CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 7 Minutes 23 Seconds Ago
Breaking Now

രോഗികള്‍ക്കിടയില്‍ സര്‍വ്വെ നടത്തി നാട്ടിലെ ഏറ്റവും മികച്ചതും മോശവുമായ ജിപി സര്‍ജറികളുടെ കണക്കെടുത്ത് എന്‍എച്ച്എസ് ഇംഗ്ലണ്ട്; പരിശോധിച്ചത് അപ്പോയിന്റ്‌മെന്റ് മുതല്‍ ജീവനക്കാരുടെ പെരുമാറ്റം വരെ; നിങ്ങളുടെ പ്രദേശത്തെ സര്‍ജറിയുടെ റാങ്ക് എവിടെ നില്‍ക്കുന്നു?

സര്‍ജറികള്‍ തുറക്കുന്ന സമയം, ഡോക്ടര്‍മാരിലുള്ള വിശ്വാസം, മറ്റ് ഘടങ്ങളില്‍ ആകെയുള്ള അനുഭവം എന്നിവയും പഠനവിധേയമാക്കി

രോഗികള്‍ക്കിടയില്‍ സര്‍വ്വെ നടത്തി എന്‍എച്ച്എസ് ഇംഗ്ലണ്ട് രാജ്യത്തെ ഏറ്റവും മികച്ചതും, മോശവുമായ ജിപി സര്‍ജറികളുടെ വിവരങ്ങള്‍ പുറത്തുവിട്ടു. ജിപി പേഷ്യന്റ് സര്‍വ്വെ അടിസ്ഥാനമാക്കിയാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് റാങ്കിംഗ് തയ്യാറാക്കിയത്. വര്‍ഷത്തില്‍ ഒരു മില്ല്യണ്‍ പേരില്‍ നിന്നുമാണ് ഈ വിവരങ്ങള്‍ ശേഖരിച്ചത്. അപ്പോയിന്റ്‌മെന്റ് ലഭിക്കാനുള്ള എളുപ്പം, ഒരു ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണലിന്റെ സേവനം ഫോണില്‍ ലഭിക്കാനുള്ള എളുപ്പം, ഓണ്‍ലൈന്‍ സര്‍വ്വീസുകളെക്കുറിച്ചുള്ള അവബോധം, റിസപ്ഷന്‍ ജീവനക്കാരുടെ പെരുമാറ്റം, പരിചരണത്തിന് നല്‍കുന്ന റേറ്റിംഗ് എന്നീ കാര്യങ്ങളിലാണ് സര്‍വ്വെയില്‍ പങ്കെടുത്തവരോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്. 

സര്‍ജറികള്‍ തുറക്കുന്ന സമയം, ഡോക്ടര്‍മാരിലുള്ള വിശ്വാസം, മറ്റ് ഘടങ്ങളില്‍ ആകെയുള്ള അനുഭവം എന്നിവയും പഠനവിധേയമാക്കി. ഇംഗ്ലണ്ടിലെ ഏഴായിരത്തില്‍ അധികം സര്‍ജറികളാണ് സര്‍വ്വെയില്‍ റേറ്റിംഗ് തേടിയത്. ഏറ്റവും മികച്ച സര്‍ജറിയെന്ന കിരീടം ജനങ്ങള്‍ നല്‍കിയത് ഷ്രോപ്ഷയറിലെ സ്റ്റോറ്റെസ്ഡണിലുള്ള ബ്രൗണ്‍ ക്ലീ മെഡിക്കല്‍ സെന്ററിനാണ്. ഓക്‌സ്‌ഫോര്‍ഡ്ഷയര്‍ മില്‍ സ്ട്രീം സര്‍ജറിക്കാണ് രണ്ടാം സ്ഥാനം. സൗത്ത് നോര്‍ഫോക്കിലെ ഹിങ്കാം സര്‍ജറി മൂന്നാമതും, ഹേസ്റ്റിംഗ്‌സ് & റോതറിലെ മാര്‍ട്ടിന്‍സ് ഓക് സര്‍ജറി നാലാം സ്ഥാനത്തും എത്തി. 

