CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 51 Minutes 34 Seconds Ago
Breaking Now

എന്‍എച്ച്എസ് ജീവനക്കാര്‍ ഓണ്‍ലൈനില്‍ അധികം കിടന്ന് വിലസേണ്ട; അഭിപ്രായം തുറന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ എത്തിയാല്‍ പണി ഇരന്ന് വാങ്ങാം; അച്ചടക്കനടപടിയില്‍ ജോലി നഷ്ടപ്പെട്ടവരില്‍ നഴ്‌സുമാരും, ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റുമാരും; ആയിരങ്ങള്‍ക്ക് താക്കീത്

വാട്‌സ്ആപ്പാണ് എന്‍എച്ച്എസ് ജീവനക്കാരുടെ പ്രധാന മെസേജിംഗ് ആപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍ രണ്ടാം സ്ഥാനത്തുണ്ട്

ഇത് സോഷ്യല്‍ മീഡിയയുടെ ലോകമാണ്. മനസ്സില്‍ തോന്നുന്ന അഭിപ്രായങ്ങള്‍ ആര്‍ക്കും തുറന്നെഴുതാന്‍ സ്വാതന്ത്ര്യം നല്‍കുന്നതാണ് സോഷ്യല്‍ മീഡിയ സൈറ്റുകളെന്ന് ആളുകള്‍ പുളകം കൊള്ളുന്നു. പൊതുകക്കൂസുകളുടെ ചുവരുകള്‍ പോലെയാണ് സോഷ്യല്‍ മീഡിയയെന്ന് വിവരമുള്ളവര്‍ പറഞ്ഞത് ആവശ്യവും, അനാവശ്യവും എഴുതിത്തള്ളി രസിക്കുന്നവരുടെ രീതി കണ്ടുകൊണ്ട് തന്നെയാണ്. എന്നാല്‍ ഈ സ്വാതന്ത്ര്യം എന്‍എച്ച്എസ് ജീവനക്കാര്‍ ആസ്വദിച്ചാല്‍ എന്താകും പരിണിത ഫലം? സംഗതി അത്ര നന്നാകില്ലെന്നതാണ് വാസ്തവം.

സോഷ്യല്‍ മീഡിയയിലും, മെസേജിംഗ് ആപ്പുകളും വഴി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി ഇതുവരെ അച്ചടക്ക നടപടികളും, താക്കീതും നേരിട്ടത് ആയിരത്തിലേറെ എന്‍എച്ച്എസ് ജീവനക്കാര്‍ക്കാണ്. വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയയില്‍ അധികം സോഷ്യലായതിന് 65 ജീവനക്കാര്‍ക്കെങ്കിലും ജോലി നഷ്ടമായെന്നാണ് യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് വ്യക്തമാക്കിയത്. മാന്യതയ്ക്ക് നിരക്കാത്ത ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ 1200 ജീവനക്കാര്‍ക്ക് അച്ചടക്ക നടപടി നേരിടേണ്ടി വന്നിട്ടുണ്ട്.

രോഗികളുടെ വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതും, സഹജീവനക്കാരെക്കുറിച്ച് പരാതി പറയുന്നതും, മദ്യപാനത്തെക്കുറിച്ച് ഗോസിപ്പ് അടിക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കാണ് നടപടി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ യോര്‍ക്ക്ഷയര്‍ ആംബുലന്‍സ് സര്‍വ്വീസ് 62 പേര്‍ക്കെതിരെയാണ് അച്ചടക്കനടപടിക്ക് വിധേയമാക്കിയത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ സൗത്താംപ്ടണ്‍ എന്‍എച്ച്എസ് ഫൗണഅടേഷന്‍ ട്രസ്റ്റ് 47 കേസുകളും, മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് 37 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ട്വിറ്ററില്‍ രോഗികളെക്കുറിച്ച് തമാശ പറഞ്ഞതിനും, ജോലി മടുത്തെന്നും വിധിയെഴുതിയ രണ്ട് നഴ്‌സുമാരും, ഒരു ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റും പുറത്താക്കിയവരില്‍ പെടുന്നു. എന്‍എച്ച്എസ് ജീവനക്കാരുടെ സോഷ്യല്‍ മീഡിയ ഉപയോഗം നേരത്തെ മുതല്‍ നിരീക്ഷണത്തിന് വിധേയമായിട്ടുണ്ട്. വാട്‌സ്ആപ്പാണ് എന്‍എച്ച്എസ് ജീവനക്കാരുടെ പ്രധാന മെസേജിംഗ് ആപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍ രണ്ടാം സ്ഥാനത്തുണ്ട്. രോഗികളെ പരിചരിക്കുന്നതില്‍ ഇത്തരം ആപ്പുകള്‍ സുപ്രധാനമാണെന്ന് ജീവനക്കാര്‍ വാദിക്കുന്നു. എന്തായാലും സോഷ്യല്‍ മീഡിയ ഉപയോഗം സൂക്ഷിച്ചില്ലെങ്കില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ ദുഃഖിക്കേണ്ടി വരുമെന്നതാണ് അവസ്ഥ.




കൂടുതല്‍വാര്‍ത്തകള്‍.