CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 24 Minutes 29 Seconds Ago
Breaking Now

സുരക്ഷിതത്വത്തിന്റെ നടുവില്‍ നിന്നും അരക്ഷിതത്വത്തിന്റെ നടുവിലേയ്ക്ക്, ഞങ്ങള്‍ ആത്മധൈര്യത്തടും ചങ്കുറപ്പോടും കൂടി ഇറങ്ങി തിരിച്ചതാണ്, ബെന്യാമിന്‍ നിങ്ങള്‍ക്കു തെറ്റി ; വൈറലാകുന്നു ഈ കന്യാസ്ത്രീയുടെ പ്രതികരണം

എഴുത്തുകാരന്‍ ബെന്യാമിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിസ്റ്റര്‍ നവ്യ ജോസിന്റെ പ്രതികരണം വൈറലാകുന്നു. എല്ലാ കന്യാസ്ത്രീകളുടെ ജീവിതവും വിമര്‍ശന വിധേയമാക്കേണ്ടെന്നും ദൈവത്തിന് പ്രിയപ്പെട്ടവരായി കഴിയുന്ന തങ്ങളുടെ ജീവിതം വ്യത്യസ്ഥമാണെന്നും സിസ്റ്റര്‍ വ്യക്തമാക്കുന്നു

പോസ്റ്റിങ്ങനെ

'തെമ്മാടികളായ ചില അച്ചന്മാര്‍ക്ക് കൂത്താടി രസിക്കാനും, കൊന്നു തള്ളാനുമല്ല ദൈവം നിങ്ങള്‍ക്ക് ഒരു പെണ്‍കുട്ടിയെ തന്നതെന്നു ഓര്‍മിക്കണം.  തിരുവസ്ത്രം അണിയിച്ച സ്വന്തം പെണ്മക്കളെ തുടര്‍ന്നും ജീവനോടെ കാണണം എന്നുണ്ടെങ്കില്‍, അവരെ തിരിച്ചു വിളിച്ചു വീട്ടില്‍ കൊണ്ട് വന്നു നിറുത്തണം ' എന്ന എഴുത്തുകാരന്‍ ബെന്യാമിന്റെ പരാമര്‍ശത്തെ അഗ്‌നി ച്ചിറകുള്ള വാക്കുകളായി social media പ്രചരിപ്പിക്കുന്നത് ഈ പാവം കന്യാസ്ത്രീയും കാണുവാന്‍ ഇടയായി. 

 കന്യാസ്ത്രീകളായ പെണ്‍മക്കളെ കുറിച്ച് നിങ്ങള്‍ ഓരോരുത്തരും കാണിക്കുന്ന വലിയ കരുതലും പരിഗണനയും ഈ ദിനങ്ങളില്‍ കണ്‍കുളിര്‍ക്കെ കാണുകയായിരുന്നു. ഒരുപാട് ഒരുപാട് നന്ദി.........  ജനിപ്പിച്ചു വളര്‍ത്തിയ മാതാപിതാക്കളെയും, സ്വന്തം സഹോദരങ്ങളെയും, ജനിച്ച വീടും, കളിച്ചു വളര്‍ന്ന ജന്മദേശവും വിട്ട്, വിളിച്ചവന്റെ (യേശു ക്രിസ്തു )പിന്നാലെ,  അയയ്ക്കപ്പെടുന്ന ദേശങ്ങളിലേക്കു കൂടു വിട്ട്, കൂടു മാറി പറക്കുമ്പോള്‍... ...ആര്‍ക്കു വേണ്ടി സ്വന്തമായതെല്ലാം ത്യജിച്ചുവോ, നേട്ടങ്ങള്‍ എല്ലാം നിഷേധിച്ചുവോ, അവരുടെ മനസ്സില്‍ ഞങ്ങളെ കുറിച്ച് വലിയ കരുതലും സ്‌നേഹവും ഉണ്ട് എന്ന തിരിച്ചറിവ് തീര്‍ച്ചയായും ധന്യതയുടെ നിമിഷങ്ങള്‍ തന്നെ ആണ്.  

