CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 43 Minutes 4 Seconds Ago
Breaking Now

ദിവസേന ഒരു വൃക്ഷം നട്ടുപിടിപ്പിച്ചു ; ഒടുവില്‍ 35 വര്‍ഷം കൊണ്ട് സൃഷ്ടിച്ചത് ഒരു കാട്

ഇന്ത്യയിലെ കാട് മനുഷ്യന്‍ എന്നറിയപ്പെടുന്ന ജാദവ് മാജുലി ദ്വീപിലെ 1360 ഏക്കറില്‍ ഒരു കാടാണ് സൃഷ്ടിച്ചത്.

ദില്ലി: നമ്മള്‍ ഒറ്റയ്ക്ക് ശ്രമിച്ചാല്‍ എന്ത് മാറ്റം ഉണ്ടാകാനാണ്. എല്ലാവരുടെയും മനസ്സില്‍ ഉയരുന്ന ഒരു ചോദ്യമാണിത്. ഇതിന് മറുപടി കണ്ടെത്താനൊന്നും ആരും മെനക്കെടാറില്ല. പകരം ആട്ടിന്‍കൂട്ടത്തെ പോലെ കാലത്തിന്റെ ഒഴുക്കില്‍ നമ്മളും മുന്നോട്ട് പോകും. എന്നാല്‍ ഈ മനുഷ്യന്‍ അങ്ങിനെ ചിന്തിച്ചില്ല, അതിന്റെ ഫലം വിസ്മയിപ്പിക്കുന്നതുമായി. 

കെട്ടിടങ്ങളേക്കാള്‍ കൂടുതല്‍ മരങ്ങള്‍ വേണമെന്ന് അറിയാമെങ്കിലും ഇതിനായി ഒന്നും ചെയ്യാത്തവരാണ് നമ്മള്‍. പക്ഷെ ജാദവ് മൊളായ് പായെംഗ് ഒറ്റയ്ക്ക് ആ കര്‍മ്മത്തിന് ഇറങ്ങിത്തിരിച്ചു. ഒടുവില്‍ സൃഷ്ടിക്കപ്പെട്ടത് ഒരു കാടാണ്. വരള്‍ച്ചയെത്തുടര്‍ന്ന് ആസാമിലെ മാജുലി ദ്വീപ് ഇല്ലാതാകുമെന്ന് ശാസ്ത്രജ്ഞര്‍ വിധിച്ചപ്പോഴായിരുന്നു ജാദവിന്റെ രംഗപ്രവേശം. 

1969ല്‍ ജാദവിന് 16 വയസ്സുള്ളപ്പോഴാണ് പ്രദേശം കടുത്ത വരള്‍ച്ചയില്‍ പെട്ടത്. കൊടുംചൂടില്‍ പാമ്പുകള്‍ പോലും ചത്തൊടുങ്ങി. ഈ സമയത്താണ് ഏതാനും വര്‍ഷങ്ങള്‍ക്കകം ദ്വീപ് മരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ വിധിച്ചത്. ഇതിന് അനുവദിക്കാന്‍ കഴിയില്ലെന്ന് തീരുമാനിച്ച ജാദവ് ഇവിടെ ദിവസേന ഒരു വൃക്ഷത്തൈ വീതം നട്ടുതുടങ്ങി. 

ഒന്നും രണ്ടുമല്ല 35 വര്‍ഷക്കാലമാണ് ജാദവ് ഈ ദൗത്യത്തില്‍ ഏര്‍പ്പെട്ടത്. അതിനുള്ള ഫലവും ഒടുവില്‍ ലഭിച്ചു. ഇന്ത്യയിലെ കാട് മനുഷ്യന്‍ എന്നറിയപ്പെടുന്ന ജാദവ് മാജുലി ദ്വീപിലെ 1360 ഏക്കറില്‍ ഒരു കാടാണ് സൃഷ്ടിച്ചത്. റോയല്‍ ബംഗാള്‍ കടുവ മുതല്‍ ആനയും, റൈനോയും, പുലിയും, മാനും മറ്റ് കാട്ടുമൃഗങ്ങളും വരെ വസിക്കുന്ന ഇടമാണ്. 

വെളുപ്പിന് 3 മണിക്ക് എഴുന്നേറ്റ് തന്റെ കാട്ടിലെത്തി വിത്തുകള്‍ ശേഖരിക്കുന്നു. ഈ ഹിമാലയന്‍ ദൗത്യത്തില്‍ വിജയിച്ച ജാദവിനെ രാജ്യം 2015ല്‍ പത്മശ്രീ നല്‍കി ആദരിച്ചു. കാട് തന്റെ കുടുംബമാണെന്ന് വിശ്വസിക്കുന്ന ജാദവ് ഇത് കൂടുതല്‍ വളര്‍ത്താനുള്ള ഒരുക്കത്തിലാണ്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.