ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വില്‍ക്കപ്പെടുന്ന കളനാശിനിയായ റൗണ്ട്അപ്പ് ക്യാന്‍സര്‍ സൃഷ്ടിക്കുമെന്ന് അമേരിക്കയിലെ ജൂറി പ്രഖ്യാപിച്ചു. പരിശോധനകള്‍ക്കൊടുവില്‍ സ്കൂള്‍ ഗ്രൗണ്ട്സ്മാനായി ജോലി ചെയ്തിരുന്ന 46-കാരന് ഡ്വെയിന്‍ ജോണ്സന് 250 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്കാന് കോടതി വിധിച്ചു. ക്യാന്‍സര്‍ ബാധിതനായ ജോണ്സണ് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മരിക്കുമെന്നാണ് കരുതുന്നത്.
എട്ടാഴ്ച നീണ്ട വിചാരണയ്ക്കൊടുവിലാണ് മൊണ്‍സാന്റോ സുരക്ഷിതമെന്ന് അവകാശപ്പെട്ട് വില്‍ക്കുന്ന റൗണ്ട്അപ്പാണ് ജോണ്സന് ക്യാന്‍സര്‍ സമ്മാനിച്ചതെന്ന് ഉറപ്പിച്ചത്. വിധിക്ക് ശേഷം തന്റെ ലീഗല്‍ ടീമിനും, ഭാര്യ അറാസെലിയ്ക്കും, രണ്ട് മക്കള്‍ക്കും ഇദ്ദേഹം നന്ദി പറഞ്ഞു. തന്റെ അനുഭവം മറ്റുള്ളവര്‍ക്കുള്ള പാഠമാകുമെന്നണ് ഇദ്ദേഹത്തിന്റെ പ്രതീക്ഷ.
ജോണ്സണ് തനിക്ക് ലഭിച്ച ഫണ്ട് ഉപയോഗിച്ച് കുറച്ചുകൂടി കാലം ഭാര്യക്കും മക്കള്‍ക്കും ഒപ്പം കഴിയാനുള്ള ശ്രമത്തിലാണ്. മജ്ജ മാറ്റിവെയ്ക്കലിനും ഇദ്ദേഹം വിധേയനാകുമെന്ന് അഭിഭാഷകന് വ്യക്തമാക്കി. വിധിക്കെതിരെ അഗ്രോകെമിക്കല്‍ ഭീമനായ മൊണ്‍സാന്റോ അപ്പീല്‍ നല്‍കും. ഇതിന് ശേഷമാകും നഷ്ടപരിഹാരം നല്‍കുക.
തങ്ങളുടെ കക്ഷി ജീവനോടെ ഇരിക്കുന്ന കാലത്തിനുള്ളില്‍ പണം ലഭ്യമാക്കാന്‍ വിചാരണ വേഗത്തിലാക്കാന്‍ ജോണ്‍സന്റെ അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കാലിഫോര്‍ണിയയിലെ ബെനിസിയയില് ജോലി ചെയ്തിരുന്ന ജോണ്സണ് വര്‍ഷങ്ങളോളം ഗ്രൗണ്ടില്‍ കളനാശിനി തളിച്ചിരുന്നു. 2014 ആഗസ്റ്റിലാണ് ഇദ്ദേഹത്തിന് നോണ്‍ ഹോഡ്ഗിന്‍സ് ലിംഫോമ തിരിച്ചറിയുന്നത്. എന്തായാലും ഈ വിജയം വിവിധ ഇടങ്ങളില്‍ കമ്പനിക്ക് എതിരെ കേസിന് വഴിയൊരുക്കും. ഇന്ത്യയിലും ഈ ഉത്പന്നം വില്‍ക്കുന്നുണ്ട്.