Breaking Now

ലണ്ടനില്‍ നിന്നും ദുബായിലേക്കുള്ള വിമാനയാത്രയില്‍ ഒരു ഗ്ലാസ് വൈന്‍ കുടിച്ച ഡോക്ടറെ പോലീസ് പിടികൂടി; നാല് വയസ്സുള്ള മകള്‍ക്കൊപ്പം മൂന്ന് ദിവസം ജയിലിലടച്ചു; പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു, പ്രാക്ടീസും, പണവും നഷ്ടമായെന്ന് ഡോക്ടര്‍; അറിയണം ഈ ദുരവസ്ഥ

കെന്റിലെ സെവനോക്‌സില്‍ നിന്നുമുള്ള മൂന്ന് മക്കളുടെ അമ്മയാണ് ഈ ഡെന്റിസ്റ്റ്

വിമാനത്തില്‍ കിട്ടുന്ന മദ്യം വലിച്ച് കയറ്റുന്ന ചില ആളുകളുണ്ട്. ഫ്രീ ആണെങ്കില്‍ പറയുകയും വേണ്ട. എന്നാല്‍ വിമാനം യാത്ര ചെയ്ത് ഇറങ്ങുന്നത് ഏതെങ്കിലും ഗള്‍ഫ് രാജ്യത്താണെങ്കില്‍ കളിമാറും. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ലണ്ടനില്‍ നിന്നും ദുബായിലേക്ക് പറന്ന ഈ ഡോക്ടറുടെ അവസ്ഥ. ഒരു ഗ്ലാസ് വൈന്‍ കഴിച്ച് ദുബായിലെത്തിയ എല്ലി ഹോള്‍മാനെ നാല് വയസ്സുള്ള മകള്‍ക്കൊപ്പമാണ് മൂന്ന് ദിവസം ദുബായ് ജയിലില്‍ പാര്‍പ്പിച്ചത് 

എട്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിമാനയാത്ര കഴിഞ്ഞെത്തിയ 44-കാരിയായ ഹോള്‍മാനോട് ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ ഒഫീഷ്യല്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് ചോദിച്ചതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്. കെന്റിലെ സെവനോക്‌സില്‍ നിന്നുമുള്ള മൂന്ന് മക്കളുടെ അമ്മയാണ് ഈ ഡെന്റിസ്റ്റ്. ഇവരെ ചൂടുപിടിച്ച എയര്‍പോര്‍ട്ട് ഡിറ്റന്‍ഷന്‍ സെന്ററിലേക്കാണ് നീക്കിയത്. ഭര്‍ത്താവ് ഗാരിയെ വിളിക്കാന്‍ പോലും സമ്മതിച്ചില്ല. അതിലും വലിയ ബുദ്ധിമുട്ടിലേക്ക് താന്‍ കടന്നിരിക്കുകയാണെന്ന് ഡോക്ടര്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നു. ഒരു വര്‍ഷമെങ്കിലും വേണം കേസ് തീര്‍പ്പാകാന്‍. അതുവരെ അറബ് രാജ്യത്ത് തുടരണമെന്നാണ് ഇപ്പോഴത്തെ അവസ്ഥ. 

'സെല്ലിലെ വെറും നിലത്താണ് എന്റെ കുഞ്ഞ് മകള്‍ ടോയ്‌ലറ്റാക്കിയത്. ഇത്രയും കരഞ്ഞ് അവളെ ഇതിന് മുന്‍പ് കണ്ടിട്ടില്ല. പാസ്‌പോര്‍ട്ട് കേസ് തീരുന്നത് വരെ പിടിച്ചുവെച്ചിരിക്കുകയാണ്. ഇതിന് ഒരു വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് പറയുന്നത്. ഇതുവരെ നിയമഫീസും, ചെലവുകളുമായി 30000 പൗണ്ട് പൊടിഞ്ഞു. ജോലിയും, പ്രാക്ടീസും നഷ്ടമായി. ഒപ്പം സേവിംഗ്‌സും തീര്‍ന്നു', ഡോക്ടര്‍ പറയുന്നു. ജൂലൈ 13-നാണ് ലണ്ടനില്‍ നിന്നും ദുബായിലേക്ക് എമിറേറ്റ് വിമാനത്തില്‍ ഇവര്‍ യാത്ര ചെയ്തത്. ഭക്ഷണത്തോടൊപ്പം ഒരു ഗ്ലാസ് റെഡ് വൈനും ഇവര്‍ കഴിച്ചു. വിമാനത്താവളത്തിലെ പരിശോധനയില്‍ വിസാ കാലാവധി തീര്‍ന്നെന്നും ഉടന്‍ തിരിച്ച് പോകാനും ഇമിഗ്രേഷന്‍ ഓഫീസര്‍ ആവശ്യപ്പെട്ടു. 

എന്നാല്‍ എയര്‍പോര്‍ട്ടില്‍ നിന്നും പുതിയ വിസയ്ക്ക് ശ്രമിക്കാനായിരുന്നു ഡോ. ഹോള്‍മാന്റെ ശ്രമം. ഇതിന്റെ പേരിലുള്ള തര്‍ക്കം രോഷാകുലമായി മാറിയതോടെ ഉദ്യോഗസ്ഥന്‍ മറുപടി പറയാന്‍ വിസമ്മതിച്ചു. ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതോടെയാണ് സായുധ പോലീസ് ഇടപെട്ട് ഇവരെ നീക്കിയത്. എയര്‍പോര്‍ട്ട് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് യുഎഇയില്‍ കുറ്റകരമാണ്. സംഭവത്തില്‍ ഇടപെട്ട ബ്രിട്ടീഷ് മനുഷ്യാവകാശ എന്‍ജിഒ ഡീറ്റെയിന്‍ഡ് ഇന്‍ ദുബായ് സിഇഒ രാധാ സ്റ്റിര്‍ലിംഗ് ഇക്കാര്യത്തില്‍ വിദേശികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്. ടൂറിസ്റ്റുകള്‍ക്ക് ദുബായില്‍ മദ്യപിക്കാമെന്നത് തെറ്റിദ്ധാരണയാണ്. രക്തത്തില്‍ ആല്‍ക്കഹോള്‍ സ്ഥിരീകരിച്ചാല്‍ ജയിലില്‍ പോയത് തന്നെയാണ്, അവര്‍ പറയുന്നു. 
കൂടുതല്‍വാര്‍ത്തകള്‍.