Breaking Now

ഇടുക്കിയിലെ കൂട്ടകൊലപാതകം ; മന്ത്രശക്തികിട്ടാന്‍ സഹായി ആസൂത്രണം ചെയ്തത് ; മന്ത്രവാദവും സാമ്പത്തിക ഇടപാടുകളും കൊലപാതകത്തിന് കാരണമായി

ദുര്‍മന്ത്രവാദവും സാമ്പത്തിക ഇടപാടുകളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

ഇടുക്കി ; മുണ്ടന്‍മുടി കമ്പകക്കാനത്ത് നാലംഗ കുടുംബത്തിന്റെ ദാരുണ മരണത്തിന് ഇടയാക്കിയത് കുടുംബനാഥന്‍ കൃഷ്ണനെ കൊന്നാല്‍ മന്ത്രശക്തി കിട്ടുമെന്ന പ്രതികളുടെ വിശ്വാസം. കൃഷ്ണന്റെ സഹായിയായിരുന്ന അനീഷാണ് കൊലപാതകത്തിന്റെ ആസൂത്രകന്‍. ദുര്‍മന്ത്രവാദവും സാമ്പത്തിക ഇടപാടുകളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. 

പ്രതികള്‍ ചേര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് കൃഷ്ണനേയും കുടുംബത്തേയും കൊലപ്പെടുത്തിയത്. അനീഷന്റെ ബൈക്കിലാണ് മന്ത്രവാദിയായ കൃഷ്ണന്റെ സഞ്ചാരം. എന്നാല്‍ കൃഷ്ണനും കുടുംബവും മരിച്ച ദിവസവും ശവസംസ്‌കാര ചടങ്ങുകളിലും ഇയാള്‍ പങ്കെടുത്തിരുന്നില്ല. ഇത് അന്വേഷണ സംഘത്തിനെ സംശയത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് അനീഷിലേക്ക് എത്തുന്നത്. പ്രതികളുടെ ആക്രമണത്തെ കൃഷ്ണന്റെ മകള്‍ ആര്‍ഷ എതിര്‍ത്തിരുന്നു. സംഭവത്തില്‍ അനീഷിന്റെ കൈക്ക് പരിക്കേറ്റു. ഇത് നിര്‍ണായക തെളിവായി മാറി.

അതേ സമയം, ഞായറാഴ്ച വീടിന് പുറത്തേക്ക് വിളിച്ചിറക്കി കൊലപ്പെടുത്തിയ കൃഷ്ണനേയും കുടുംബത്തേയും പിറ്റേന്നാണ് കുഴിച്ചിടുന്നത്. ഈ സമയം കൃഷ്ണനും മകന്‍ അര്‍ജുനും ജീവനുണ്ടായിരുന്നു. എന്നാല്‍ പ്രതികള്‍ ഇതു വകവയ്ക്കാതെ ഇരുവരേയും കുഴിയിലിട്ട് മൂടുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.