Breaking Now

UK മലയാളികളുടെ ചിന്തയ്ക്ക് ചിന്തേരിടാന്‍ Dr C.വിശ്വനാഥന്റ പ്രഭാഷണം, Sep 21ന് ക്രോയ്ടണില്‍

പ്രളയകാലത്തു, പല മാലിന്യങ്ങളും വിഷജീവികളും ഓണ്‍ലൈനിലൂടെയും ഒഴുകിയെത്തുകയുണ്ടായി .ശബരിമലയില്‍ സ്ത്രീകളെ കടത്തണമെന്ന വാദം ശക്തമായിരിക്കെ , അങ്ങനെയിപ്പോള്‍ ആരെയും കടത്തേണ്ടെന്ന അയ്യപ്പന്റെ തീരുമാനമാവാമെത്രെ പ്രളയം !

ബീഫ് കഴിക്കുന്ന മ്ലേച്ചകേരളീയ സമൂഹത്തിനുള്ള പരാശക്തികളുടെ ഒരു താക്കീതുമാവാം! 

പ്രമുഖ പത്രത്തില്‍ ഒന്നാം പേജില്‍ തല മൂത്ത തമ്പുരാട്ടിയുമായുള്ള അഭിമുഖത്തില്‍ അവരും പറഞ്ഞു കണ്ടു  , പ്രളയം ദൈവകോപമല്ലാതെ മറ്റൊന്നല്ലെന്നു ! 

വരള്‍ച്ച പ്രവചിച്ചു പ്രളയം വരുത്തിയ കാണിപ്പയ്യൂരിനെതിരെ  ട്രോളന്മാരുടേതടക്കം ഏതാനും  ഒറ്റപ്പെട്ട പ്രതികരണങ്ങളല്ലാതെ , കേരളത്തില്‍ കലാലയങ്ങളില്‍, ശാസ്ത്രവിഷയങ്ങള്‍ക്ക് പ്രവേശനം കിട്ടാനുള്ളത്ര തള്ളും തിരക്കുമൊന്നും, ഇത്തരം യുക്തിരാഹിത്യങ്ങളെ എതിര്‍ക്കുന്നതില്‍ പൊതുവില്‍ കാണുകയുണ്ടായില്ല.  സാക്ഷരതക്കും ശാസ്ത്രപഠനത്തിനും അപ്പുറം ശാസ്ത്രമോ യുക്തിചിന്തയോ ഒരു മനോവൃത്തിയായി മാറ്റാന്‍ നമുക്കിനിയും  സാധിക്കാത്തതെന്തു കൊണ്ടാണ്? 

എട്ടിന്റെ സ്പാന്നറും എടുത്തു 'ദിപ്പോ ശരിയാക്കിത്തരാം ' എന്ന ആത്മഗതത്തോടെ പൈതൃകങ്ങളിലേക്കുള്ള തിരിച്ചു പോക്കാണ് ഇന്നത്തെ ഒരു ട്രെന്‍ഡ് ! കര്‍ക്കിടക കഞ്ഞി , പ്രകൃതി ജീവനം , രാമായണ മാസം .. അങ്ങനെ അതിവേഗം ബഹുദൂരത്തേക്കു റിവേഴ്‌സ് ഗിയറിടുമ്പോള്‍, പണ്ട് സഹതാരങ്ങളായി പോലും കഥയില്‍ ഇല്ലാതിരുന്ന  അക്ഷയത്രിതീയ, തൃക്കാര്‍ത്തിക തുടങ്ങി ചിലരെക്കൂടി ഇപ്പോള്‍  മുഖ്യവേഷങ്ങളില്‍  കാണാനുമുണ്ട്! 

 സോവിയറ്റ് യൂണിയന്റെയും കമ്മ്യൂണിസത്തിന്റെയും പതനം രേഖപ്പെട്ട 1980  കളുടെ അവസാനം വരെയും, അന്ധവിശ്വാസത്തെ യുക്തികൊണ്ടെതിര്‍ക്കപ്പെടുന്നത് പ്രോത്സാഹിക്കപ്പെട്ടിരുന്നൊരു സമൂഹമാണ് ഇങ്ങനെ പടവലങ്ങയുടെ വളര്‍ച്ചാനിരക്ക് കടമെടുത്തിരിക്കുന്നതെന്നോര്‍ക്കണം ! 

