CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 27 Minutes 17 Seconds Ago
Breaking Now

വെയില്‍സിലെ എന്‍എച്ച്എസ് ആശുപത്രികളില്‍ പാര്‍ക്ക് ചെയ്യാനെത്തുന്ന രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഇനി ആശ്വസിക്കാം; കാര്‍ പാര്‍ക്കിംഗ് ചാര്‍ജ്ജ് സമ്പൂര്‍ണ്ണമായി പിന്‍വലിച്ചു; പാര്‍ക്കിംഗ് ഇനി തികച്ചും ഫ്രീ

പ്രഖ്യാപിച്ച് പത്ത് വര്‍ഷത്തിന് ശേഷമെങ്കിലും പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വെയില്‍സ് സര്‍ക്കാര്‍

വെയില്‍സില്‍ എമ്പാടുമുള്ള എന്‍എച്ച്എസ് ആശുപത്രികളില്‍ ഇനി സൗജന്യ പാര്‍ക്കിംഗ്. നയപ്രഖ്യാപനം നടത്തി ഒരു ദശകത്തിന് ശേഷമാണ് വെയില്‍സ് സര്‍ക്കാര്‍ ഇത് നടപ്പാക്കുന്നത്. ഗ്ലാന്‍വിലി & പ്രിന്‍സ് ഫിലിപ്പ് ഹോസ്പിറ്റലുകളിലാണ് ചാര്‍ജ്ജുകള്‍ അവസാനമായി ഈടാക്കിയിരുന്നത്. ഇവിടുത്തെ പാര്‍ക്കിംഗ് കരാര്‍ കാലാവധി പൂര്‍ത്തിയാക്കിയതോടെയാണ് സൗജന്യ പാര്‍ക്കിംഗിന് വഴിയൊരുങ്ങുന്നത്. 

2008 മാര്‍ച്ചില്‍ മുന്‍ ആരോഗ്യ മന്ത്രി എഡ്വിന ഹാര്‍ട്ടാണ് ഫ്രീ ഹോസ്പിറ്റല്‍ പാര്‍ക്കിംഗ് പോളിസി പ്രഖ്യാപിച്ചത്. തൊട്ടടുത്ത മാസം മുതല്‍ ഇത് നടപ്പാക്കാനായിരുന്നു ഉദ്ദേശമെങ്കിലും പ്രാബല്യത്തില്‍ വന്നില്ല. ഹെല്‍ത്ത് ബോര്‍ഡുകള്‍ വിവിധ കമ്പനികളുമായി ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെട്ടത് മൂലമാണ് അന്ന് മുതല്‍ ഈ സൗജന്യം ജനങ്ങള്‍ക്ക് ലഭിക്കാതെ പോയത്. 

എന്തായാലും പത്ത് വര്‍ഷത്തിന് ശേഷമെങ്കിലും പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വെയില്‍സ് സര്‍ക്കാര്‍. ജൂണില്‍ വെയില്‍സിലെ ഏറ്റവും വലിയ ആശുപത്രിയായ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഓഫ് വെയില്‍സിലെ പാര്‍ക്കിംഗ് ചാര്‍ജ്ജുകള്‍ പിന്‍വലിച്ചിരുന്നു. സ്വകാര്യ പാര്‍ക്കിംഗ് സ്ഥാപനമായ ഇന്‍ഡിഗോയുമായുള്ള കരാര്‍ അവസാനിച്ചതോടെയാണിത്. 

എന്‍എച്ച്എസ് ജീവനക്കാരില്‍ നിന്നും ചാര്‍ജ്ജ് ഈടാക്കുന്ന നടപടി വലിയ വിവാദമായിരുന്നു. 2017 ജൂലൈയില്‍ ഇതുമായി ബന്ധപ്പെട്ട ഒരു കേസില്‍ 75 ആശുപത്രി ജീവനക്കാരില്‍ നിന്നും ഫീസ് ഈടാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. സെപ്റ്റംബര്‍ 1 മുതല്‍ ഹെല്‍ത്ത് ബോര്‍ഡുകള്‍ പുതിയ കാര്‍ പാര്‍ക്ക് മാനേജ്‌മെന്റ് സിസ്റ്റം ആരംഭിക്കും. ആശുപത്രിയില്‍ അനാവശ്യ പാര്‍ക്കിംഗ് ഒഴിവാക്കാന്‍ സന്ദര്‍ശകര്‍ക്ക് ടിക്കറ്റ് നല്‍കും. 

പാര്‍ക്കിംഗ് ചാര്‍ജ്ജ് ഒഴിവാക്കുന്ന യുകെയിലെ ആദ്യ പ്രദേശമാണ് വെയില്‍സ്. നോര്‍ത്തേണ്‍ അയര്‍ലണ്ട്, സ്‌കോട്ട്‌ലണ്ട്, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ഈ പിഴിയല്‍ ആശുപത്രികള്‍ തുടരും. കഴിഞ്ഞ വര്‍ഷം ഇവിടങ്ങളില്‍ നിന്നും പിരിച്ചത് 174 മില്ല്യണ്‍ പൗണ്ടാണ്. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.