Breaking Now

മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ കേരളത്തെ സഹായിക്കുവാനുള ചാരിറ്റി സംഗീത സംഗീത സായാഹ്നത്തിലേക്ക് നിങ്ങളും എത്തില്ലേ... ഓണാഘോഷ പരിപാടികള്‍ നാളെ ഫോറം സെന്ററില്‍...

മാഞ്ചസ്റ്റര്‍: യു കെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ( എം.എം.സി.എ) കേരളത്തിലെ പ്രളയ ദുരന്ത ബാധിതരെ സഹായിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന ഓണാഘോഷ പരിപാടികളും ചാരിറ്റി സംഗീത സായാഹ്നവും നാളെ വിഥിന്‍ഷോ ഫോറം സെന്ററില്‍ വച്ച് നടക്കും. എം.എം.സി.എയുടെ  ഓണാഘോഷ പരിപാടികളും പതിനഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനവും തികച്ചും ലളിതമായി നടത്തി കേരളത്തിലെ പ്രളയ ദുരിതബാധിതരെ സഹായിക്കുവാന്‍ ഫണ്ട് ശേഖരിക്കുകയാണ് ലക്ഷ്യം. പാഷാണം ഷാജിയുടെ സംഘത്തിന്റെ  സ്റ്റേജ് ഷോയും മറ്റ് പരിപാടികളും ഓണസദ്യയും  ആര്‍ഭാടമായി നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍  മറ്റ് സംഘടനകള്‍ക്ക് മാതൃകയായി ഓണാഘോഷവും ഒരു വര്‍ഷം നീണ്ട് നില്ക്കുന്ന പതിനഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനവും തികച്ചും ലളിതമായി നടത്തി ബാക്കി ലഭിക്കുന്ന തുക ദുരന്തമുഖത്ത് വിറങ്ങലിച്ച് നില്‍ക്കുന്ന നമ്മുടെ സഹോദരങ്ങളെ സഹായിക്കുവാന്‍ ടീം എം.എം.സി.എ  തീരുമാനിച്ചപ്പോള്‍ മുഴുവന്‍ അംഗങ്ങളും ഒറ്റക്കെട്ടായി തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ് ചെയ്തത്.   കേരളത്തില്‍ ഉണ്ടായ മഹാപ്രളയത്തിന്റെ സാഹചര്യത്തില്‍ ദുരന്തബാധിതര്‍ക്ക് ഒരു കൈത്താങ്ങാകുവാന്‍ സ്റ്റേജ് ഷോ റദ്ദാക്കുകയും, ഓണസദ്യയും മറ്റ് കലാ പരിപാടികളും ലളിതമായി നടത്തി ലഭിക്കുന്ന തുക വിഷമമനുഭവിക്കുന്നവരെ സഹായിക്കുവാന്‍ ടീം എം.എം.സി.എ തീരുമാനിക്കുകയായിരുന്നു.

കേരളത്തിലെ ദുരിതബാധിതരെ സഹായിക്കുവാന്‍ വൈകുന്നേരം 4 മുതല്‍ യു കെയിലെ പ്രശസ്ത ഗായകര്‍ പങ്കെടുക്കുന്ന റെക്‌സ് ജോസ്, റോയ് മാത്യു, ബെന്നി, ഷിബു, ഷാജു  ഉതുപ്പ്, രഞ്ജിത്ത് ഗണേഷ്, തുടങ്ങിയ യു കെയിലെ മികച്ച ഗായകര്‍ ഉള്‍പ്പെടുന്ന  സംഗീത സായാഹ്നവും, മാഞ്ചസ്റ്റര്‍ മേളം അവതരിപ്പിക്കുന്ന ചെണ്ടമേളം, അശോക് ഗോവിന്ദിന്റെ ഹാസ്യവും  മറ്റ് കലാപരിപാടികളും ചേര്‍ന്നാണ് ചാരിറ്റി സംഗീത സായാഹ്നം സംഘടിപ്പിച്ചിട്ടുള്ളത്. പ്രവേശനം സൗജന്യമാക്കിയിട്ടുള്ള പരിപാടികള്‍ കാണുവാനും ആസ്വദിക്കുവാനും  ഏവര്‍ക്കും സൗകര്യം ഉണ്ടായിരിക്കും.. സുമനസുകള്‍ക്ക് ചാരിറ്റി ഫണ്ടിലേക്ക് തങ്ങളാല്‍ കഴിയുന്ന തുക സoഭാവന നല്‍കാവുന്നതാണ്. ഹാളില്‍ പ്രത്യേകം തയ്യാറാക്കിയ ചാരിറ്റി ബോക്‌സില്‍ പരിപാടിക്കെത്തുന്നവര്‍ക്ക് തുക നിക്ഷേപിക്കാവുന്നതാണ്.

