CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 5 Minutes 43 Seconds Ago
Breaking Now

കൈത്തണ്ടയും, മുടിയും മുറിച്ച് കിണറ്റില്‍ ചാടാന്‍ മാത്രം എന്ത് പ്രശ്‌നമാണ് സൂസന്‍ സിസ്റ്റര്‍ക്ക് ഉണ്ടായിരുന്നത്; ദുരൂഹതയില്ലെന്ന് കുടുംബം വിശ്വസിക്കുന്നു; കുര്‍ബാന കഴിഞ്ഞ് മടങ്ങിയ മറ്റ് കന്യാസ്ത്രീകള്‍ കണ്ടത് സിസ്റ്ററുടെ ജീവനറ്റ ശരീരം

ഇന്‍സോമ്‌നിയ, തൈറോയ്ഡ് ഉള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം സിസ്റ്റര്‍ ബുദ്ധിമുട്ടിയിരുന്നതായി മലങ്കര ഓര്‍ത്തഡോക്‌സ് ട്രസ്റ്റി ഫാ. എം ഒ ജോണ്‍

കൊല്ലം പത്തനാപുരത്തെ മൗണ്ട് താബോര്‍ ദയാര കോണ്‍വെന്റില്‍ കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ ദൂരൂഹത തുടരുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ സഭയ്ക്ക് കീഴിലുള്ള കോണ്‍വെന്റിലെ സിസ്റ്റര്‍ സൂസന്‍ മാത്യൂവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനാപുരത്തെ സഭയുടെ സ്‌കൂളില്‍ അധ്യാപികയായിരുന്നു ഈ 54-കാരി. കോണ്‍വെന്റിലെ മറ്റ് അന്തേവാസികളാണ് സിസ്റ്ററുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. 

ഞായറാഴ്ച നടന്ന കുര്‍ബാനയില്‍ സിസ്റ്റര്‍ സൂസന്‍ പങ്കെടുത്തിരുന്നില്ല. പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് തിരിച്ച് വന്ന മറ്റ് കന്യാസ്ത്രീകളെ ഇവരെ കാണാതെ വന്നതോടെ കോണ്‍വെന്റ് പരിസരത്ത് അന്വേഷിക്കുകയും ഒടുവില്‍ മൃതദേഹം കിണറ്റില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഇവരാണ് പോലീസ് അധികൃതരെ വിവരം അറിയിച്ചത്. അധികാരികളുടെ സാന്നിധ്യത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹം പുറത്തെടുത്തത്. 

അതേസമയം സംഭവം ആത്മഹത്യയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി കൊല്ലം റൂറല്‍ എസ്പി ബി അശോകന്‍ വ്യക്തമാക്കി. 'അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ചികിത്സ തേടിയിരുന്നു. തുടര്‍ച്ചയായി വരുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഇവര്‍ക്ക് വിഷാദവും വന്നിരുന്നു', അശോകന്‍ വിശദീകരിച്ചു. 

ശരീരത്തില്‍ മുറിവേറ്റ പാടുകളും, മുറിയില്‍ രക്തക്കറയും കണ്ടതാണ് കേസിനെ അഭയ സംഭവവുമായി ബന്ധപ്പെടുത്തി കഥകള്‍ പ്രചരിക്കാന്‍ ഇടയാക്കിയത്. രണ്ട് കൈകളും മുറിച്ചിരുന്നതായി എസ്പി കൂട്ടിച്ചേര്‍ത്തു. ചോരപ്പാട് മുറിയില്‍ നിന്നും കിണറ് വരെയുള്ള ഭാഗത്തും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജിലാണ് എത്തിച്ചിട്ടുള്ളത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മരണത്തെക്കുറിച്ച് കൃത്യമായ വിവരം നല്‍കാന്‍ കഴിയുകയെന്നും എസ്പി അശോകന്‍ വ്യക്തമാക്കി. 

മരണത്തില്‍ ദുരൂഹതയില്ലെന്നാണ് സിസ്റ്ററുടെ കുടുംബവും വിശ്വസിക്കുന്നത്. സൂസന്റെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ഇവര്‍ക്ക് വ്യക്തമായി അറിയാം. ഇന്‍സോമ്‌നിയ, തൈറോയ്ഡ് ഉള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം സിസ്റ്റര്‍ സൂസന്‍ ബുദ്ധിമുട്ടിയിരുന്നതായാണ് മലങ്കര ഓര്‍ത്തഡോക്‌സ് ട്രസ്റ്റി ഫാ. എം ഒ ജോണ്‍ വ്യക്തമാക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.