CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 29 Seconds Ago
Breaking Now

അമ്മയുടെ ജീവന്‍ രക്ഷിച്ച നാല് വയസ്സുകാരി; സ്റ്റെയറില്‍ നിന്നും വീണ് തലയിടിച്ച് രക്തം വാര്‍ന്ന് ബോധം കെട്ട് കിടന്നത് നോക്കിനിന്നില്ല; ഫോണെടുത്ത് 999-ല്‍ വിളിച്ച് വിവരം അറിയിച്ചു; കുട്ടിയെ പുകഴ്ത്തി ഡുര്‍ഹാം പോലീസ്

ജീവന്‍ തിരിച്ച് കിട്ടിയതില്‍ അമ്മ മകള്‍ക്കാണ് നന്ദി പറയുന്നത്. 999-ല്‍ അവള്‍ വിളിച്ചില്ലായിരുന്നെങ്കില്‍ കഥ മാറുമായിരുന്നു

കണ്‍മുന്നില്‍ ഒരു അപകടം സംഭവിച്ചാല്‍ എന്ത് ചെയ്യണമെന്ന് പലര്‍ക്കും ഒരു രൂപവും കാണില്ല. മുതിര്‍ന്നവര്‍ പോലും പലപ്പോഴും ആംബുലന്‍സ് വിളിക്കുകയോ, ആശുപത്രിയില്‍ എത്തിക്കുകയോ ചെയ്യുന്നതിന് പകരം കരഞ്ഞ് നില്‍ക്കുന്ന കാഴ്ച നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ സ്വന്തം അമ്മ തലയില്‍ നിന്നും രക്തംവാര്‍ന്ന് ബോധംകെട്ട് നിലത്ത് കിടക്കുമ്പോള്‍ ഭയന്നുനിലവിളിച്ച് നോക്കിനില്‍ക്കാന്‍ ഈ നാല് വയസ്സുകാരി തയ്യാറായില്ല. അതുകൊണ്ട് തന്നെ അവള്‍ രക്ഷപ്പെടുത്തിയത് അമ്മയുടെ ജീവനാണ്. 

ധൈര്യപൂര്‍വ്വം പ്രവര്‍ത്തിച്ച നാല് വയസ്സുകാരി മിലാ ഡോബിയെ പ്രശംസ കൊണ്ട് പൊതിയുകയാണ് ഡുര്‍ഹാം പോലീസ്. ഒപ്പം മില നടത്തിയ എമര്‍ജന്‍സി കോള്‍ ഇവര്‍ പുറത്തുവിട്ടു. അമ്മ എല്ലെന്‍ ഓസില്‍ടണ്‍ സ്‌റ്റെയറില്‍ നിന്നും തലയടിച്ച് രക്തം വാര്‍ന്നതോടെ ബോധം നഷ്ടമായി. പക്ഷെ മില ഇത് കണ്ട് ഭയന്നുവിറച്ച് നിന്നില്ല. 999-ല്‍ വിളിച്ച് അമ്മയുടെ വിവരം അറിയിക്കുകയാണ് കുട്ടി ആദ്യം ചെയ്തത്. ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള ചെറിയ കുട്ടി പല വിവരങ്ങളും നല്‍കാന്‍ ബുദ്ധിമുട്ടിയെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ ആവശ്യമായ വിവരം നല്‍കിയതാണ് ഭാഗ്യമായത്. 

അമ്മ മയങ്ങി കിടക്കുകയാണെന്നാണ് ഓപ്പറേറ്ററോട് പെണ്‍കുട്ടി വ്യക്തമാക്കിയത്. പക്ഷെ തലയില്‍ നിന്നും രക്തം വാര്‍ന്നൊഴുകുന്നതായി കുട്ടി പറഞ്ഞു. സര്‍നെയിം പറയാന്‍ ആവശ്യപ്പെട്ടതോടെ ഇത് ഓര്‍മ്മിച്ചെടുക്കാന്‍ കുട്ടി ശ്രമിച്ചെങ്കിലും സാധിച്ചില്ല. എന്റെ പട്ടിയുടെ പേര് മാക്‌സെന്നാണ്, കുട്ടി കോള്‍ ഹാന്‍ഡ്‌ലറോട് പറഞ്ഞു. മുന്‍വാതില്‍ തുറന്ന് പോലീസുകാരെയും, പിന്നീട് പാരാമെഡിക്കുകളെയും അകത്തെത്തിച്ചു. അമ്മ എല്ലെനെ ഇവര്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ഹൈപ്പോഗ്ലൈക്കീമിയ ബാധിച്ച ഇവരുടെ ബ്ലഡ് ഷുഗര്‍ ലെവലിനെ ബാധിച്ചാണ് വീണത്. 

ജീവന്‍ തിരിച്ച് കിട്ടിയതില്‍ അമ്മ മകള്‍ക്കാണ് നന്ദി പറയുന്നത്. 999-ല്‍ അവള്‍ വിളിച്ചില്ലായിരുന്നെങ്കില്‍ കഥ മാറുമായിരുന്നു, അവര്‍ കൂട്ടിച്ചേര്‍ത്തു. മിലയെയും, രക്ഷിതാക്കളെയും ഡുര്‍ഹാം പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി അഭിനന്ദിച്ച് സമ്മാനവും നല്‍കിയാണ് തിരിച്ചുവിട്ടത്.




കൂടുതല്‍വാര്‍ത്തകള്‍.