എന്നാല്‍ പ്രിയപ്പെട്ട ബെന്യാമിന്‍,  താങ്കള്‍ക്കു തെറ്റി.....??

 സുരക്ഷിതത്വത്തിന്റെ നടുവില്‍ നിന്നും അരക്ഷിതത്വത്തിന്റെ നടുവിലേയ്ക്ക്, ഞങ്ങള്‍ ആത്മധൈര്യത്തടും ചങ്കുറപ്പോടും കൂടി ഇറങ്ങി തിരിച്ചതും,  ഇന്നും ആത്മസംതൃപ്തിയോടെ ജീവിക്കുന്നതും , ഞങ്ങളെ സംരക്ഷിക്കാന്‍ മാര്‍പ്പാപ്പായും മെത്രാന്‍മാരും വൈദികരും നാട്ടുകാരും നിയമ വ്യവസ്ഥയും ഉണ്ടെന്ന ഉറപ്പിലല്ല.  മറിച്ച്,  ജീവിതത്തിലും മരണത്തിലും മരണാനന്തരവും എന്നെ  സംരക്ഷിക്കാന്‍ , ജീവന്‍  നല്‍കി എനിക്കു വേണ്ടി നിലനില്‍ക്കുന്ന ക്രിസ്തുവിന്റെ സ്‌നേഹം ആത്മാവിന്റെ അന്തരാളങ്ങളില്‍ ബലമായി  അഗ്‌നിയായി ആളിക്കത്തുന്നതു കൊണ്ടു മാത്രമാണ് .  തെമ്മാടികളായ അച്ചന്മാര്‍ക്ക്, കൂത്താടി രസിക്കാനും കൊന്നു തള്ളാനും വേണ്ടി, വിട്ടു കൊടുക്കാനുള്ള ഒരു ശരീരം ഞങ്ങള്‍ക്ക് ഇല്ല. മറിച്ച് അള്‍ത്താരക്ക്  മുമ്പില്‍  ക്രിസ്തുവിന്റെ മൗതീക ശരീരമായ സഭാ കൂട്ടായ്മയുടെ മുന്നില്‍ നിശ്ചയദാര്‍ഢ്യത്തോടെ , പൂര്‍ണ അറിവോടെയും സമ്മതത്തോടെയും ഞങ്ങള്‍ സ്വയം നടത്തിയ വ്രതവാഗ്ദാനം അതിന്റെ പൂര്‍ണതയില്‍ ജീവിച്ച്, ഈ ലോകത്തിലും  വരാനിരിക്കുന്ന സ്വര്‍ഗീയ ജീവിതത്തിലും ഞങ്ങളെയും ക്രിസ്തുവിനെയും തമ്മില്‍ ബന്ധപ്പിക്കുന്ന ആത്മീയ ജീവിതത്തിന്റെ പൂര്‍ണത നുകരാന്‍ ഞങ്ങള്‍ ചെക്കെറുന്ന, ദൈവം കുടി കൊള്ളുന്ന ആലയം ആണ് ഈ ശരീരം.  ഈ വ്രതശുദ്ധി എനിക്കു എന്റെ മണവാളന്‍ ആയ ക്രിസ്തുവിനോടുള്ള വിശ്വസ്തതയാണ്.  