ദേശീയ തലത്തിലാണെങ്കില്‍ പൈതൃക, പാരമ്പര്യ സംരക്ഷണവും , യോഗയും ധ്യാനവുമെല്ലാം സര്‍വശക്തിയോടെയും സഭ കയ്യടക്കിയിരിക്കുന്നു. എയ്ന്‍സ്റ്റീനിന്റെ സിദ്ധാന്തങ്ങളും, റോക്കറ്റ് വിക്ഷേപണ രഹസ്യങ്ങളും വേദത്തിലുണ്ടെന്നും, ഇന്ന് വരെ ഒരു പ്രസവ വാര്‍ഡിലും കുരങ്ങന്‍ മനുഷ്യനെ പ്രസവിച്ചതായി രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍, തെളിവുകളുടെ അഭാവത്തില്‍ പരിണാമ സിദ്ധാന്തത്തെ തള്ളിക്കളയുന്നെന്നും , ഭരണനേതൃത്വം 'ശാസ്ത്രീയ' ഭേദഗതികള്‍ നടത്തുമ്പോള്‍, മാടമ്പള്ളിയിലെ യഥാര്‍ത്ഥ ശാസ്ത്ര /യുക്തിചിന്തകര്‍ മുറിയടച്ചിരുന്നു ദീര്‍ഘശ്വാസം വിടുകയല്ലാതെ എന്ത് ചെയ്യാന്‍ ! 

ഇത്തരം തിരിച്ചു പോക്കുകളും  , വിശ്വാസപ്രമാണങ്ങളുടെ രക്ഷാകര്‍തൃത്വവും പ്രചാരണവും , അവയുടെ മെറിറ്റിന്റെ അടിസ്ഥാനത്തിലും , ഉദ്ദേശശുദ്ധിയുടെയും സ്വാര്‍ത്ഥ താല്പര്യങ്ങളുടെയും അടിസ്ഥാനത്തിലും സത്യസന്ധമായി വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. പ്രശസ്ത ചിന്തകയും എഴുത്തുകാരിയുമായ മീര നന്ദ പറഞ്ഞത് പോലെ ' പ്രകൃതി മണ്ഡലത്തെ ശാസ്ത്രാധിഷ്ഠിതമായും മതേതരമായും മനസിലാക്കുക എന്നത് , മതേതര ജനാധിപത്യ സമൂഹം ഉയര്‍ന്നു വരുന്നതിനുള്ള ഒരു മുന്നുപാധിയാണ്'.

 അങ്ങനെയല്ല , ആര്‍ഷഭാരതസംസ്‌കൃതിയുടെയും , വേദോപനിഷത്തുക്കളെയുമുള്ളില്‍ സമസ്തപ്രശ്‌നങ്ങളുടെയും , പരമാനന്ദത്തിന്റെയും രഹസ്യങ്ങളെല്ലാം  ഒളിഞ്ഞിരിപ്പുണ്ടെന്നു വിശ്വസിക്കുന്ന  ഒരാളാണോ താങ്കള്‍ ? ഇത്തരം വിചാരധാരയുടെ പ്രഭവകേന്ദ്രം  രണ്ടാവാം  ഒന്ന്, ഭൂരിപക്ഷത്തോട് ചേര്‍ന്ന് നിന്ന് സ്വന്തം വേരുകളെയും, സംസ്‌കൃതിയെയും സംരക്ഷിക്കുന്നെന്ന തോന്നലുളവാക്കുന്ന ഒരു മനസുഖം , അത് തരുന്ന മിഥ്യാഭിമാന, സുരക്ഷിത ബോധം . അല്ലെങ്കില്‍ യാഥാര്‍ത്ഥമായും ധ്യാനം , യോഗ , നിര്‍വാണം തുടങ്ങിയ അതീന്ദ്രിയസങ്കല്‍പ്പങ്ങളില്‍ ഉള്ള വിശ്വാസം. 

ഈ കവലയിലേക്കു നമ്മെയെത്തിച്ച വഴി ഇതില്‍ ഏതുമാവട്ടെ , ഇവിടെ എത്തിപ്പെട്ടവര്‍ തീര്‍ച്ചയായും കേട്ടിരിക്കേണ്ട ഒരാളാണ് കേരളത്തിലെ പരിജ്ഞാനയുക്തിവാദികളില്‍ പ്രമുഖനും , യുക്തിമുഖം മാസികയുടെ എഡിറ്ററുമായ , പ്രശസ്ത ഓര്‍ത്തോ സര്‍ജന്‍ ഡോക്ടര്‍ സി വിശ്വനാഥന്‍ . ഹൈന്ദവത, ധ്യാനം , യോഗ , വേദങ്ങള്‍ തുടങ്ങിയ വിഷയങ്ങളെപ്പറ്റി ശാസ്ത്രീയാടിത്തറയോടെ  ഏറെ ഗഹനമായ പഠനങ്ങളും പ്രഭാഷണങ്ങളും നടത്തിയിട്ടുള്ള ഡോക്ടര്‍ വിശ്വനാഥന്‍ കേരളപരിജ്ഞാനയുക്തിധാരയുടെ തിങ്ക് ടാങ്ക് എന്നാണ് അറിയപ്പെടുന്നത്. സെപ്തംബര് 21  നാണു , യുണൈറ്റഡ് റാഷണലിസ്‌റ്‌സ് ഓഫ് യു കെ  യുടെ ആഭിമുഖ്യത്തില്‍,  ഡോക്ടര്‍ സി വിശ്വനാഥന്‍ യു കെ മലയാളികളോട് സംവദിക്കാനായി യു കെ യില്‍ എത്തുന്നത്. 