ഷ്രോപ്ഷയര്‍ സര്‍ജറിയില്‍ എത്തിയ രോഗികളില്‍ 100% പേരും പൂര്‍ണ്ണതൃപ്തിയാണ് രേഖപ്പെടുത്തിയത്. റിസപ്ഷന്‍ ജീവനക്കാര്‍ സഹായകമായ സേവനം ഉറപ്പാക്കുകയും, ജിപിമാര്‍ തങ്ങളെ മികവോടെയും, അനുഭാവപൂര്‍ണ്ണവുമായി പരിചരിച്ചെന്നും രോഗികള്‍ വ്യക്തമാക്കി. ഡോക്ടര്‍മാര്‍ തങ്ങളെ കേള്‍ക്കാന്‍ 99 ശതമാനവും തയ്യാറായെന്നും, അപ്പോയിന്റ്‌മെന്റ് ടൈമില്‍ 99 ശതമാനം സന്തോഷമുണ്ടെന്നും രോഗികള്‍ പറയുന്നു. രാജ്യത്തെമ്പാടും 96 ശതമാനം രോഗികള്‍ക്കും ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണലുകളില്‍ ആത്മവിശ്വാസവും, വിശ്വാസവും ഉണ്ടെന്ന് രേഖപ്പെടുത്തി. അതേസമയം അപ്പോയിന്റ്‌മെന്റ് കൃത്യമായി ലഭിക്കുന്നതില്‍ നിരവധി പേര്‍ക്ക് പരാതിയുണ്ട്. 

62 ശതമാനം പേര്‍ മാത്രമാണ് തങ്ങള്‍ക്ക് താല്‍പര്യമുള്ള സമയത്ത് ഡോക്ടറെ കാണാന്‍ കഴിഞ്ഞെന്ന് കരുതുന്നത്. പട്ടികയില്‍ ഏറ്റവും മോശം സ്ഥാനം ഹെയ്‌സിലെ കിംഗ്‌സ്‌വേ സര്‍ജറിക്കാണ്. ജിപി പ്രാക്ടീസ് നല്ലതെന്ന് പറഞ്ഞത് വെറും 37%. 

ടോപ്പ് 10 പട്ടികയിലെ സര്‍ജറികള്‍:

1. ബ്രൗണ്‍ ക്ലീ മെഡിക്കല്‍ സെന്റര്‍, ഷ്രോപ്ഷയര്‍

2. മില്‍ സ്ട്രീം സര്‍ജറി, ഓക്‌സ്‌ഫോര്‍ഡ്ഷയര്‍

3. ഹിങ്കാം സര്‍ജറി, സൗത്ത് നോര്‍ഫോക്ക്

4. മാര്‍ട്ടിന്‍സ് ഓക് സര്‍ജറി, ഹേസ്റ്റിംഗ്‌സ് & റോത്തര്‍

5. ഫിര്‍സ് സര്‍ജറി, ബര്‍മിംഗ്ഹാം & സോളിഹള്‍

6. ഹൗണ്‍സ്ഫീല്‍ഡ് സര്‍ജറി, ന്യൂവാര്‍ക്ക് & ഷെര്‍വുഡ്

7. മീയര്‍ സര്‍ജറി, വില്‍ട്ഷയര്‍

8. ലാപ്‌വര്‍ത്ത് സര്‍ജറി, സൗത്ത് വാര്‍വിക്ക്ഷയര്‍

9. ഓള്‍ഡ് പാര്‍സണേജ് സര്‍ജറി, വെസ്റ്റ് കെന്റ്

10. കോര്‍ഫ് കാസില്‍ സര്‍ജറി, ഡോര്‍സെറ്റ്

 

മോശം സര്‍ജറികള്‍:

1. കിംഗ്‌സ്‌വേ സര്‍ജറി, ഹെയ്‌സ്

2. കിംഗ്‌സ്ഹഴ്‌സ്റ്റ് മെഡിക്കല്‍ പ്രാക്ടീസ്, ബര്‍മിംഗ്ഹാം

3. ചര്‍ച്ച് ലെയിന്‍ സര്‍ജറി, ലണ്ടന്‍

4. ബോളിന്‍ റോഡ് സര്‍ജറി, ലണ്ടന്‍

5. ജിപി ലെഡ് ഹെല്‍ത്ത് സെന്റര്‍, ലണ്ടന്‍

6. സ്റ്റോക്ക്‌വെല്‍ ലോഡ്ജ് മെഡിക്കല്‍ സെന്റര്‍, ചെസ്ഹണ്ട്, ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍

7. അംബാര്‍ മെഡിക്കല്‍ സെന്റര്‍, വാള്‍സാള്‍

8. കിംഗ്‌സ് കോളേജ് ഹെല്‍ത്ത് സെന്റര്‍, ലണ്ടന്‍

9. എവിംഗ്ടണ്‍ മെഡിക്കല്‍ സെന്റര്‍, ലെസ്റ്റര്‍

10. ചെസെല്‍ പ്രാക്ടീസ്, സൗത്താംപ്ടണ്‍




കൂടുതല്‍വാര്‍ത്തകള്‍.