 ലൗകീക സുഖങ്ങളുടെ മാസ്മരികതയില്‍ ആടിതിമര്‍ക്കുന്ന ഈ ന്യൂ ജെന്‍ യുഗത്തില്‍ ഇത്തരം ഒരു ജീവിതം തിരഞ്ഞെടുത്തത്, ഞങ്ങള്‍ അന്ധരും, മൂകരും, ബുദ്ധിയില്ലാത്തവരും ആയതു കൊണ്ടല്ല.  അതി  ശ്രേഷ്ഠമായ  നിധി നേടാന്‍ ആകര്‍ഷകമായതും, സാധ്യമായതും വേണ്ടാ എന്നു വയ്ക്കാന്‍ ലഭിച്ച തന്റേടവും ആത്മ ധൈര്യവും ദീര്‍ഘ വീക്ഷണവുമാണ് ഞങ്ങളെ ഇതിനു പ്രാപ്തിയുള്ളവരാക്കിയത്. അതിനാല്‍ തന്നെ തോന്നുന്നവര്‍ക്കൊക്കെ കയറി നിരങ്ങാന്‍ പറ്റുന്ന ഇടം ആയി സ്വന്തം ശരീരത്തെ  അധ:പതിപ്പിക്കാതെ കാത്തു സുക്ഷിക്കാന്‍ തക്ക വിധം  എങ്ങനെ ജീവിതം ക്രമപ്പെടുത്തണമെന്ന്  ഞങ്ങള്‍ക്ക് അറിയാം. 

 വിവേകത്തോടും, വ്യക്തമായ ധാര്‍മിക കാഴ്ചപ്പാടുകളോടും, വ്യക്തിത്വ സമഗ്രതയോടെയും ജീവിക്കുന്ന ഒരു സന്യാസിനിക്കും ഇന്നു വരെ നീതിക്കു വേണ്ടി തെരുവില്‍ ഇരിക്കാന്‍ ഇടവന്നിട്ടില്ല.  കാരണം അസഭ്യമായ നോട്ടത്തെയും , വാക്കുകളെയും, സ്പര്‍ശനത്തെയും, സാഹചര്യങ്ങളെയും  തിരിച്ചറിയാനും ഒഴിവാക്കാനുമുള്ള ശേഷി ഏതൊരു സ്ത്രീക്കും ജന്മസിദ്ധമാണ്.  അത് ഒരു ഭരണ ഘടനയോ, മത സാംസ്‌കാരിക നേതൃത്വങ്ങളോ ഞങ്ങള്‍ക്ക് ഉറപ്പു വരുത്തേണ്ടതല്ല. മറിച്ചു സ്ത്രീക്ക് സ്ത്രീയോട് തന്നെയുള്ള പവിത്രമായ സമീപനത്തില്‍ നിന്നും ഉളവാകുന്ന പ്രകൃതിദത്തവും ദൈവീകവുമായ ഒരു കഴിവാണത്.  അല്ലയോ പുരുഷന്മാരെ ധാര്‍മിക ബോധവും ചങ്കുറപ്പുമുള്ള ഏതെങ്കിലും സ്ത്രീയെ മ്ലേശ്ചമായ വികാരങ്ങളോടെ നോക്കുവാനോ സമീപിക്കുവാനോ സ്പര്‍ശിക്കുവാനോ നിങ്ങള്‍ക്കു കഴിയുമോ????  ഇല്ല നിങ്ങള്‍ക്ക് അതിനു കഴിയില്ല..... ഇവിടെയാണ് ഞങ്ങള്‍ ഞങ്ങളുടെ സുരക്ഷിതത്വത്തിന്റെ ആഴം ഞങ്ങളില്‍ തന്നെ  തിരിച്ചറിയുന്നതു......  എല്ലാറ്റിനും ഉപരി ഞാന്‍ ക്രിസ്തുവിന്റെ മണവാട്ടി ആയതിനാല്‍ മറ്റാരേക്കാളും ഉപരി അവന്‍ എനിക്ക് വേണ്ടി നിലനില്‍ക്കുക തന്നെ ചെയ്യും എന്നതിലുപരി എനിക്കു മറ്റൊരു ശരണവുമില്ല.  

