വടകരപ്പതിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ കോഴിപ്പാറ നാലുസെന്റ് കോളനി സ്വദേശികളായ അച്ഛന് മുരുകവേല്‍ (38), അമ്മ ഗീത (28), മുത്തശ്ശി നാരായണി (56) എന്നിവരെ അറസ്റ്റ് ചെയ്തു.
കുഞ്ഞ് പെണ്ണാണെന്ന് അറിയുകയും വളര്‍ത്താന്‍ ശേഷിയില്ലെന്ന് തോന്നുകയും ചെയ്തതോടെ അമ്മയും മുത്തശ്ശിയും ചേര്‍ന്ന് അച്ഛന്റെ അറിവോടെ കൊലപ്പെടുത്തുകയായിരുന്നു. നാലു മാസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം. രണ്ടു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമുള്ള ഗീത നാലാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്നു. ഗര്‍ഭിണിയായിരുന്ന ഗീതയെ സ്വാഭാവിക നിലയില്‍ കണ്ട് സംശയം തോന്നിയ നാട്ടുകാരുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്.
പ്രസവിച്ചയുടന്‍ കുഞ്ഞ് മരിച്ചതിനാല്‍ വീട്ടുവളപ്പിലെ തെങ്ങിന് ചുവട്ടില്‍ കുഴിച്ചിട്ടെന്നാണ് ഇവര്‍ മൊഴി നല്‍കിയത്. തുടര്‍ന്ന് ചൊവ്വാഴ്ച അന്വേഷണ സംഘം മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലെത്തിച്ചു. രണ്ടടി ആഴമുള്ള കുഴിയിലെ പ്ലാസ്റ്റിക് കവറില്‍ തല ഒഴികെ മറ്റു ഭാഗമെല്ലാം അഴുകിയ നിലയിലായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഡോക്ടറില്‍ നിന്ന് കുഞ്ഞ് കഴുത്തു ഞെരിച്ച് കൊല്ലപ്പെട്ടതാണെന്ന് പോലീസിന് ബോധ്യമായി. ഏപ്രില്‍ 12 ന് രാത്രിയാണ് ഗീത പ്രസവിച്ചത് .