കേവലം ഒരു നിരീശ്വരവാദി, നാസ്തികന്‍ എന്നതിനപ്പുറത്തു  , നവനാസ്തികതയുടെ ആത്മീയ വിരല്‍ ചൂണ്ടലിനെയും , ബിംബവല്‍ക്കരണത്തെയും , വര്‍ഗീയവിഭജനങ്ങളെയും ,ഗോത്രീയതെയും സരളമായി , സൗമ്യമായി എന്നാല്‍ യുക്തിയുക്തമായി ഖണ്ഡിക്കുകയും ചെയ്യുന്നു ഇദ്ദേഹം .   നവഹിന്ദുത്വത്തിന്റെ ബ്രഹ്മണ്യബോധത്തെ തകര്‍ക്കാനും, യുക്തിവാദത്തില്‍ ഇന്ത്യന്‍ ജ്ഞാനോദയത്തിനും ദളിത് സ്ത്രീ മുന്നേറ്റമാണ് ഉത്തരമെന്നു വിശ്വസിക്കുന്ന ഡോക്ടര്‍ വിശ്വനാഥന്റെ സംവരണ, സ്ത്രീപക്ഷനിലപാടുകളും ഇന്ത്യന്‍ സാമൂഹ്യ സാംസ്‌കാരിക പശ്ചാത്തലത്തില്‍ ഏറെ ആശാവഹമാണ് . 

'ബോധവും പരിണാമവും ' എന്നതാണ് യു കെ  യിലെ ഡോക്ടര്‍ വിശ്വനാഥന്റെ പ്രഭാഷണവിഷയം എന്നത് വാസ്തവത്തില്‍ അത്ഭുതമുണ്ടാക്കിയില്ല . സമാനവിഷയങ്ങളിലെ അദ്ദേഹത്തിന്റെ താല്പര്യവും അറിവും ധ്യാനരഹസ്യവും  , ധ്യാന പ്രലോഭനം തുടങ്ങിയ പ്രഭാഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടവയാണ്.  ഞാന്‍ എന്താണ് ? എന്താണ്  ധ്യാനം? പരമാനന്ദം ?  പരിണാമത്തിന്റെ ഉപോല്‍പ്പത്തിയാണ് ബോധം , ധ്യാനത്തിന്റെ പരമാനന്ദഅവസ്ഥയെന്നാല്‍ ഇന്ദ്രിയ സംവേദനങ്ങള്‍ക്കു മേലെ മസ്തിഷ്‌കത്തിലെ ന്യൂറോണുകളുടെ  പ്രതിപ്രവര്‍ത്തനമാണെന്നും തുടങ്ങി , പുരാതന ധാരണകളെയും അവയുടെ പ്രചരണങ്ങളെയും, യുക്തിയുടെയും ശാസ്ത്രീയലോകവീക്ഷണത്തിന്റെയും അടിസ്ഥാനത്തില്‍ ഏറ്റവും അനുചിതമായ പദങ്ങളാല്‍ ലളിതമനോഹരമായി പുനഃപരിശോധിക്കുന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ നേരിട്ട് കേള്‍ക്കാന്‍, യുകെ മലയാളികള്‍ക്ക്  ഇതിലൂടെ അവസരം ഒരുക്കുന്നു  യുണൈറ്റഡ് റാഷണലിസ്‌റ്‌സ്. 

ആള്‍ദൈവങ്ങള്‍ നിറഞ്ഞാടുന്ന , ചോദ്യം ചെയ്യുന്നവര്‍ രാജ്യദ്രോഹികളാക്കപ്പെടുന്ന ഒരു കാലഘട്ടത്തില്‍, ഭരണഘടന വിഭാവനം ചെയ്ത സ്വതന്ത്ര, മതേതര, ജനാധിപത്യരാഷ്ട്രം   കെട്ടിപ്പടുക്കാന്‍, നാം കൂടെ കൂട്ടേണ്ടത് പൗരാണികപ്രതാപകഥകളോ , യുക്തി,ശാസ്ത്രാവബോധമോ എന്ന് ചിന്തിക്കുന്നവര്‍ തീര്‍ച്ചയായും എത്തിച്ചേരേണ്ടയിടമാണ് ഡോക്ടര്‍ വിശ്വനാഥന്റെ പ്രഭാഷണ വേദി.

By Priya Kiran

പരിപാടികളുടെ വിശദ വിവരങ്ങള്‍ ചുവടെ 

Friday, September 21 at 7:00 PM  10 PM: 

The event is free  but seats are limited, so etnry only for registered users

https://www.eventbrite.co.uk/e/drcviswanathanstalkonconsciousnessevolutiontickets49128224843

 

 

 
കൂടുതല്‍വാര്‍ത്തകള്‍.