Breaking Now

എനിക്ക് നഷ്ടമായത് സഭ തിരിച്ച് നല്‍കുമോ; ബിഷപ്പിന്റെ പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ ഈ ചോദ്യമെങ്കിലും പോപ്പിന്റെ ഇന്ത്യയിലെ പ്രതിനിധിയുടെ ഇടപെടലിന് വഴിയൊരുക്കുമോ?

അന്വേഷണത്തില്‍ എത്രയും പെട്ടെന്ന് തീര്‍പ്പുണ്ടാക്കി ബിഷപ്പ് ഫ്രാങ്കോയെ ചുമതലകളില്‍ നിന്നും ഒഴിവാക്കണമെന്നും കന്യാസ്ത്രീ ആവശ്യപ്പെടുന്നു

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തുടര്‍ച്ചയായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തിയ കന്യാസ്ത്രീ പോപ്പിന്റെ ഇന്ത്യന്‍ പ്രതിനിധിക്ക് കത്തയച്ചു. സംഭവങ്ങള്‍ വെളിപ്പെടുത്തിയതോടെ പ്രാദേശിക സഭയില്‍ നിന്നും ഏറെ നാണക്കേടും, ഒറ്റപ്പെടുത്തലും നേരിടേണ്ടി വന്നതോടെ ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരെയുള്ള അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പോസ്തലിക് നണ്‍സിയോ ജിയാംബാറ്റിസ്റ്റ ഡൈക്വാട്രോക്ക് കോട്ടയം സ്വദേശിനി കത്തയച്ചത്.

അന്വേഷണത്തില്‍ എത്രയും പെട്ടെന്ന് തീര്‍പ്പുണ്ടാക്കി ബിഷപ്പ് ഫ്രാങ്കോയെ ചുമതലകളില്‍ നിന്നും ഒഴിവാക്കണമെന്നും കന്യാസ്ത്രീ ആവശ്യപ്പെടുന്നു. ഏഴ് പേജ് വരുന്ന വികാരപരമായ കത്താണ് കന്യാസ്ത്രീ പോപ്പിന്റെ പ്രതിനിധിക്ക് അയച്ചിരിക്കുന്നത്. 'കത്തോലിക്കാ സഭയ്ക്ക് ബിഷപ്പുമാരുടെയും പുരോഹിതന്‍മാരുടെയും കാര്യത്തില്‍ മാത്രമാണ് ആശങ്ക. കാനോണ്‍ നിയമത്തില്‍ കന്യാസ്ത്രീകള്‍ക്കും സ്ത്രീകള്‍ക്കും നീതി ലഭ്യമാക്കുന്ന ഏതെങ്കിലും വശമുണ്ടോയെന്നാണ് ഞങ്ങള്‍ക്ക് അറിയേണ്ടത്', കന്യാസ്ത്രീ ആശ്ചര്യപ്പെടുന്നു.

തന്നെ പിന്തുണയ്ക്കുന്നവരും ദുരിതത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഇവര്‍ വ്യക്തമാക്കി. കുറവിലങ്ങാട് കോണ്‍വെന്റില്‍ ഇവരെ കുര്‍ബാനയില്‍ പോലും പങ്കെടുപ്പിക്കുന്നില്ല. സഭയുടെ ഭാഗത്ത് നിന്നുമുള്ള നിശബ്ദത തനിക്ക് കൂടുതല്‍ നാണക്കേടും, സ്വഭാഹത്യയുമാണ് സമ്മാനിക്കുന്നത്. സഭാ അധികൃതര്‍ക്ക് എനിക്ക് നഷ്ടപ്പെട്ടത് തിരിച്ച് നല്‍കാന്‍ കഴിയുമോയെന്നും ഇവര്‍ ചോദിക്കുന്നു.

കൊച്ചിയില്‍ കേരള ഹൈക്കോടതിക്ക് മുന്നില്‍ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള നിരാഹാരവും, ധര്‍ണ്ണയും തുടരുകയാണ്. ഇതിനിടെ കന്യാസ്ത്രീയെ മോശമായ ഭാഷയില്‍ അപമാനിച്ചതിന് പണിവാങ്ങിയ എംഎല്‍എ പി സി ജോര്‍ജ്ജ് ഖേദം പ്രകടപ്പിച്ചിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.