയുമോ! ചുംബനത്തിലൂടെ പകരുന്ന രോഗാണുക്കളെ ശരീരത്തില്‍ നിന്നും പുറംതള്ളാന്‍ കരുത്തുന്ന പ്രതിരോധ ശേഷിയാണ് നമ്മളെയൊക്കെ അപകടത്തില്‍ നിന്നും രക്ഷിക്കുന്നത്. എന്നാല്‍ ഈ ഇമ്മ്യൂണ്‍ സിസ്റ്റം ഇല്ലാതെ പിറന്നാലോ, അതാണ് നാല് മാസം പ്രായമുള്ള അരിയേലാ ആന്‍ഡ്രൂസിന്റെ സ്ഥിതി. പ്രതിരോധ ശേഷിയില്ലാതെ പിറന്നുവീണ ഇവളുടെ ജീവന്‍ കവരാന്‍ അമ്മ സ്‌നേഹപൂര്‍വ്വം നല്‍കുന്ന ഒരു ചുംബനം മതി. മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയാല്‍ മാത്രമാണ് ഈ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ കഴിയുക. 

നോട്ടിംഗ്ഹാംഷയറില്‍ നിന്നുമുള്ള അരിയേലായ്ക്ക് അപൂര്‍വ്വമായ സ്ഥിതിവിശേഷമാണുള്ളത്. സിവിയര്‍ കംബൈന്‍ഡ് ഇമ്മ്യൂണോഡെഫിഷ്യന്‍സി- എസ്‌സിഐഡി, എന്ന അവസ്ഥ പ്രകാരം ഇമ്മ്യൂണ്‍ സിസ്റ്റം പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്നില്ല. ഇതോടെ രോഗാണുക്കള്‍ കടക്കാതിരിക്കാന്‍ തയ്യാറാക്കിയ ആശുപത്രിയിലെ സീല്‍ ചെയ്ത മുറിയിലായിരുന്നു ഒരു മാസത്തോളം താമസം. കുഞ്ഞിന്റെ ശരീരത്തിന് പ്രതിരോധിക്കാന്‍ കഴിയാത്ത ഇന്‍ഫെക്ഷനുകളെ അകറ്റാന്‍ ആന്റിബയോട്ടിക് നിറച്ചുവെച്ചിരുന്നു. അമ്മ കാസിഡി ഗൗണും, ഗ്ലൗസും, മാസ്‌കും ധരിച്ചാണ് ആദ്യ ദിനങ്ങളില്‍ മകളുടെ അടുത്തെത്തിയത്. 

ഗ്ലാസ് വീട്ടിലെ പെണ്‍കുഞ്ഞ് എന്ന് വിളിക്കപ്പെടുന്ന അരിയേലാ ആന്‍ഡ്രൂസ് ഇപ്പോള്‍ ലണ്ടന്‍ ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായി മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ചേരുന്ന ഒരു ദാതാവിനെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കള്‍. നോട്ടിംഗ്ഹാംഷയറിലെ മാന്‍സ്ഫീല്‍ഡില്‍ വീടും കുടുംബവും, ജോലിയും വിട്ടാണ് നഴ്‌സ് കാസിഡി മകളുടെ കഥ പറയുന്നത്. മജ്ജ ദാനം ചെയ്യാന്‍ ആളുകളോട് ഇവര്‍ അപേക്ഷിക്കുന്നു. 'ചില ദിവസങ്ങളില്‍ തീര്‍ത്തും നിസ്സഹായമായ അവസ്ഥയിലേക്ക് പോകും. അവളെ തൊടാന്‍ പോലും കഴിയാത്ത സമയങ്ങളുണ്ട്. ഇപ്പോള്‍ എയര്‍ ഫില്‍റ്റര്‍ ചെയ്ത മുറിയില്‍ കുഞ്ഞിനെ പരിപാലിക്കാന്‍ കഴിയുന്നുണ്ട്. ഇത്രയും ബുദ്ധിമുട്ടിലും അവള്‍ ചിരിക്കും', കാസിഡി പറയുന്നു. 

18-ാം വയസ്സില്‍ ബോണ്‍ മാരോ ഡോണറായ കാസിഡി കൂടുതല്‍ പേരോട് ഇതിന് സന്നദ്ധരാകാന്‍ ആഹ്വാനം ചെയ്യുന്നു. അരിയേലയ്ക്ക് മജ്ജ ദാനം ചെയ്യുന്നവര്‍ അവളുടെ ജീവനാണ് രക്ഷിക്കുന്നതെന്ന് അമ്മ ഓര്‍മ്മിപ്പിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.