Breaking Now

ധനമന്ത്രിയുമായി മല്ല്യ കരാറുണ്ടാക്കിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്; ജെറ്റ്‌ലി രാജിവെയ്ക്കണമെന്ന് രാഹുല്‍

ജെറ്റ്‌ലിയുമായി കരാര്‍ ഉണ്ടാക്കിയ ശേഷമാണ് രാജ്യംവിട്ടതെന്ന് ആരോപിച്ച കോണ്‍ഗ്രസ് ധനമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ടു.

ദില്ലി: ലണ്ടനിലേക്ക് മുങ്ങുന്നതിന് മുന്‍പ് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെറ്റ്‌ലിയെ സന്ദര്‍ശിച്ചെന്ന മദ്യരാജാവ് വിജയ് മല്ല്യയുടെ അവകാശവാദത്തിന് പിന്നാലെ ജെറ്റ്‌ലിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്. ജെറ്റ്‌ലിയുമായി കരാര്‍ ഉണ്ടാക്കിയ ശേഷമാണ് രാജ്യംവിട്ടതെന്ന് ആരോപിച്ച കോണ്‍ഗ്രസ് ധനമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ടു. 

രാജ്യതലസ്ഥാനത്ത് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ഇതൊരു വ്യക്തമായ ഗൂഢാലോചനയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഇവര്‍ തമ്മില്‍ എന്തോ കരാറുണ്ട്. ധനമന്ത്രി രാജിവെയ്ക്കണം, ഇത് അന്വേഷിക്കണം, രാഹുല്‍ ആവശ്യപ്പെട്ടു. 

മല്ല്യയെ അറസ്റ്റ് ചെയ്യാനുള്ള നോട്ടീസ് ഇന്‍ഫൊര്‍മേഷന്‍ നോട്ടീസാക്കി മാറ്റാന്‍ സിബിഐക്ക് മാത്രമേ സാധിക്കൂവെന്നും രാഹുല്‍ ആരോപിച്ചു. ഇത് സിബിഐ സ്വന്തം നിലയില്‍ ചെയ്തതാണോ ആരുടെയെങ്കിലും ഉത്തരവ് പ്രകാരം നടപ്പാക്കിയതാണോ എന്ന് വ്യക്തമാക്കണം, രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 

സര്‍ക്കാരിലെ എല്ലാ കാര്യങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിശ്ചയിക്കുന്നത്. അതുകൊണ്ട് മല്ല്യയെ രാജ്യം വിടാന്‍ അനുവദിച്ചത് ജെറ്റ്‌ലിയാണോ, അതിനുള്ള ഉത്തരവ് പ്രധാമന്ത്രിയാണോ നല്‍കിയത് എന്ന് വരെയുള്ള സംശയങ്ങളും കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉന്നയിച്ചു. രാജ്യം വിടുമെന്ന് ജെറ്റ്‌ലിയോട് മല്ല്യ പറഞ്ഞെങ്കില്‍ ഇത് സിബിഐ, ഇഡി എന്നിവരെ ധനമന്ത്രി അറിയിച്ചില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 

ജെറ്റ്‌ലി നുണ പറയുകയാണ്, സര്‍ക്കാര്‍ പറയുന്നതും നുണയാണ്. മല്ല്യക്ക് സുഖമായി രാജ്യം വിടാന്‍ വഴിയൊരുക്കിയത് ധനമന്ത്രിയാണ്, രാഹുല്‍ ആരോപിച്ചു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.