അതിനാല്‍ എന്റെ പ്രിയപ്പെട്ട മാതാപിതാക്കള്‍ക്കും സഹോദരി സഹോദരന്മാര്‍ക്കുമായി ബെന്യാമിന്റെ വാക്കുകള്‍ ഞാന്‍ ഇവിടെ തിരുത്തികുറിക്കുന്നു....  

 മാതാപിതാക്കളെ നിങ്ങള്‍ ഭയപ്പെടേണ്ട...... തെമ്മാടികളും, സാമൂഹിക വിരുദ്ധരും, മതവിരോധികളും, വൈദീകരും, മെത്രാന്‍മാരും എത്ര ശ്രമിച്ചാലും ഈ പവിത്ര ശരീരം മലിനമാക്കാനോ കൊല ചെയ്യാനോ കഴിയില്ല.  എന്നാല്‍ എന്റെ കണ്ണിലെ വിശുദ്ധി മങ്ങുമ്പോള്‍.. .. എന്റെ ഉള്ളിലെ ആത്മീയ സ്‌നേഹത്തിന്റെ അഗ്‌നി അണയുമ്പോള്‍..... എന്റെ പവിത്ര ശരീരം വിലമതിക്കുവാന്‍ എന്നില്‍ തന്നെ എനിക്കു കഴിയാതെ വരുമ്പോള്‍......  ആര്‍ക്കും ഈ ശരീരം യഥേഷ്ടം കൂത്താടി രസി ക്കാന്‍ പറ്റും. 

 അതിനാല്‍ ഞങ്ങളെ ജീവനോടെ കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഞങ്ങളെ വീടുകളിലേക്ക് അല്ല തിരികെ കൊണ്ട് പോകേണ്ടതു, മറിച്ചു സ്‌നേഹത്തിന്റെ പൂര്‍ണ്ണതയായ ക്രിസ്തുവിന്റെ ചങ്കിലേയ്ക്ക് നിങ്ങള്‍ ഞങ്ങളെ നിരന്തരം ചേര്‍ത്തു വയ്ക്കണം....... ചേര്‍ന്നു നില്‍ക്കാന്‍ പ്രേരിപ്പിക്കണം...... അപ്പോള്‍ ഞങ്ങളും ജീവിക്കും വിശുദ്ധിയ്ക്കു വേണ്ടി ഉള്ള അതീവ ദാഹത്തോടെ, ആര്‍ക്കും തരാന്‍ പറ്റാത്ത ഹൃദയ ആനന്ദത്തോടെ, ആരും കൊതിക്കുന്ന ആത്മീയ വശ്യതയോടെ, അവിടെ ഞങ്ങള്‍ക്കു മരണത്തെ ഭയമില്ല....... കാരണം ഞങ്ങള്‍ മരിക്കുന്നെങ്കില്‍ അത് വിശുദ്ധിക്കു വേണ്ടി ആയിരിക്കും, വിശുദ്ധിയുടെ  സൗരഭ്യത്തോടെ ആയിരിക്കും.  നീതി കിട്ടാതെ ആയിരിക്കില്ല നീതിയുടെ പൂര്‍ണ്ണതയോടെ ആയിരിക്കും. നിങ്ങള്‍ക്ക് ഈ വാക്കുകളുടെ ആഴം ഗ്രഹിക്കാനാവും എന്ന് ഞങ്ങള്‍ക്കറിയാം എന്നാല്‍ എന്തിനും ഏതിനും ലൗകീകതയുടെ അഭ്രപാളികളില്‍ ഉത്തരം തിരയുന്ന നമ്മുടെ പൊതു സമൂഹത്തിനു ഈ വാക്കുകളിലെ അഗ്‌നി എത്ര മാത്രം അനുഭവിക്കാന്‍ കഴിയുമെന്ന് അറിയില്ല..... എങ്കിലും അതില്‍ പരാതി ഇല്ല..... ഞങ്ങള്‍ സുരക്ഷിതരാണ്...

Sr. Navya ജോസ് CMC




കൂടുതല്‍വാര്‍ത്തകള്‍.