എം.എം.സി എ യുടെ ഓണാഘോഷ പരിപാടികള്‍ രാവിലെ പതിനൊന്നിന് പൂക്കളമിട്ട്, ഇന്‍ഡോര്‍ മത്സരങ്ങളോടെ ഫോറം സെന്ററ്റല്‍ ആരംഭിക്കും. അംഗങ്ങള്‍ക്കായി എം.എം.സി.എ ടോഫിക്കും അലീഷാ ജിനോ മെമ്മോറിയല്‍ ട്രോഫിക്കും വേണ്ടിയുമുള്ള വടംവലി മത്സരവും തുടര്‍ന്ന് ലളിതമായ ഓണസദ്യയും ഉണ്ടായിരിക്കും.

വൈകിട്ട് 3 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം യുകെയിലെ ഉന്നത സിവില്‍ സര്‍വ്വീസുകാരനായ ഡോ.അനൂജ് മാത്യു ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് അലക്‌സ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിക്കും. വിഥിന്‍ഷോ & സെയില്‍ എം.പി. മൈക്ക് കേന്‍, യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സിലര്‍മാരായ മുന്‍ മേയര്‍ എഡ്ഡി ന്യൂമാന്‍, സാറാ ജഡ്ജ്ജ്, ബ്രയാന്‍ ഒ നീല്‍ തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ ആശംസകള്‍ അര്‍പ്പിക്കും. സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ ട്രഷറര്‍ സാബു ചാക്കോ നന്ദി രേഖപ്പെടുത്തും. യോഗത്തില്‍ വച്ച് മുന്‍ പ്രസിഡന്റുമാരെ ആദരിക്കും. ജി.സി.എസ്.ഇ യിലേയും എ ലെവലിയേയും വിജയികള്‍ക്ക് അവാര്‍ഡുകളും സമ്മാനങ്ങളും, അസോസിയേഷന്റെ കഴിഞ്ഞ വര്‍ഷത്തെ ശിശുദിനാഘോഷ മത്സരങ്ങളുടെയും, കായിക മത്സരങ്ങളിലെയും വിജയികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്യും. തുടര്‍ന്ന് അസോസിയേഷന്‍ ഡാന്‍സ് സ്‌കൂളിലെ കുട്ടികളുടെയും, അംഗങ്ങളുടെയും കലാപരിപാടികള്‍ ഉണ്ടായിരിക്കും.

വൈകുന്നേരം 4 മണിക്ക് യുകെയിലെ പ്രമുഖ കലാകാരന്‍മാര്‍ അണിനിരക്കുന്ന സംഗീത സായാഹ്നവും മറ്റ് പരിപാടികളും ഉണ്ടായിരിക്കും. ചാരിറ്റി ഫണ്ട് ശേഖരണാര്‍ത്ഥം സംഘടിപ്പിക്കുന്ന പരിപാടിയില്‍ മാഞ്ചസ്റ്റര്‍ മേളം അവതരിപ്പിക്കുന്ന ചെണ്ടമേളം ഉള്‍പ്പെടെ നിരവധി കലാപരിപാടികള്‍ ഉണ്ടായിരിക്കും. പ്രത്യേകം ടിക്കറ്റ് വയ്ക്കാതെ പൊതു ജനങ്ങള്‍ക്കായി നടത്തുന്ന പരിപാടിയില്‍  സംബന്ധിക്കുന്നവര്‍ സ്വമനസാലെ നല്‍കുന്ന സംഭാവനകള്‍ സ്വീകരിക്കുന്നതാണ്. ഹാളില്‍ മിതമായ നിരക്കില്‍ ലഘുഭക്ഷണവും ചായയും മറ്റ് ഡ്രിംഗ്‌സുകളു ലഭിക്കുന്നതാണ്.

എം.എം.സി.എയുടെ ചാരിറ്റി സംഗീത സായാഹ്നവും  ഓണാഘോഷ  പരിപാടികളും വന്‍വിജയമാക്കുവാന്‍ എല്ലാവരേയും ടീം എം.എം.സി.എ യ്ക്ക് വേണ്ടി സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ചെയ്യുന്നു.

 
കൂടുതല്‍വാര്‍ത്തകള്‍.