ഭൂമിയില്‍ ഇങ്ങനെ ഒരാള്‍ പിറന്നിട്ടില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ നടത്തുന്ന ശ്രമത്തേക്കാള്‍ ക്രൂരമായി മറ്റെന്തുണ്ട്? ഒരു അമ്മയും, അച്ഛനുമാണ് സ്വന്തം മകളെ ആ മനുഷ്യത്വരഹിതമായ അവസ്ഥയിലൂടെ കൊണ്ടുപോയത്. വെയില്‍സിലെ ഭവനത്തില്‍ സ്കൂളില്‍ വിടാതെയും, കൂട്ടുകൂടാന്‍ അനുവദിക്കാതെയും വര്‍ഷങ്ങളോളം ഇവര്‍ മകളെ ലൈംഗിക പീഡനത്തിനും ചൂഷണത്തിനും ഇരയാക്കി. ഈ കേസില്‍ 23 വര്‍ഷക്കാലത്തെ ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്.
കുട്ടിയെ ഒരിക്കല്‍ പോലും കളിക്കാന്‍ പുറത്തുവിട്ടിരുന്നില്ല. സ്കൂളില്‍ അയയ്ക്കുകയോ, കൂട്ടുകാരോ ഉണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ നീണ്ട പീഡനങ്ങള്‍ക്കൊടുവില്‍ കുട്ടിയുടെ മാനസിക നിലയും തെറ്റി, സ്വാന്‍സി ക്രൗണ്‍ കോടതി വിധിച്ചു. രക്ഷിതാക്കളില്‍ നിന്നും വര്‍ഷങ്ങളോളം ഏറ്റുവാങ്ങിയ പീഡനം ദമ്പതികള്‍ ഫോട്ടാഗ്രാഫ് ചെയ്ത് സൂക്ഷിച്ചിരുന്നു. കുട്ടിയുടെ ഐഡന്റിറ്റി സംരക്ഷിക്കാന്‍ ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇംഗ്ലണ്ടിലെ പബ്ബില്‍ വെച്ചാണ് ഈ ദമ്പതികള്‍ കണ്ടുമുട്ടിയത്. സ്ത്രീക്ക് അന്ന് പ്രായം വെറും 16. മാസങ്ങള്‍ക്കകം ഇവര്‍ ഗര്‍ഭിണിയായി. ഇവര്‍ പിന്നീട് വെയില്‍സിലേക്ക് താമസം മാറി. കുടുംബം ഒരു ഘട്ടത്തിലും അയല്‍ക്കാരുമായി ഇടപഴകിയിരുന്നില്ലെന്ന് പ്രോസിക്യൂട്ടര്‍ റോബിന് റൗച്ച് വ്യക്തമാക്കി. ഹോം സ്കൂളിംഗ് നല്കി പൂന്തോട്ടത്തിന്റെ ഗെയിറ്റും, കര്‍ട്ടനും വരെ അടച്ചിടുകയാണ് പതിവ്. ഭാര്യയുടെ മാനസിക നിലയെയും ഭര്‍ത്താവ് മരുന്ന് നല്കി നിയന്ത്രിച്ചിരുന്നു. ഇവരുടെ കുടുംബവുമായുള്ള ബന്ധവും വിച്ഛോദിക്കപ്പെട്ടു. ഷോപ്പിംഗിന് പോകാന്‍ പോലും അനുവദിച്ചിരുന്നില്ല.
മകളെ ആരും അറിയാതെ പീഡിപ്പിക്കാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു ഇയാളുടെ ഉദ്ദേശം. ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഉടക്കിയതോടെയാണ് സംഭവങ്ങള്‍ പുറത്തുവരുന്നത്. ഭാര്യ പോലീസിനോട് കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ആദ്യ വിവാഹത്തിലെ മകളെയും പീഡിപ്പിച്ചതായി വ്യക്തമായി. ഭര്‍ത്താവിന് 12 വര്‍ഷവും, ഭാര്യക്ക് സൈക്യാട്രി ചികിത്സ നല്കുന്ന 11 വര്‍ഷം ശിക്ഷയുമാണ് കോടതി വിധിച്ചത്.