CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 31 Minutes 49 Seconds Ago
Breaking Now

പ്രായമായ രോഗിയെ കൊല്ലാന്‍ ശ്രമം, ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍; വധശ്രമം ലിവര്‍പൂളിലെ ബ്രോഡ്ഗ്രീന്‍ ആശുപത്രിയില്‍; പീക്കാബൂ കളിച്ചതാണെന്ന് പ്രതി; പ്ലാസ്റ്റിക് ബാഗ് തലയില്‍ വെച്ചതോടെ ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ടിയ വൃദ്ധയെ രക്ഷിച്ചത് നഴ്‌സുമാര്‍

രോഗികളുടെ പ്രിയപ്പെട്ടവര്‍ ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്നും വക്താവ്

വൃദ്ധയായ രോഗിയുടെ തലയില്‍ പ്ലാസ്റ്റിക് ബാഗ് വെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ആശുപത്രി ജീവനക്കാരന്‍ അറസ്റ്റിലായി. 79 വയസ്സുള്ള സ്ത്രീക്ക് മുറിവേല്‍ക്കുകയും, ബോധം കെടുകയും, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. ലിവര്‍പൂളിലെ ബ്രോഡ്ഗ്രീന്‍ ആശുപത്രിയിലായിരുന്നു സംഭവം. എന്നാല്‍ പെന്‍ഷണര്‍ക്കൊപ്പം പീക്കാബൂ കളിച്ചതാണെന്നാണ് ആശുപത്രി ജീവനക്കാരന്റെ മൊഴി. ഇയാളും ആശുപത്രിയിലെ വാര്‍ഡ് 11ല്‍ രോഗിയായി അഡ്മിറ്റ് ചെയ്യപ്പെട്ടിരുന്നതായാണ് വിവരം. 

31-കാരനെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതെന്ന് മേഴ്‌സിസൈഡ് പോലീസ് വ്യക്തമാക്കി. ഇയാളെ അടുത്ത ആഴ്ച വരെ ജാമ്യത്തില്‍ വിട്ടയച്ചു. ആശുപത്രിയിലെ നഴ്‌സുമാരാണ് ഞെട്ടിക്കുന്ന സംഭവം തിരിച്ചറിഞ്ഞ് ഓടിയെത്തിയത്. ജൂലൈ 22നായിരുന്നു അബോധാവസ്ഥയില്‍ ഇവരെ കണ്ടെത്തുന്നത്. കുടുംബവും, സുഹൃത്തുക്കളുമില്ലാത്ത സ്ത്രീക്ക് നല്ല രീതിയില്‍ മുറിവുകള്‍ ഏറ്റതായാണ് ശ്രോതസ്സുകള്‍ വെളിപ്പെടുത്തുന്നത്. പരുക്കേറ്റ വൃദ്ധയെ ഉടന്‍ റോയല്‍ ലിവര്‍പൂള്‍ ആശുപത്രിയില്‍ എത്തിച്ചു. 

ഇവിടെ ഇവര്‍ സ്വാഭാവിക നിലയിലേക്ക് മടങ്ങിയതോടെ നഗരത്തിലെ ഒരു നഴ്‌സിംഗ് ഹോമിലേക്ക് മാറ്റി. എന്നാല്‍ രോഗികള്‍ക്ക് സംഭവത്തെത്തുടര്‍ന്ന് യാതൊരു അപകടവുമില്ലെന്നാണ് ഇരു ആശുപത്രികളും നടത്തുന്ന റോയല്‍ ലിവര്‍പൂള്‍ & ബ്രോഡ്ഗ്രീന്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് വ്യക്തമാക്കുന്നത്. എന്നിരുന്നാലും സംഭവം ഗുരുതരമാണെന്നും ഇതേക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ആശുപത്രി വക്താവ് അറിയിച്ചു. സംഭവം മേഴ്‌സിസൈഡ് പോലീസിനെ അറിയിച്ച് അന്വേഷണത്തില്‍ പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ട്. രോഗികളുടെ പ്രിയപ്പെട്ടവര്‍ ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. 

സംഭവത്തില്‍ ഉള്‍പ്പെട്ട ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമല്ല. റോയല്‍ ലിവര്‍പൂള്‍ ആശുപത്രിയില്‍ രോഗികളുടെ തിരക്കേറിയതോടെ ഇവരെ മാറ്റാനായി 1 മില്ല്യണ്‍ പൗണ്ട് ചെലവിട്ട് നവീകരിച്ചതാണ് വാര്‍ഡ് 11. 




കൂടുതല്‍വാര്‍ത്തകള്‍.